കൃഷ്ണപ്രസാദും സഹോദരനും മര്‍ദിച്ചെന്ന് ഡോക്ടറുടെ പരാതി; 'രാഷ്ട്രീയപ്രേരിതം': നടന്‍ പറയുന്നത്
കോട്ടയം: നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദും സഹോദരനും ചേര്‍ന്ന് മര്‍ദിച്ചെന്ന പരാതിയുമായി കോട്ടയത്തെ ഡോക്ടര്‍. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലാണ് നടനെതിരേ പരാതി നല്‍കിയത്. കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ ബി ശ്രീകുമാര്‍ ആണ് പരാതിക്കാരന്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഡോക്ടര്‍ പുറത്തുവിട്ടിട്ടുണ്ട്. കൃഷ്ണപ്രസാദിന്റെ സഹോദരന്‍ കൃഷ്ണകുമാര്‍ ചങ്ങനാശേരി നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ ആണ്.
കോട്ടയം നഗരത്തിലാണ് ഡോക്ടര്‍ താമസിക്കുന്നത്. ചങ്ങനാശേരി പെരുന്ന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരില്‍ സ്ഥലമുണ്ട്. ഇവിടെ ഡോക്ടര്‍ ശ്രീകുമാര്‍ പുതിയ വീട് പണിയുന്നുണ്ട്. ഈ സ്ഥലത്തിനു തൊട്ടടുത്താണ് കൃഷ്ണപ്രസാദിന്റെ വീട്.
വീട് നിര്‍മാണത്തിന്റെ ഭാഗമായി തൊഴിലാളികള്‍ കല്ല് കെട്ടിയപ്പോള്‍ കൃഷ്ണകുമാര്‍ തടയുകയും കല്ലു കെട്ടിയാല്‍ പൊളിച്ചു നീക്കും എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വിവരമറിഞ്ഞ് ഡോക്ടറും സ്ഥലത്തെത്തി. മലിനജലം ഒഴുകിപ്പോകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. തര്‍ക്കം ഉണ്ടായപ്പോള്‍ ഡോക്ടര്‍ ശ്രീകുമാര്‍ അത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതായി കൃഷ്ണപ്രസാദ് ആരോപിച്ചു. വീഡിയോ പകര്‍ത്തുന്നത് എന്തിനാണെന്ന് ചോദിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതായും ഡോക്ടര്‍ ആരോപിക്കുന്നത് പോലെ മര്‍ദനം നടന്നിട്ടില്ലെന്നുമാണ് കൃഷ്ണപ്രസാദ് പറയുന്നത്.

സ്ഥലത്തിനു സമീപത്തു കൂടി മലിനജലം ഒഴുകുന്ന ഓട നികത്താനുള്ള ഡോക്ടറുടെ ശ്രമമാണ് ചോദ്യം ചെയ്തതെന്നും നിയമലംഘനം നടന്നിട്ടുണ്ടെന്നുമാണ് കൃഷ്ണകുമാര്‍ ആരോപിക്കുന്നത്. വില്ലേജ് ഓഫീസറും കൃഷ്ണപ്രസാദിനൊപ്പം ഉണ്ടായിരുന്നു.
മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച ഡോക്ടര്‍ ശ്രീകുമാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം ഉള്ളതിനാലാണ് തനിക്കെതിരെ പരാതി വന്നതെന്ന് കൃഷ്ണപ്രസാദ് പറഞ്ഞു. മലിനജലം ഒഴുകുന്ന ഓട നികത്തുന്നതില്‍ സ്ഥലത്തെ നാല്‍പതോളം കുടുംബങ്ങള്‍ക്ക് ഡോക്ടര്‍ക്ക് എതിരെ പരാതിയുണ്ട്. വയല്‍ നികത്തിയാണ് വീടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും കൃഷ്ണപ്രസാദ് ആരോപിച്ചു.












Click it and Unblock the Notifications