ജോലിക്കായി 18 മണിക്കൂർ, ഉറങ്ങാന്‍ 1 മണിക്കൂർ; ആരോഗ്യ മേഖലയില്‍ കടുത്ത തൊഴില്‍ ചൂഷണം: തുറന്ന് പറഞ്ഞ് ഡോക്ടർ
കേരളത്തിലെ ആരോഗ്യ രംഗത്ത് നിലനില്‍ക്കുന്ന തൊഴില്‍ ചൂഷണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ശിശുരോഗവിദഗ്ദ്ധയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറുമായ ഡോ.ഫാത്തിമ സഹീർ. കൊള്ള ലാഭം ലക്ഷ്യമിടുന്ന ആശുപത്രികള്‍ 18 മണിക്കൂറോളം ആരോഗ്യപ്രവർത്തകരെകൊണ്ട് ജോലി ചെയ്യിക്കുന്നുവെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഫാത്തിമ സഹീർ വ്യക്തമാക്കുന്നത്. തന്റെ പോസ്റ്റ് മുഖ്യമന്ത്രി പിണാറായി വിജയന്‍, ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് എന്നിവരെ അവർ ടാഗ് ചെയ്തിട്ടുമുണ്ട്.
'ഇന്ന് എന്റെ വണ്ടി അപകടത്തില്‍പ്പെട്ടു. നൈറ്റ് ഡ്യൂട്ടിയെല്ലാം കഴിഞ്ഞ് വന്ന് വീണ്ടും ഡ്യൂട്ടിക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് അപകടമുണ്ടാകുന്നത്. ഒരു ലോറി ഇടതുവശത്തൂടെ അമിതവേഗതയില്‍ വന്ന് എന്റെ വാഹനത്തില്‍ തട്ടുകയാണ് ചെയ്തത്. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. എനിക്ക് നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസങ്ങില്‍ ഡ്യൂട്ടി തുടങ്ങുന്നത് നാല് മണിയുടെ റെഗുലർ ഒപി മുതലാണ്. അതായത് 3.30 മുതല്‍ നമ്മുടെ ആ ഒരു യാത്ര സ്റ്റാർട്ട് ചെയ്യും. ഡ്യൂട്ടി കഴിഞ്ഞ് അടുത്ത ദിവസം രാവിലെ 9.30 നാണ് ഞാന്‍ വീട്ടിലേക്ക് എത്തുക. ആകെ ഒരു 18 മണിക്കൂറോളം വർക്കിന്റെ കാര്യത്തിനായി പോകും.

പോസ്റ്റ് ഡ്യൂട്ടി ഉള്ള ദിവസങ്ങളില്‍ അതേ ദിവസം തന്നെ വൈകീട്ട് 3.30 ന് വീട്ടില്‍ നിന്നും ഇറങ്ങണം. ഇതിന് ഇടയ്ക്കുള്ള 6 മണിക്കൂറോളമാണ് വീട്ടില്‍ കിട്ടുന്നത്. ആ സമയത്ത് വീട്ടിലെ കാര്യങ്ങള്‍ ചെയ്യണം, ചെറിയ ചെറിയ ജോലികളുള്ളത് ചെയ്യണം, എന്തെങ്കിലും വായിക്കണം. അതെല്ലാം കഴിഞ്ഞിട്ട് എനിക്ക് ഇന്ന് ഉറങ്ങാന്‍ കിട്ടിയ സമയം ഒരു മണിക്കൂറില്‍ താഴെയാണ്. അതിന് ശേഷം വീണ്ടും ഒപിയിലേക്ക് പോകണം. എവിടെയാണ് ഉറങ്ങാന്‍ സമയമെന്നും ഫാത്തിമ സഹീർ ചോദിക്കുന്നു.
മനുഷ്യന്റെ തലച്ചോറിന് വിശ്രമം ആവശ്യമാണ്. ആ ഒരു അടിസ്ഥാനപരമായ കാര്യം പോലും കിട്ടാതെ എന്ത് വർക്കാണ്. നമ്മള്‍ അത്രത്തോളം കഷ്ടപ്പെട്ടും ഇഷ്ടപ്പെട്ടും പഠിച്ചെടുത്ത ജോലി നമുക്ക് ചെയ്യാന്‍ പറ്റുമോ. ഇന്ന് നടന്നത് ഒരു ചെറിയ അപകടമായിരുന്നു. നമ്മുടെ ജീവിതം ലളിതമാക്കി മാറ്റാനായിട്ടാണ് നമ്മള്‍ ഒരു ജോലി ചെയ്യുന്നത്. അല്ലാതെ ജീവിതം ബുദ്ധിമുട്ടുള്ളതാക്കി മാറ്റാനാല്ല. ജോലി നമ്മളെ ദ്രോഹിക്കാന്‍ പാടില്ല.
ആരോഗ്യമേഖലയില്‍ പ്രവർത്തിക്കുന്ന എല്ലാവരും ഈ തരത്തില്‍ ബുദ്ധിമുട്ട് നേരിടുന്നവരാണ്. പോസ്റ്റ് നൈറ്റ് ഓഫ് ലഭിക്കുക എന്നുള്ളത് മാനുഷികമായ പരിഗണനയാണ്. നമ്മുടെ മുന്നില്‍ വരുന്ന നമ്മുടെ മക്കളാണ്. അവരുടെ കാര്യത്തില്‍ ഒരു പാളിച്ചകളും ഉണ്ടാകാന്‍ പാടില്ല. അതും പ്രതീക്ഷിച്ചിട്ടാണ് ഇങ്ങനെ പോകുന്നത്. എന്നിട്ടും യാതൊരു തരത്തിലുള്ള മാനുഷിക പരിഗണനയും ഇല്ലാതെ പിന്നെയും ഇങ്ങനെ വർക്ക് ചെയ്യിക്കുന്നത് കൊള്ളലാഭം ഉണ്ടാക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.
ഈ ടോക്സിക്ക് വർക്ക് കള്‍ച്ചർ അവസാനിപ്പിക്കണം. പിജി ഡോക്ടർമാർ, കണ്‍സല്‍ടന്റ് അങ്ങനെ ആരോഗ്യ രംഗത്തെ ഏതൊരു ജീവനക്കാർക്കും കൃത്യമായ വിശ്രമം ആവശ്യമാണ്. അത് ഇല്ലെങ്കില്‍ മാനസിക ആരോഗ്യത്തെവരെയും ബാധിക്കും. ഇക്കാര്യം ഇങ്ങനെ തുറന്ന് പറയുന്നത് തന്റെ ജോലി സാധ്യതകളെ വരെ ബാധിച്ചേക്കുമെന്നും ഡോക്ടർ വീഡിയോയിലൂടെ വ്യക്തമാക്കുന്നു.












Click it and Unblock the Notifications