ഈ ചോദ്യങ്ങള്‍ക്ക് എംഎസ്എഫിന് ഉത്തരമുണ്ടോ? സെനറ്റ് മെമ്പർ മൂന്നാഴ്ചക്ക് വേണ്ടി മാത്രമാണോ: ആർഷോ
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റ് അംഗത്വത്തെ ചൊല്ലി എം എസ് എഫ് - എസ് എഫ് ഐ വാക് പോര്. സെനറ്റ് അംഗം അമീൻ റാഷിദിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ എസ് എഫ് ഐ ആരോപണങ്ങള്‍ തകർന്നുവെന്ന രീതിയിലാണ് എം എസ് എഫ് പ്രതികരണം. അമീൻ റാഷിദിനെ അയോഗ്യനാക്കിയ നടപടി കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതി സ്റ്റേ ചെയ്തത്.
സ്റ്റേ ലഭിച്ചതോടെ കഴിഞ്ഞ ദിവസം നടന്ന സെനറ്റ് യോഗത്തിലും അമീൻ റാഷിദ് പങ്കെടുത്തു. എന്നാല്‍ മൂന്നാഴ്ചയ്ക്ക് വേണ്ടിയാണോ നേതാവിനെ സെനറ്റ് മെമ്പർ ആക്കിയതെന്നാണ് എസ് എഫ് ഐ നേതാവ് പിഎം ആർഷോ ചോദിക്കുന്നത്. വിദ്യാർത്ഥി അല്ലാത്തൊരാളെ വിദ്യാർത്ഥി മണ്ഡലത്തിൽ സെനറ്റ് അംഗമായി തുടരാൻ അനുവദിക്കില്ല എന്ന നിലപാടിൽ ഒര് മാറ്റവും ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. എസ് എഫ് ഐ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിൽ എം എസ് എഫ് നേതാവ് അമീൻ റാഷിദ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് നോമിനേഷൻ സമർപ്പിച്ചത് എന്ന ഗുരുതരമായ വിമർശനമാണ് എസ്.എഫ്.ഐ ഉന്നയിച്ചത്. ഇത് ചൂണ്ടിക്കാട്ടി എസ്എഫ്ഐ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പരാതിയും നൽകിയിരുന്നു. എസ്എഫ്ഐ മാത്രമല്ല, എം എസ് എഫിൻ്റെ ഉറ്റ സുഹൃദ്സംഘടനയായ ഫ്രറ്റേണിറ്റിയും പരാതി നൽകിയിരുന്നു.
ലഭിച്ച പരാതികൾ വിശദമായി പരിശോധിച്ച് ഹിയറിങ് നടത്തി എല്ലാവരെയും കേട്ട ശേഷമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി നടപടി സ്വീകരിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ശ്രീകൃഷ്ണപുരം സീ ഡാക് കോളേജിൽ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായിരിക്കെ എങ്ങനെയാണ് അമീൻ റാഷിദ് അതേ സമയം തചനാട്ടുകര ഗ്രാമപഞ്ചായത്തിൽ താത്കാലിക ജീവനക്കാരനായി ജോലി ചെയ്ത് ശമ്പളം വാങ്ങിയത് എന്ന ചോദ്യത്തിന് എം എസ് എഫിന് ഉത്തരമുണ്ടോ?
ഈ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് നൽകിയ മറുപടി അമീൻ റാഷിദ് പഞ്ചായത്തിൽ താത്കാലിക ജീവനക്കാരനായി ജോലി നോക്കിയ സമയത്ത് ഒരു ദിവസം പോലും ക്ലാസിൽ കയറിയിട്ടില്ല എന്നാണ്, അത് സത്യവുമാണ്. ശ്രീകൃഷ്ണപുരം സീ ഡാക് കോളേജ് യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ച രേഖകളിൽ 2022 ഡിസംബർ 8 ന് തുടങ്ങിയ ക്ലാസ്, 2023 മാർച്ച് 31 ന് അവസാനിക്കുന്നത് വരെ ഒരു ദിവസം പോലും അമീൻ റാഷിദ് ക്ലാസിൽ എത്തിയിട്ടില്ല.
സ്വാഭാവികമായും യൂണിവേഴ്സിറ്റി നിയമപ്രകാരം മതിയായ ഹാജർ ഇല്ലാത്തതിനാൽ സെമസ്റ്റർ ഔട്ട് ആവേണ്ട വിദ്യാർത്ഥി എന്തുകൊണ്ട് സെമസ്റ്റർ ഔട്ട് ആയില്ല? ഒരു ദിവസം പോലും ക്ലാസിൽ ഹാജരാകാത്ത എം എസ് എഫ് നേതാവിന് 75 ശതമാനത്തിലധികം അറ്റൻഡൻസ് ആരാണ് നൽകിയത്? സെമസ്റ്റർ ഔട്ട് ആയി അഡ്മിഷൻ റദ്ദാക്കപ്പെടേണ്ട വിദ്യാർത്ഥിക്ക് സെനറ്റ് മെമ്പറായി മൽസരിക്കാൻ ആവശ്യമായ പ്രിൻസിപ്പാളുടെ സാക്ഷ്യപത്രം എന്ത് പ്രിവിലേജിന് പുറത്താണ് പ്രിൻസിപ്പാൾ അമീൻ റാഷിദിന് നൽകിയത്?? ഹാജർ ഇല്ലാത്ത വിദ്യാർത്ഥിക്ക് ഹാജർ ഉണ്ടെന്ന് രേഖാമൂലം സാക്ഷ്യപ്പെടുത്തുന്നത് വ്യാജരേഖയല്ല എന്ന അഭിപ്രായം എം എസ് എഫിന് ഉണ്ടോ? ഇതിനെല്ലാം എം എസ് എഫിന് ഉത്തരമുണ്ടെങ്കിൽ അതുമായി വാ...
അതോ എം എസ് എഫ് മൂന്നാഴ്ചയ്ക്ക് വേണ്ടിയാണോ നിങ്ങളുടെ നേതാവിനെ സെനറ്റ് മെമ്പർ ആക്കിയത്??? വിദ്യാർത്ഥി അല്ലാത്തൊരാളെ വിദ്യാർത്ഥി മണ്ഡലത്തിൽ സെനറ്റ് അംഗമായി തുടരാൻ അനുവദിക്കില്ല എന്ന നിലപാടിൽ ഒര് മാറ്റവും ഇല്ല, നമുക്കറ്റം വരെ പോകാം ഇക്കാ, മൂന്നാഴ്ച്ച കഴിഞ്ഞും ഇക്കയും പിള്ളേരും ഇവിടൊക്കെ തന്നെ കാണണം.












Click it and Unblock the Notifications