യുപിയിലും ദില്ലിയിലും നടക്കുന്നതൊന്നും യുഡിഎഫ് കാണുന്നില്ലേ: ചോദ്യങ്ങളുമായി ഇപി ജയരാജന്‍
യു.പിയിൽ ആർഎസ്എസ്, സംഘപരിവാർ വർഗീയവാദികളുടെ മതവിദ്വേഷ, പ്രവാചകനിന്ദാ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ഉയർത്തിയ ജനങ്ങൾക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നത് കേരളത്തിലെ കോണ്‍ഗ്രസും മുസ്ലിം ലീഗുമൊന്നും കാണുന്നില്ലേയെന്ന് എല്‍ ഡി എഫ് കണ്‍വീനർ ഇപി ജയരാജന്‍. ഡൽഹിയിൽ ഇ.ഡി, രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുന്നു. ഇങ്ങനെ പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുകയാണ് കേന്ദ്രം. അതിനെതിരെ ഡൽഹിയിൽ വലിയ ബഹളമാണ് നടക്കുന്നത്. ഇതൊന്നും കേരളത്തിലെ കോൺഗ്രസ് കാണുന്നില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. എല്‍ഡിഎഫ് കണ്‍വീനറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കോൺഗ്രസ്, ആർ.എസ്.എസ്, ബി.ജെ.പി, എസ്.ഡി.പി.ഐ, മുസ്ലിം ലീഗ് വിചിത്ര സഖ്യം സ്വർണ്ണക്കള്ളക്കടത്ത് പ്രതികളുടെ വാക്കും കേട്ട് കേരളത്തിൽ അഴിഞ്ഞാടുകയാണ്. യു.പിയിൽ ആർ.എസ്.എസ്, സംഘപരിവാർ വർഗീയവാദികളുടെ മതവിദ്വേഷ, പ്രവാചകനിന്ദാ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ഉയർത്തിയ ജനങ്ങൾക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നത് ഇവരാരും കാണുന്നില്ല. കേരളത്തിലെ മാധ്യമങ്ങൾക്കും അത് കാണാനോ ചർച്ച ചെയ്യാനോ കഴിഞ്ഞിട്ടില്ല.

പ്രതിഷേധം നടത്തിയവർക്ക് നേരെ വെടിവെയ്ക്കുകയും, സംഘപരിവാരത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ന്യൂനപക്ഷങ്ങൾ താമസിക്കുന്ന സ്ഥലങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുനീക്കുകയുമാണ്. താമസിക്കുന്നതും കച്ചവടം നടത്തുന്നതുമായ കെട്ടിടങ്ങളും ജീവിതമാർഗങ്ങളും ഇല്ലാതാക്കുന്നു. തികഞ്ഞ അരാജകത്വത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. ഡൽഹിയിൽ ഇ.ഡി, രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുന്നു. ഇങ്ങനെ പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുകയാണ് കേന്ദ്രം. അതിനെതിരെ ഡൽഹിയിൽ വലിയ ബഹളമാണ് നടക്കുന്നത്. ഇതൊന്നും കേരളത്തിലെ കോൺഗ്രസ് കാണുന്നില്ലേ..?
സാരിയില്‍ അതിമനോഹരം: ശ്രിദ്ധയുടെ വൈറലായ സാരി ചിത്രങ്ങള്‍
കേരളത്തിൽ വിചിത്ര സഖ്യവുമായി ഒന്നിച്ച് ഒരേ മനസ്സായി മുന്നേറുകയാണ് കോൺഗ്രസ്സും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐ യും ലീഗുമെല്ലാം. സ്വർണ്ണക്കടത്തും കള്ളക്കടത്തും ശീലമാക്കി ജയിലിൽ പോയ പ്രതികൾ ഇപ്പോൾ പുറത്തുവന്ന് സംഘപരിവാർ തിരക്കഥയ്ക്ക് അനുസരിച്ച് ആടുമ്പോൾ അതിന് കയ്യടിച്ച് പ്രോത്സാഹനം നൽകി അവർക്കൊപ്പം കൂടുന്ന കോൺഗ്രസിന് രാജ്യത്ത് ബി.ജെ.പി നടത്തുന്ന വിദ്വംസക പ്രവർത്തനങ്ങൾ കാണാൻ കഴിയുന്നില്ല, കാണാൻ ശ്രമിക്കുന്നില്ല. യുപിയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ഒന്ന് പ്രതികരിക്കാൻ പോലും യു.ഡി.എഫും കോൺഗ്രസും തയ്യാറായിട്ടില്ല.
സ്വർണ്ണക്കള്ളക്കടത്ത് പ്രതിക്ക് വേണ്ടി, നിരവധി നിയമവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടുന്ന, ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾക്ക് വേണ്ടി വാദങ്ങൾ ഉന്നയിച്ച് പ്രവർത്തിക്കുകയാണ് കേരളത്തിലെ കോൺഗ്രസ്. ഇലക്ഷൻ സമയത്ത് ജനങ്ങൾ പുഛിച്ച് തള്ളിയ വാദങ്ങളും നുണപ്രചരണങ്ങളും എടുത്ത് വീണ്ടും മുഖ്യമന്ത്രിക്കും എൽ.ഡി.എഫ് സർക്കാരിനുമെതിരെ തിരിഞ്ഞിരിക്കുകയാണ് പ്രതിപക്ഷം. അന്ന് നടത്തിയതും, ഇന്ന് വീണ്ടും നടത്തിക്കൊണ്ടിരിക്കുന്നതുമായ പൊള്ളയായ പ്രചരണങ്ങൾ തള്ളിയ ജനം 99 സീറ്റുകൾ നൽകി വീണ്ടും എൽഡിഎഫിന് ചരിത്ര വിജയമാണ് സമ്മാനിച്ചത് എന്ന് യുഡിഎഫ് മറന്നുപോയെന്ന് തോന്നുന്നു. അതിന്റെ ഭാഗമാണ് ഇപ്പോൾ നടത്തുന്ന കോപ്രായങ്ങൾ.
കേരളത്തിന്റെ വലിയ പുരോഗതിയേയും വളർച്ചയേയും ദുർബലപ്പെടുത്താൻ, കേരളത്തിന്റെ വികസനത്തെ മുരടിപ്പിക്കാൻ, തുടർച്ചയായി അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി പൂർത്തീകരിച്ച നിർമ്മാണ പ്രവർത്തനങ്ങളും, വികസന പദ്ധതികളും നാടിന് സമർപ്പിക്കുന്ന വേളയിൽ കലാപമുണ്ടാക്കാനും വർഗീയ, മതവിദ്വേഷങ്ങളും പ്രചരിപ്പിച്ച് നാടിന്റെ സമാധാനം തകർക്കുന്നതിനുമാണ് ഈ വിചിത്ര സഖ്യം ശ്രമിക്കുന്നത്.
ഇത് ജനം തിരിച്ചറിഞ്ഞതോടെ സമരങ്ങൾ എല്ലാം തന്നെ അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വ്യാപകമായി അക്രമം അഴിച്ചുവിടാൻ പദ്ധതിയിടുകയാണ് ഇക്കൂട്ടർ. അതിന്റെ ഭാഗമായി കോൺഗ്രസ്സിന്റെ ചില കേന്ദ്രങ്ങളിലും ആർ.എസ്.എസ് കേന്ദ്രങ്ങളിലും ആയുധങ്ങൾ ശേഖരിക്കലും ബോംബ് നിർമ്മാണങ്ങളും ഭീകര പ്രവർത്തനത്തിനായി ആളുകളെ കണ്ടെത്തി സംഘടിപ്പിക്കലുമെല്ലാം നടക്കുകയാണ്.
കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർത്ത്, കലാപമുണ്ടാക്കാനുള്ള യു.ഡി.എഫ്, സംഘപരിവാർ, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി, മുസ്ലിം ലീഗ് വിചിത്ര സഖ്യത്തിന്റെ ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയണം. ഈ സഖ്യത്തിനെതിരെ മാനവികതയുടെ പക്ഷം ചേർന്ന് നാടിന്റെ വികസനത്തിനും പുരോഗതിക്കും ഇടതുപക്ഷത്തോടൊപ്പം അണിനിരക്കണം.












Click it and Unblock the Notifications