'യാഥാർഥ്യം തുറന്ന് പറയുന്ന ഡോക്ടർമാരെ ഭീഷണിപ്പെടുത്തുന്നു'; വിമർശിച്ച് കെസി വേണുഗോപാൽ
കേരളത്തിലെ പൊതുജന ആരോഗ്യ മേഖലയുടെ ദയനീയമായ അവസ്ഥയാണ് ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നതെന്ന് കോൺഗ്രസ് എംപി കെസി വേണുഗോപാൽ. സാധാരണക്കാർ സങ്കീർണ്ണമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ആദ്യം സമീപിക്കുന്ന ഇടങ്ങളായിരുന്നു മെഡിക്കൽ കോളേജുകൾ. ഇന്ന് ആ സ്ഥാനമൊക്കെ മെഡിക്കൽ കോളേജുകൾക്ക് നഷ്ടമായിരിക്കുന്നു. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതും, ആവശ്യത്തിന് ഉപകരണമില്ലാത്തതും, മരുന്നില്ലാത്തതും മെഡിക്കൽ കോളേജുകളുടെ നിലവാര തകർച്ചയ്ക്ക് കാരണമായെന്നും കെസി കുറ്റപ്പെടുത്തി.

' മറ്റ് ഗത്യന്തരമില്ലാത്തത് കൊണ്ടായിരിക്കും ഒരു ഡോക്ടർക്ക് ഇങ്ങനെയൊരു കാര്യം പൊതുസമക്ഷം പറയേണ്ടി വന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിലും സമാന അവസ്ഥയാണ്. സർക്കാർ മെഡിക്കൽ കോളേജുകളിൽ സ്ഥലം മാറ്റത്തിൽ സുതാര്യതയില്ലാത്തത് മൂലം സ്വാധീനമുള്ളവർക്ക് എവിടെയും പ്രവർത്തിക്കാമെന്ന അവസ്ഥയാണ്. കേരളത്തിലെ പൊതുജനാരോഗ്യത്തെ പിണറായി സർക്കാർ തകർച്ചയിലേക്ക് നയിക്കുകയാണ്. എംപിയായിരുന്ന സമയത്ത് കേന്ദ്ര സർക്കാരിനെക്കൊണ്ട് അനുവദിപ്പിച്ച സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനം ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇതുവരെ യാഥാർഥ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അവിടുത്തെ അറ്റകുറ്റ പണികൾ പോലും ഏറ്റെടുക്കാൻ PWD തയ്യാറല്ല. അവരും ആരോഗ്യവകുപ്പും തമ്മിൽ ശീതസമരമാണ്. 6 മാസം മുൻപ് മുഖ്യമന്ത്രിക്ക് കത്തുകൊടുത്തിട്ട് പോലും തീരുമാനം ഉണ്ടായിട്ടില്ല.
യാഥാർഥ്യം തുറന്ന് പറയുന്ന ഡോക്ടർമാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. കോഴിക്കോടും ആലപ്പുഴയിലും തൃശൂരും തിരുവന്തപുരത്തുമെല്ലാം മെഡിക്കൽ കോളേജുകളുടെ സ്ഥിതി മോശമാണ്. എന്തുകൊണ്ടാണ് പൊതുമേഖലയിൽ ഡോക്ടർമാർ പ്രവർത്തിക്കാൻ തയ്യാറാകാത്തതെന്ന് സർക്കാർ പഠിക്കേണ്ടതല്ലേ? എന്തുകൊണ്ട് നിയമിക്കുന്ന ഡോക്ടർമാർ പോലും വരാൻ തയ്യാറാകുന്നില്ല ? എവിടെയാണ് പ്രശ്നമെന്ന് കൃത്യമായി പഠിച്ച് പരിഹാരം കാണാൻ സർക്കാർ തയ്യാറാകണം. മെഡിക്കൽ കോളേജുകൾ ദുർബലപ്പെടുത്തുന്ന സർക്കാരിന്റെ ഇത്തരം സമീപനങ്ങളാണ് സ്വകാര്യ ആശുപത്രികളെ വളർത്തുന്നത്. അടിയന്തര ശസ്ത്രക്രിയ വേണ്ടത് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ നിലവാര തകർച്ച പരിഹരിക്കാനാണെെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം ഡോക്ടർ പങ്കുവെ്ച സോഷ്യൽ മീഡിയ പോസ്റ്റും അതിലെ ഉള്ളടക്കവും സമഗ്രമായ അന്വേഷിക്കുമെന്നും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു. 'സിസ്റ്റത്തിന്റെ പ്രശ്‌നമാണിത്. സൂക്ഷ്മമായ തിരുത്തല്‍ വരുത്തും. ഡോ ഹാരിസ് വളരെ സത്യസന്ധനും കഠിനാധ്വാനിയുമായ ഡോക്ടറാണെന്നാണ് മനസ്സിലാക്കുന്നത്', മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications