തിരുവനന്തപുരത്ത് സിപിഎമ്മിന് നേതൃദാരിദ്ര്യമോ! സമ്മതിച്ച് എംവി ഗോവിന്ദൻ, ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനവും
തിരുവനന്തപുരം ജില്ലയിലെ 10 സി.പി.എം എം.എൽ.എമാരെയും മത്സരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ 'ഇത്ര നേതൃ ദാരിദ്ര്യമോ?' എന്ന് അത്ഭുതം കൂറിയവരുമുണ്ട്. ഇത് ശരിവെക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ പ്രതികരണം. പാർട്ടി തീരുമാനത്തിൽ രൂക്ഷ വിമർശനമാണ് ജില്ലാ കമ്മിറ്റിയിൽ ഉയർന്നത്.
കരമന ഹരി പ്രതിഷേധം മറച്ചുവെക്കാതെ നേതൃത്വത്തിനെതിരെ തുറന്നടിക്കുകയും ചെയ്തു. അതിന് മറുപടിയായിട്ടാണ് തിരുവനന്തപുരത്ത് സി.പി.എമ്മിന് നേതൃദാരിദ്ര്യമുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞത്. 'പത്ത് സിറ്റിങ് എം.എൽ.എമാരേയും മത്സരിപ്പിക്കേണ്ടി വന്നത് അതുകൊണ്ടാണ്. പകരംവെക്കാൻ മികവുള്ളവരില്ല'- ജില്ലാ കമ്മിറ്റി യോഗത്തിൽ എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
മന്ത്രി വി.ശിവൻകുട്ടി (നേമം), വി.ജോയ് (വർക്കല), ഒ.എസ്.അംബിക (ആറ്റിങ്ങൽ), ഡി.കെ.മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി.കെ.പ്രശാന്ത് (വട്ടിയൂർക്കാവ്), ജി.സ്റ്റീഫൻ (അരുവിക്കര), സി.കെ.ഹരീന്ദ്രൻ (പാറശാല), ഐ.ബി.സതീഷ് (കാട്ടാക്കട), കെ.ആൻസലൻ (നെയ്യാറ്റിൻകര) എന്നിവരെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചത്. ജില്ലാ കമ്മറ്റിയിൽവെച്ച് കരമന ഹരി ഇക്കാര്യം ചോദിച്ചപ്പോൾ നേതൃ ദാരിദ്ര്യം ചൂണ്ടിക്കാട്ടി എം.വി. ഗോവിന്ദൻ പ്രതികരിക്കുകയായിരുന്നു. ലോക്സഭയിലേക്ക് മത്സരിക്കാനും നിയമസഭയിലേക്ക് മത്സരിക്കാനും വി. ജോയി പോകുമ്പോൾ താത്കാലിക ജില്ലാ സെക്രട്ടറിമാരെ വെക്കുന്നത് എന്തിനെന്നും കരമന ഹരി ചോദിച്ചു. സ്ഥിരം സെക്രട്ടറിയായി എ.എ. റഹീമിനെ നിയമിക്കണമെന്ന ആവശ്യവും ജില്ലാ കമ്മിറ്റിയിൽ ഉയർന്നിട്ടുണ്ട്.

സി.പി.എം സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന് മുന്നോടിയായി ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ എ.എ. റഹീമിന് താത്കാലിക സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നു. ഇത് അംഗീകരിക്കുന്നതിന് വേണ്ടി വെള്ളിയാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് രൂക്ഷവിമർശനങ്ങൾ ഉയർന്നത്.
രണ്ട് ടേം കഴിഞ്ഞ് വി. ജോയി മൂന്നാമതും മത്സരിക്കുന്നതിനെ ഒരു വിഭാഗം ചോദ്യം ചെയ്തു. ഇതിന് മറുപടി ആയാണ് ജില്ലയിലെ പത്ത് മണ്ഡലങ്ങളിൽ പുതിയ ആളെ മത്സരിപ്പിച്ചാൽ വിജയ സാധ്യതയെ ബാധിക്കാനിടയുണ്ടെന്ന ധ്വനിയോടെ എം.വി. ഗോവിന്ദൻ തിരുവന്തപുരത്തെ നേതൃ ദാരിദ്ര്യത്തെക്കുറിച്ച് സൂചിപ്പിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോമസ് ഐസക്, ഇ.പി.ജയരാജൻ, എ.കെ.ബാലൻ, ജി.സുധാകരൻ തുടങ്ങിയവരെ രണ്ട് ടേം വ്യവസ്ഥ ചൂണ്ടിക്കാട്ടി ഒഴിവാക്കിയിരുന്നു. എന്നാൽ, ഇത്തവണ രണ്ട് ടേം പിന്നിട്ട വി.ശിവൻകുട്ടിയും വീണ്ടും ജനവിധി തേടുന്നുണ്ട്.


Click it and Unblock the Notifications