'വിശ്വാസികളെക്കാൾ കുറ്റവാളികളോടാണ് ബിജെപിയ്ക്ക് കൂറ്, സമരം ഹൈക്കോടതിക്ക് എതിരെയാണോ'?: വി ശിവൻകുട്ടി
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരെ പിന്തുണച്ച് രംഗത്ത് വന്ന ബിജെപിയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. മന്ത്രി കടകംപള്ളി സുരേന്ദ്രനെ രക്ഷിക്കാൻ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്നാണ് ബിജെപി ആരോപണം. പിന്തുണയുമായി ബിജെപി നേതാക്കൾ തന്ത്രിയുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു.
മാത്രമല്ല മകരവിളക്ക് ദിവസം വീടുകളിൽ ജ്യോതി തെളിയിച്ച് പ്രതിഷേധിക്കാനാണ് ബിജെപി തീരുമാനം. അയ്യപ്പ വിശ്വാസികളെക്കാൾ കുറ്റവാളികളോടാണ് ബിജെപിയ്ക്ക് കൂറ് എന്ന് തെളിഞ്ഞിരിക്കുകയാണ് എന്ന് വി ശിവൻകുട്ടി കുറ്റപ്പെടുത്തി. സമരം ഹൈക്കോടതിക്ക് എതിരെയാണോ എന്ന് ബിജെപി വ്യക്തമാക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ശബരിമലയിലെ സ്വർണ മോഷണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന നീക്കങ്ങൾ കള്ളന്മാരെ പിടികൂടാനല്ല, മറിച്ച് കുറ്റവാളികളായ തങ്ങളുടെ സ്വന്തക്കാരെ സംരക്ഷിച്ചു നിർത്താനാണ്. സ്വർണം കട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നതല്ല ബിജെപിയുടെ യഥാർത്ഥ ആവശ്യം. തങ്ങളുടെ നിഗൂഢ താല്പര്യങ്ങൾ സംരക്ഷിക്കുന്നവരെ എന്ത് വിലകൊടുത്തും രക്ഷിച്ചെടുക്കുക എന്നത് മാത്രമാണ് അവരുടെ അജണ്ട.
ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ പരിപാടികൾ ആർക്കെതിരെയാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണം. നിലവിൽ അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്നത് ബഹുമാനപ്പെട്ട ഹൈക്കോടതിയാണ്. അപ്പോൾ ബിജെപിയുടെ ഈ സമരം ബഹു.ഹൈക്കോടതിക്ക് എതിരെയാണോ? ഇക്കാര്യം ജനങ്ങളോട് തുറന്നുപറയാനുള്ള ആർജ്ജവം അവർ കാണിക്കണം. അയ്യപ്പ വിശ്വാസികളെക്കാൾ കുറ്റവാളികളോടാണ് ബിജെപിയ്ക്ക് കൂറ് എന്ന് തെളിഞ്ഞിരിക്കുകയാണ്.
ഭക്തരുടെ വികാരം വെച്ച് മുതലെടുപ്പ് നടത്തുന്നവർ ഇപ്പോൾ കള്ളന്മാർക്കുവേണ്ടി കവചം തീർക്കുന്നത് വിരോധാഭാസമാണ്. സംസ്ഥാന ഏജൻസിയുടെ അന്വേഷണം കൃത്യമായി നടക്കുമ്പോൾ, കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് ബിജെപിയുടെ ഉള്ളിലെ ഭയത്തിന്റെ പ്രതിഫലനമാണ്. സത്യം പുറത്തുവരുമെന്നും തങ്ങളുടെ പങ്ക് വെളിപ്പെടുമെന്നും അവർ ഭയപ്പെടുന്നുണ്ട്. തന്ത്രിയുടെ താമസസ്ഥലത്ത് നേതാക്കൾ അടിയന്തരമായി സന്ദർശനം നടത്തിയത് എന്തിനാണെന്ന് ബിജെപി വ്യക്തമാക്കണം. അത് തെളിവ് നശിപ്പിക്കാനാണോ എന്ന് സംശയമുണ്ട്''.












Click it and Unblock the Notifications