അത്തരത്തിലൊരു മരണം ഉണ്ടാകും, നിശ്ചയമാണ്... മുരളി തുമ്മാരുകുടിയുടെ വാക്കുകള്‍ വീണ്ടും സത്യമായി
കൊച്ചി: കൊട്ടാരക്കരയില്‍ പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ദുരന്തനിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. സമാനമായ ഒരു മരണം അദ്ദേഹം ഏപ്രില്‍ ഒന്നിലെ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന അക്രമം സൂചിപ്പിച്ചായിരുന്നു അന്നത്തെ പോസറ്റ്.
സമാനമായ രീതിയില്‍ ജലദുരന്തത്തെ കുറിച്ചും മുരളി തുമ്മാരുകുടി നേരത്തെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കേരളത്തില്‍ ഏത് സമയവും ദുരന്തമുണ്ടാകാമെന്ന മുന്നറിയിപ്പായിരുന്നു പോസ്റ്റില്‍. എന്നാണ് കേരളത്തില്‍ വലിയ ഹൗസ് ബോട്ട് അപകടം ഉണ്ടാകാന്‍ പോകുന്നത് എന്ന് ചോദിച്ചായിരുന്നു പോസ്റ്റ്. താനൂര്‍ ദുരന്തത്തിന്റെ സാഹചര്യത്തില്‍ ഈ പോസ്റ്റ് വലിയ ചര്‍ച്ചയായി.

ഇപ്പോള്‍ കൊട്ടാരക്കരയില്‍ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം ഉണ്ടായിരിക്കെ അദ്ദേഹത്തിന്റെ പഴയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. ലഹരിക്ക് അടിമയായ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് പോലീസുകാര്‍ കൊണ്ടുവന്നപ്പോഴാണ് ആക്രമണം നടന്നത്. പോലീസുകാരെ ആക്രമിച്ച ശേഷം പ്രതി ഡോക്ടറെ അഞ്ച് തവണ കുത്തുകയായിരുന്നു. ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് ആരോഗ്യമേഖല സ്തംഭിച്ചിരിക്കുകയാണ്.
തന്റെ പഴയ വാക്കുകള്‍ സൂചിപ്പിച്ച് മുരളി തുമ്മാരകുടി ഇന്ന് ചില കാര്യങ്ങള്‍ കൂടി പങ്കുവച്ചു. അതിങ്ങനെയാണ്...
അതും സംഭവിക്കുമ്പോള്‍
'മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരാണ് കേരളത്തില്‍ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാല്‍ ഇതുവരെ ഇത്തരത്തില്‍ ഒരു മരണം ഉണ്ടായിട്ടില്ല.
അത് ഭാഗ്യം മാത്രമാണ്. അത്തരത്തില്‍ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്.
ഇപ്പോള്‍, 'ചില ഡോക്ടര്‍മാര്‍ അടി ചോദിച്ചു വാങ്ങുകയാണ്' എന്നൊക്കെ പറയുന്നവര്‍ അന്ന് മൊത്തമായി കളം മാറും. സമൂഹത്തില്‍ വലിയ എതിര്‍പ്പ് ഉണ്ടാകും, മാധ്യമങ്ങള്‍ ചര്‍ച്ച നടത്തും, മന്ത്രിമാര്‍ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങള്‍ ഉണ്ടാകും. ആരോഗ്യപ്രവര്‍ത്തകരുടെ നേരെയുള്ള അക്രമങ്ങള്‍ കുറച്ചു നാളത്തേക്കെങ്കിലും കുറയും.
അപ്പോഴേക്കും ഒരാളുടെ ജീവന്‍ പോയിരിക്കും എന്ന് മാത്രം.'
ഏപ്രില്‍ ഒന്നിലെ പോസ്റ്റാണ്
ഇതില്‍ കൂടുതല്‍ കൃത്യമായി എങ്ങനെ മുന്നറിയിപ്പ് നല്‍കാന്‍ പറ്റും?
ഡോക്ടറുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു
ഇനിയെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള വാക്കുകൊണ്ടോ കായികമായോ ആയുധം കൊണ്ടോ ഉള്ള അക്രമങ്ങളോട് നമുക്ക് 'സീറോ ടോളറന്‍സ്' നടപ്പാക്കാം
ഏറെ ദുഃഖം
മുരളി തുമ്മാരുകുടി












Click it and Unblock the Notifications