Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...

തമിഴ്നാട്ടിലെ പോലെ താരാരാധന കേരളത്തിൽ വോട്ടാകുമോ? എംജിആറും കരുണാനിധിയും ജയലളിതയുമൊക്കെ തമിഴ്നാട് ഭരിച്ചതുമായി താരതമ്യം ചെയ്ത് നോക്കിയാൽ താരപ്പൊലിമ നോക്കി വോട്ട് കുത്തുന്ന പതിവ് മലയാളിക്ക് ഇല്ലെന്ന് തന്നെ പറയാം. മുരളി, ജഗദീഷ്, ദേവൻ, ഭീമൻ രഘു, ധർമ്മജൻ ബോൾഗാട്ടി എന്നിവരെയെല്ലാം തോൽപ്പിച്ചവരാണ് മലയാളികൾ. അതേസമയം, ഗണേഷിനെയും മുകേഷിനെയും ഇന്നസെന്റിനെയുമൊക്കെ ജയിപ്പിച്ചിട്ടുമുണ്ട്. ഏറ്റവും കൂടുതൽ തവണ നിയമസഭയുടെ ലൊക്കേഷനിലെത്തിയ നടൻ ഗണേഷ് കുമാറാണ്. ഇരു മുന്നണികളിൽ നിന്നുമായി അഞ്ച് തവണ ഗണേഷ് നിയമസഭയിലെത്തി. മുകേഷ് രണ്ടുതവണ എംഎൽഎയായി, ഇന്നസെന്റ് ഒരു തവണ എംപിയും.

'കേരള ഇലക്ഷൻ ലീഗി'ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച്
ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത മുമ്പെങ്ങുമില്ലാത്തവിധം മുന്നണികൾ സെലിബ്രിറ്റികളെ ജനങ്ങളെ കയ്യിലെടുക്കാനുള്ള സ്​ട്രാറ്റജിക് ടൂളുകളായി രംഗത്തിറക്കിയെന്നുള്ളതാണ്. ഇക്കുറി ഗണേഷ്‍കുമാറിന് (പത്തനാപുരം) പുറമെ രമേഷ് പിഷാരടി (പാലക്കാട്), സുധീർ കരമന (തിരുവനന്തപുരം), അഞ്ജലി നായർ (തൃപ്പൂണിത്തുറ), വിവേക് ഗോപൻ (അരുവിക്കര), സിനിമ നിർമാതാക്കളായ മഞ്ഞളാംകുഴി അലി (മങ്കട), മാണി സി. കാപ്പൻ (പാല), സംവിധായകരായ മേജർ രവി (ഒറ്റപ്പാലം), അഖിൽ മാരാർ (തൃക്കാക്കര), പിന്നണി ഗായിക ദലീമ ജോജോ (അരൂർ), കവി ആലങ്കോട് ലീലാകൃഷ്ണൻ (തൃശൂർ), റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്ണൻ എന്നിവരാണ് കളത്തിലുള്ളത്.

rameshpisharodyakhilmararsudheeranjalinair

ഇത്തവണ ഏറ്റവും വലിയ ചർച്ചാവിഷയമായത് കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന പാലക്കാടിന്റെ മണ്ണിലേക്ക് രമേഷ് പിഷാരടിയെ ഇറക്കിയതാണ്. സസ്​പെൻസായത് ഇടത് സ്വത​ന്ത്രനായി തിരുവനന്തപുരം സെൻട്രലിലേക്കുള്ള നടൻ സുധീർ കരമനയുടെ എൻട്രിയും. നടൻ, ഹാസ്യ കലാകാരൻ എന്ന പിഷാരടിയുടെ ഇമേജ് മാത്രം നോക്കിയല്ല, സോഷ്യൽ മീഡിയയിലും യുവാക്കൾക്കിടയിലും സ്വാധീനമുള്ള ഒരു ഇൻഫ്ലുവൻസർ എന്ന നിലക്ക് കൂടിയാണ് കോൺഗ്രസ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. സുധീർ കരമനയും വെറുമൊരു നടനായല്ല വോട്ടർമാർക്ക് മുന്നിലെത്തുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ പഴയ എസ്എഫ്ഐ പാരമ്പര്യവും കരമന ജനാർദ്ദനൻ നായർ എന്ന വലിയ പ്രതിഭയുടെ മകൻ എന്ന ഇമേജും അദ്ദേഹത്തിന് മുതൽക്കൂട്ടാണ്. തലസ്ഥാനത്തെ വോട്ടർമാർക്ക് സുധീർ ഒരു പുത്തൻ മുഖവുമല്ല. രാഷ്ട്രീയ കൃത്യതയുള്ള ഒരാളെ സെലിബ്രിറ്റി പരിവേഷത്തോടെ അവതരിപ്പിക്കുക എന്ന തന്ത്രമാണ് ഇവിടെ ഇടതുപക്ഷം പയറ്റിയത്.

എൻഡിഎയിൽ ബിജെപിയും ട്വന്റി 20യുമാണ് ഇത്തവണ സെലിബ്രിറ്റികളെ കൂട്ടത്തോടെ ഇറക്കിയിരിക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി വീട്ടമ്മമാർക്കും യുവാക്കൾക്കും ഇടയിൽ തന്റേതായ ഇടം കണ്ടെത്തിയ അഖിൽ മാരാർ തൃക്കാക്കരയിൽ എത്തുമ്പോൾ രാഷ്ട്രീയ ചർച്ചകൾ മറ്റൊരു തലത്തിലേക്ക് മാറുകയാണ്. ഇതേ പോപ്പുലാരിറ്റി ത​​ന്ത്രമാണ് തൃപ്പൂണിത്തുറയിൽ അഞ്ജലി നായരെയും ഏറ്റുമാനൂരിൽ ആതിര ഡി. നായരെയും എത്തിച്ചത്. വോട്ടർ പട്ടികയിലെ പിഴവുകൾ ഇല്ലായിരുന്നെങ്കിൽ ലക്ഷ്മി പ്രിയയും വീണ നായരുമൊക്കെ ജനവിധി തേടിയേനേ.

ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരിയായി യൂത്ത് ഐക്കൺ ഇമേജുള്ള റോബിൻ രാധാകൃഷ്ണന്‍റെ സാന്നിധ്യം കുണ്ടറയിൽ യുവാക്കൾക്കിടയിൽ വലിയ ഓളമുണ്ടാക്കുമെന്നാണ് ബിജെപി പ്രതീക്ഷ. അരുവിക്കരയിൽ വിവേക് ഗോപനും ഒറ്റപ്പാലത്ത് മേജർ രവിയും എത്തുമ്പോൾ ബിജെപി നിഷ്പക്ഷ വോട്ടുകൾ കൂടി ലക്ഷ്യമിടുന്നുണ്ട്.

കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്

പത്തനാപുരത്തുകാർ സിനിമാക്കാരനെന്നതിനേക്കാൾ തങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ജനപ്രതിനിധിയായി കാണുന്നതിനാൽ ഇത്തവണയും വിജയപ്രതീക്ഷയിൽ തന്നെയാണ് ഗണേഷ് കുമാർ. രാഷ്ട്രീയത്തിൽ സിനിമയേക്കാൾ കൂടുതൽ പാരമ്പര്യമുള്ള ഗണേഷ് കുമാർ, രണ്ട് പതിറ്റാണ്ടായി തന്റെ മണ്ഡലം കാത്തുസൂക്ഷിക്കുന്നു. 2016-ൽ എൽഡിഎഫിനായി ഗണേഷും യുഡിഎഫിനായി ജഗദീഷും ബിജെപിക്കായി ഭീമൻ രഘുവും പത്തനാപുരത്ത് ഏറ്റുമുട്ടിയത് ചരിത്രമാണ്. മഞ്ഞളാംകുഴി അലി, മാണി സി. കാപ്പൻ തുടങ്ങിയവർ സിനിമയും രാഷ്ട്രീയവും ഒരുപോലെ കൊണ്ടുപോകുന്നവരാണ്.

ജയിച്ച എഴുത്തുകാർ, തോറ്റ സിനിമാക്കാർ

1948ൽ അരണാട്ടുകരയിൽനിന്ന് കൊച്ചി രാജ്യത്തെ ലെജിസ്ലേറ്റിവ് കൗൺസിൽ അംഗമായ ജോസഫ് മുണ്ടശ്ശേരിയിൽ തുടങ്ങുന്നു എഴുത്തുകാരുടെ തെരഞ്ഞെടുപ്പ് പോരാട്ടം. ഈ അനുഭവം മുൻനിർത്തി മുണ്ടശ്ശേരി 1951ൽ തൃശൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും 14,000ഓളം വോട്ടിന് തോറ്റു. എന്നാൽ, 1957ൽ മണലൂരിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുണ്ടശ്ശേരി ആദ്യ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായി. രണ്ടുതവണയും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു.

നാടകകൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ തോപ്പിൽ ഭാസി 1957ൽ പഴയ പത്തനംതിട്ട മണ്ഡലത്തിൽനിന്ന് ആദ്യ കേരള നിയമസഭയിലെത്തി. എഴുത്തുകാരനും പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥനുമായ മലയാറ്റൂർ രാമകൃഷ്ണൻ 1954ൽ കമ്യൂണിസ്റ്റ് പാർട്ടി സ്വതന്ത്രനായി പെരുമ്പാവൂരിൽനിന്ന് തിരു-കൊച്ചി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും തോറ്റു. 1962ൽ തലശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർഥിയായ സുകുമാർ അഴീക്കോടിനെ തോൽപ്പിച്ചാണ് കേരളത്തിന്‍റെ പ്രിയ സഞ്ചാര സാഹിത്യകാരൻ എസ്.കെ. പൊറ്റക്കാട് സിപിഐ പിന്തുണയോടെ ലോക്സഭയിലെത്തിയത്. 1948ൽ തൃശൂരിൽ നിന്ന് തിരു-കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എഴുത്തുകാരി ആനി തയ്യിൽ 1967ൽ മൂവാറ്റുപുഴയിൽനിന്ന് ലോക്സഭയിലേക്ക് കേരള കോൺഗ്രസ് സ്ഥാനാർഥിയായെങ്കിലും പരാജയപ്പെട്ടു.

'ചെമ്മീനി’ലൂടെ മലയാള സിനിമയെ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ രാമു കാര്യാട്ട് 1965ൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ പിന്തുണയോടെ നാട്ടികയിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സത്യപ്രതിജ്ഞക്ക് മുമ്പ് നിയമസഭ പിരിച്ചുവിട്ടത് മൂലം അദ്ദേഹത്തിന് എംഎൽഎയാകാനായില്ല. 1987ൽ എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായ പ്രഫ. എം.കെ. സാനു സിപിഎം പ്രതിനിധിയായാണ് എറണാകുളത്തുനിന്ന് നിയമസഭയിലെത്തിയത്. 1994ൽ ഉപതെരഞ്ഞെടുപ്പിലും ’96ൽ പൊതുതെരഞ്ഞെടുപ്പിലും സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് ഗുരുവായൂരിൽനിന്ന് സിപിഎം സ്വതന്ത്രനായി നിയമസഭയിലേക്ക് വിജയിച്ചു. 1996ൽ സിപിഎം സ്വതന്ത്രൻ കവി കടമ്മനിട്ട രാമകൃഷ്ണൻ ആറൻമുളയിൽനിന്ന് എംഎൽഎയായത് കേരള രാഷ്ട്രീയത്തിലെ അതികായൻ എം.വി. രാഘവനെ മലർത്തിയടിച്ചാണ്.

2001ൽ ബേപ്പൂരിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയും (ബിജെപി) 2016ൽ പത്തനാപുരത്ത് നടൻ ജഗദീഷും (കോൺഗ്രസ്) നടൻ ഭീമൻ രഘുവും (ബിജെപി) 2016ൽ കൊടുവള്ളിയിൽ സംവിധായകൻ അലി അക്ബറും (ബിജെപി) തിരുവനന്തപുരം സെൻട്രലിൽ ക്രിക്കറ്റ് താരം ശ്രീശാന്തും (ബിജെപി) 2004ൽ വടക്കാഞ്ചേരിയിലും 2006ൽ തിരുവനന്തപുരം വെസ്റ്റിലും നടൻ ദേവനും (കേരള പീപ്പിൾസ് പാർട്ടി) 2021ൽ നടൻ ധർമജൻ ബോൾഗാട്ടിയും (ബാലുശ്ശേരി) നിയമസഭ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ചരിത്രവുമുണ്ട്. 1999ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് ഇടതു സ്വതന്ത്രനായി മത്സരിച്ച നടൻ മുരളി പരാജയപ്പെട്ടിരുന്നു. 1989ലും 91ലും ലോക്സഭയിലേക്ക് ഇടത് ടിക്കറ്റിൽ മത്സരിച്ച സംവിധായകൻ ലെനിൻ രാജേ​ന്ദ്രനും തോറ്റു. അതും സാക്ഷാൽ കെ.ആർ. നാരായണനോട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+