വില ഇനിയും കൂടുമെന്ന് ഭയന്ന് സ്വർണം ഇപ്പോൾ വാങ്ങരുത്, പവൻ വില 70,000ത്തിലേക്ക് ഇടിയും, കാരണം പറഞ്ഞ് മേരി ജോർജ്
സ്വര്‍ണവിലയില്‍ ഏതാനും ദിവസങ്ങളായി ഏറ്റക്കുറച്ചിലുകളാണ് കാണുന്നത്. വില ഏറിയും കുറഞ്ഞുമിരിക്കുന്നു. എങ്കിലും വില 1 ലക്ഷത്തിന് താഴേക്ക് പോയിട്ടില്ല. ഇന്ന് ഉച്ചയോടെ പവന്‍ വില 160 രൂപ കുറഞ്ഞ് 1,05,160 രൂപയിലാണ് എത്തി നില്‍ക്കുന്നത്.
വില ഇനിയും കൂടിയേക്കും എന്ന് കരുതി ഇപ്പോള്‍ സ്വര്‍ണം വാങ്ങിക്കാനായി ആരും ഇറങ്ങി പുറപ്പെടേണ്ട എന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. കാരണം ട്രംപ് ഒന്ന് മനസ്സ് വെച്ചാല്‍ സ്വര്‍ണ വിലയില്‍ വലിയ തോതില്‍ കുറവുണ്ടാകും. അതുകൊണ്ട് കാത്തിരിക്കാനാണ് സാമ്പത്തിക വിദഗ്ധയായ മേരി ജോര്‍ജ് നിര്‍ദേശിക്കുന്നത്.
മേരി ജോര്‍ജ് പറയുന്നത് ഇങ്ങനെ: '' സ്വര്‍ണ വിലയില്‍ ഇപ്പോള്‍ വന്നിരിക്കുന്ന ചാഞ്ചാട്ടം വരുന്ന ദിവസങ്ങളിലും പ്രതീക്ഷിക്കാം. ട്രംപ് കുറച്ച് സമചിത്തത കാണിക്കുന്നുണ്ട്. അതാണ് ഇറാനുമായി ഒരു നീക്കുപോക്കിന് തയ്യാറാകുന്നത്. ഇറാനെ ആക്രമിക്കുമെന്ന് പറഞ്ഞപ്പോള്‍ ചൈനയും റഷ്യയും ഇറാന്റെ ഭാഗം ചേര്‍ന്നു. അതുകൊണ്ടാണ് ട്രംപിന് ഒരു സമചിത്തത വന്നത്. റഷ്യയും ചൈനയും ഒരുമിച്ച് നിന്നാല്‍ എന്ത് സംഭവിക്കും എന്ന് ട്രംപിന് അറിയാം. അതുകൊണ്ടാണ് ട്രംപ് ഒന്ന് മുട്ടുമടക്കിയത്.

ആ മുട്ടുമടക്കിയ സാഹചര്യം നല്ലതാണ്. അതാണ് സ്വര്‍ണത്തിന്റെ വിലയില്‍ ഒരു മാറ്റം വന്നിരിക്കുന്നത്. കയറ്റിറക്കങ്ങള്‍ വരുന്നെങ്കിലും സ്വല്‍പം കുറവ് വിലയിലുണ്ടാകും എന്ന പ്രതീക്ഷ നല്‍കുന്നത്. ഇത് ഇങ്ങനെ തന്നെ പോകുന്നത് നല്ലതാണ്.
അതേസമയം ഓര്‍ക്കേണ്ട ഒരു കാര്യം ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. അമേരിക്ക ചുമത്തിയ 50 ശതമാനം താരിഫ് ചുരുക്കേണ്ടതാണ് ഇന്ത്യയുടെ ആവശ്യം. അത് നിറവേറ്റിയില്ലെങ്കില്‍ വ്യാപര കമ്മി കൂടും, രൂപയുടെ മൂല്യം ഇടിയും. അതോടെ സ്വര്‍ണത്തിന്റെ വില കൂടാന്‍ കാരണമാവും. ഒരുപാട് സ്വര്‍ണം വാങ്ങുന്ന രാജ്യമാണ് ചൈന. 500 ശതമാനം ആണ് താരിഫ് ഉളളത്. ഇതിലും അമേരിക്ക ഇളവ് വരുത്തണം.
വേണ്ടത്ര ഇളവ് താരിഫില്‍ വരുത്തിയാല്‍ സ്വര്‍ണത്തിന്റെ വില വീണ്ടും കുറയും. അപ്പോള്‍ വില എഴുപതിനായിരത്തിലേക്ക് വരെ വന്നേക്കാം. അതിന് വേണ്ടി കാത്തിരിക്കാം. ആ സമയത്ത് ആഭരണത്തില്‍ സ്വര്‍ണം കൊണ്ട് പോയി നിക്ഷേപിക്കരുത്. മുടക്കുന്ന മുതലിന്റെ 30 ശതമാനം കുറച്ച് മാത്രമേ വില്‍ക്കുമ്പോള്‍ കിട്ടുകയുളളൂ. അതുകൊണ്ട് സ്വര്‍ണ ബോണ്ടായി സൂക്ഷിക്കാം.
വിവാഹ സമയത്ത് അത് മകള്‍ക്ക് കൊടുത്താല്‍ ഏത് കാലത്തും അതില്‍ നിന്നുളള പലിശയും വില കയറുന്നതിന് അനുസരിച്ചുളള മൂല്യവും ലഭ്യമാകും. അതല്ലാതെ ട്രേഡ് എക്‌സ്‌ചേഞ്ച് വഴി സ്വര്‍ണം വാങ്ങിയാലും അപകടസാധ്യത ഉണ്ട്. കാരണം അത് സര്‍ക്കാരിന്റെ നേരിട്ടുളള നിയന്ത്രണത്തിലല്ല. സ്റ്റോക്ക് മാര്‍ക്കറ്റിലേത് പോലുളള മാറ്റങ്ങള്‍ ഉണ്ടാകാം. സേഫായത് സ്വര്‍ണനാണയങ്ങളായി വാങ്ങി വെക്കുക, അതല്ലെങ്കില്‍ ബോണ്ട് വാങ്ങി വെക്കുക. സ്വര്‍ണം മൂല്യം കാത്ത് സൂക്ഷിക്കുന്ന സമ്പത്താണ് എന്നതില്‍ ഒരു സംശയവും ഇല്ല. നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന് അനുസരിച്ചിരിക്കും നമുക്ക് അതില്‍ നിന്നുളള പ്രയോജനം..''












Click it and Unblock the Notifications