'ഇഡിക്കെന്താ കൊമ്പുണ്ടോ?ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും മുകളിൽ ആരുമില്ല'; എംവി ജയരാജൻ
കണ്ണൂർ: എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പ്രത്യേക കോടതികളുടെ പരിഗണനയ്ക്ക് എത്തിയാല്‍ കോടതി അനുമതിയോടെ മാത്രമേ അറസ്റ്റ് പാടുള്ളൂവെന്ന സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് സി പി എം നേതാവ് എംവി ജയരാജൻ. കോടതിക്ക് മുകളിലുള്ള 'സുപ്രീം' തങ്ങളാണെന്ന നിലപാടാണ് പലപ്പോഴും ഇഡി സ്വീകരിച്ചുവരുന്നത്. അതിനെല്ലാമുള്ള നിയന്ത്രണരേഖയാണ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും മുകളിൽ ആരുമില്ല. ഇഡിക്ക് കൊമ്പില്ലെന്ന് വ്യക്തമാക്കുന്നതാണ് സുപ്രീംകോടതി വിധിയെന്നും ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
ഇഡിക്കെന്താ കൊമ്പുണ്ടോ? ബിജെപി അധികാരത്തിൽ വന്നതോടെ ഇഡി അടക്കമുള്ള അന്വേഷണ ഏജൻസികൾ കേന്ദ്രസർക്കാറിന്റെ ചട്ടുകമായി അധഃപതിച്ചു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ ഇഡിക്ക് വിപുലമായ അധികാരങ്ങൾ നൽകി. ഒരാൾ നീതി തേടി കോടതിയെ സമീപിച്ചാൽ പോലും അറസ്റ്റും റിമാന്റും നടത്താൻ ഇഡിക്ക് ഭയമൊട്ടുമില്ല. ജുഡീഷ്യറിയെ തങ്ങളുടെ കീഴിലുള്ള ഒരന്വേഷണ ഏജൻസിയാക്കി മാറ്റാനും കേന്ദ്രസർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

13000 കോടി രൂപയുടെ കള്ളപ്പണം കോർപ്പറേറ്റുകളിൽ നിന്നും വാങ്ങിയ ബി ജെ പിക്കെതിരെ ഇഡിയുടെ യാതൊരു നടപടിയുമില്ല. 2021ലെ തെരഞ്ഞെടുപ്പ് വേളയിൽ കർണാടകയിൽ നിന്നും കൊണ്ടുവരികയായിരുന്ന കള്ളപ്പണം കൊടകരയിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ബി ജെ പിയുടേതാണെന്ന് തെളിഞ്ഞു. ഇഡിയെ അക്കാര്യം അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമമനുസരിച്ചുള്ള ഇഡിയുടെ ഇടപെടൽ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനല്ല, ബി ജെ പിയുടെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനാണെന്നും വ്യക്തമായി തെളിഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിലാണ് അറസ്റ്റിനും കസ്റ്റഡിക്കും ഇഡി നിയമവിരുദ്ധമായി ഉപയോഗിച്ചുവരുന്ന അധികാരങ്ങൾക്ക് സുപ്രീംകോടതി വിലക്കേർപ്പെടുത്തിയത്. 1997ൽ സുപ്രീംകോടതി പി.കെ. ബാസു Vs സ്‌റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ എന്ന കേസിൽ അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് പാലിക്കേണ്ട ചില വ്യവസ്ഥകൾ ഉത്തരവായി മുന്നോട്ടുവെച്ചിരുന്നു. ആ വ്യവസ്ഥകൾ തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടാണ് ഇഡിക്ക്. കോടതിക്ക് മുകളിലുള്ള 'സുപ്രീം' തങ്ങളാണെന്ന നിലപാടാണ് പലപ്പോഴും ഇഡി സ്വീകരിച്ചുവരുന്നത്. അതിനെല്ലാമുള്ള നിയന്ത്രണരേഖയാണ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത്. ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും മുകളിൽ ആരുമില്ല. ഇഡിക്ക് കൊമ്പില്ലെന്ന് വ്യക്തമാക്കുന്നതാണ് സുപ്രീംകോടതി വിധി', പോസ്റ്റിൽ പറഞ്ഞു












Click it and Unblock the Notifications