1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ
സ്വർണത്തിന്റെ വില എപ്പോൾ ഒന്നര ലക്ഷത്തിലേക്കും 2 ലക്ഷത്തിലേക്കും എത്തും എന്ന് ഭയന്നിരിക്കുകയായിരുന്നു നമ്മൾ. ഇറാൻ-ഇസ്രായേൽ യുദ്ധ വാർത്തകൾ വന്ന് തുടങ്ങിയതോടെ സ്വർണത്തിന്റെ വില പിടിച്ചാൽ കിട്ടാത്ത തരത്തിൽ കുതിച്ച് പൊങ്ങുമെന്നും കരുതി.
എന്നാൽ സ്വർണവില താഴേക്ക് പോകുന്ന കാഴ്ചയാണ് ഏതാനും ദിവസങ്ങളായി വിപണിയിൽ കാണുന്നത്. വില കുറഞ്ഞ ഈ സാഹചര്യത്തിൽ സ്വർണം വാങ്ങാൻ കാത്ത് നിന്നവരൊക്കെ ജ്വല്ലറികളിലേക്ക് പോകാനുളള ആലോചനയിലാണ്. എന്നാൽ ഇപ്പോൾ സ്വർണം വാങ്ങുന്നത് ബുദ്ധിയല്ലെന്നാണ് സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ് പറയുന്നത്. അതിന് കാരണമുണ്ട്.
ഡോ. മേരി ജോർജിന്റെ വാക്കുകൾ: '' സ്വര്‍ണത്തിന്റെ വിലയില്‍ ഇപ്പോള്‍ അല്‍പം കുറവ് വന്നിട്ടുണ്ട്. രൂപയുടെ വില റെക്കോര്‍ഡ് തകര്‍ച്ചയിലാണ്. ഡോളറിന്റെ മൂല്യം വര്‍ധിച്ചിരിക്കുന്നു. അപ്പോള്‍ സ്വര്‍ണത്തിന്റെ മൂല്യത്തില്‍ വര്‍ധനവ് ഉണ്ടാകില്ല. ഡോളറിന്റെ മൂല്യം ഇടിയുക, സ്‌റ്റോക്ക് മാര്‍ക്കറ്റിലെ സെന്‍സെക്‌സോ നിഫ്റ്റിയോ ഇടിയുമ്പോഴാണ് സ്വര്‍ണത്തിന് വില കൂടുക. ഇപ്പോള്‍ നിഫ്റ്റിയും സെന്‍സക്‌സും പോസിറ്റീവാണ്.

അതിന് അര്‍ത്ഥം വിദേശ-സ്വദേശ മൂലധനം ഓഹരി മാര്‍ക്കറ്റില്‍ വരുന്നുണ്ട്. അവിടെ ആത്മവിശ്വാസം കൂടി വരുന്നുണ്ട്. അതായത് യുദ്ധം കുറച്ച് അയഞ്ഞ് വരുന്നു. അതോടെ ഓഹരി കമ്പോളത്തിലുളള വിശ്വാസം വര്‍ധിക്കുന്നു. അതുകൊണ്ടാണ് മൂലധനം ഒഴുകി എത്തുന്നത്.
അതുപോലെ തന്നെ ഫെഡറല്‍ റിസര്‍വ് തല്‍ക്കാലം നിരക്ക് കൂട്ടിയിട്ടുമില്ല, കുറച്ചിട്ടുമില്ല. ആ അവസ്ഥയില്‍ ഡോളറിന്റെ മൂല്യം വര്‍ധിക്കുകയല്ലാതെ താഴേക്ക് പോവുകയില്ല. അതുകൊണ്ടാണ് സ്വര്‍ണത്തിന്റെ വിലയില്‍ കുറച്ച് കുറവുളളത്. അമേരിക്കയും ഇസ്രായേലും ഇറാനും വലിയ പ്രഹരം പരസ്പരം നല്‍കാത്ത പക്ഷം യുദ്ധം തണുത്ത് തുടങ്ങിയിരിക്കുന്നു എന്ന ധാരണ ആഗോള തലത്തിലുണ്ടാകും. അതോടെ യുഎസ് ഡോളറും ഓഹരി വിപണിയും ശക്തി പ്രാപിക്കും. അപ്പോള്‍ സ്വര്‍ണത്തിന്റെ വില കുറച്ച് കൂടി താഴേക്ക് വരും.
ഉപഭോക്താക്കള്‍ കുറച്ച് കൂടി കാത്തിരിക്കുക. ഈ യുദ്ധ സാഹചര്യം ഒഴിവായാല്‍ സ്വര്‍ണത്തിന്റെ വില 1 ലക്ഷത്തിന് താഴേക്ക് പോകും. അങ്ങനെ വരുമ്പോള്‍ വിവാഹ ആവശ്യക്കാര്‍ക്കൊക്കെ അത് ആശ്വാസമാവും. ഇപ്പോഴത്തെ യുദ്ധ സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങാതിരിക്കുക എന്നത് തന്നെയാണ് പറയാനുളളത്. സ്വര്‍ണപ്പണിക്കാര്‍ മാത്രമല്ല, ചെരിപ്പും ബാഗും അടക്കമുളള തുകല്‍ നിര്‍മ്മാണ മേഖലയിലും ഡിമാന്‍ഡ് താഴേക്ക് പോയിരിക്കുകയാണ്. വസ്ത്ര വ്യാപാര മേഖലയിലും വന്‍ തിരിച്ചടിയാണ്. ലക്ഷക്കണക്കിന് തൊഴില്‍രഹിതരാണ് ഉണ്ടായിരിക്കുകന്നത്. ബജറ്റില്‍ അവര്‍ക്ക് സഹായം കൊടുത്തിരിക്കുകയാണ്.
സാമ്പത്തിക മേഖലയില്‍ വലിയ സ്തംഭനം ആണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക മേഖലയിലെ ഒരു ഭാഗം മാത്രമായാണ് സ്വര്‍ണപ്പണിക്കാരുടെ ജോലി പോകുന്നത്. അതിനൊക്കെ സര്‍ക്കാര്‍ ഒരു പരിഹാരം കാണണം. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഏതെങ്കിലും തരത്തിലുളള ആനുകൂല്യങ്ങള്‍ അവരുടെ കമ്പനികളില്‍ നിന്ന് തന്നെ വാങ്ങിക്കൊടുക്കണം. അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും സഹകരിക്കണം. യുദ്ധം ജനങ്ങള്‍ കൊണ്ട് വന്നതല്ല. കേന്ദ്രവും കമ്പനികളും തൊഴിലാളികളെ സഹായിക്കാന്‍ ബാധ്യസ്ഥരാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഇതേ അവസ്ഥയാണ്. സമസ്ഥ മേഖലകളിലും പ്രതിസന്ധിയുണ്ട്. യുദ്ധം അവസാനിച്ച് പ്രതിസന്ധി കുറയുമ്പോള്‍ സ്വര്‍ണത്തിന്റെ വില താഴേക്ക് തന്നെ വരും''.












Click it and Unblock the Notifications