എക്സിറ്റ് പോള്‍ വിജയം കണ്ട് അവേശഭരിതരാവണ്ട: പാളിപ്പോയ പ്രവചനങ്ങള്‍ നിരവധിയുണ്ട്
ദില്ലി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്ത് വരുമ്പോള്‍ ഇരു സംസ്ഥാനങ്ങളിലും ബി ജെ പി അധികാരം നിലനിർത്തുമെന്നാണ് ഭൂരിപക്ഷം സർവ്വേകളും അവകാശപ്പെടുന്നത്. ചില സർവ്വേകള്‍ ഹിമാചലില്‍ നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. അതേസമയം സർവ്വേകളെല്ലാം കോണ്‍ഗ്രസ് തള്ളുകയാണ്. സർവ്വേകള്‍ കാറ്റില്‍ പറത്തിക്കൊണ്ട് രണ്ട് സംസ്ഥാനങ്ങളിലും തങ്ങള്‍ അധികാരത്തിലെത്തുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതേസമയം എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പലതും തെറ്റുന്നത് നാം നേരത്തെ പലതവണ കണ്ടിട്ടുണ്ട്. അത്തരം ചില സർവ്വേകളാണ് ഇവിടെ ഓർത്തെടുക്കുന്നത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ 240 സീറ്റുകളിൽ വിജയിക്കുമെന്നായിരുന്നു 2004 പൊതുതിരഞ്ഞെടുപ്പ് സമയത്ത് എക്‌സിറ്റ് പോൾ പ്രവചിച്ചിരുന്നു. എന്നാല്‍ യഥാർത്ഥ ഫലം വന്നപ്പോൾ ബി ജെ പിക്ക് 187 സീറ്റുകളും കോൺഗ്രസിനും സഖ്യകക്ഷികൾക്കും 216 സീറ്റുകളുമായിരുന്നു ലഭിച്ചത്. സമാനമായി 2021 ല്‍ പശ്ചിമ ബംഗാളില്‍ ബിജെപി 134-160 സീറ്റുകളിലും ടിഎംസി 130-156 സീറ്റുകളിലും വിജയിക്കുമെന്നായിരുന്നു ഇന്ത്യ ടുഡേയുടെ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്.

റിപ്പബ്ലിക്-സിഎൻഎക്‌സ് സർവേയിൽ ബിജെപി 138-148 സീറ്റുകളിലും ടിഎംസി 128-138 സീറ്റുകളിലും വിജയിക്കുമെന്നും പ്രവചിച്ചു. എന്നാല്‍ യഥാർത്ഥ ഫലം പുറത്തുവന്നപ്പോൾ, ബിജെപി വെറും 77 സീറ്റിൽ ഒതുങ്ങി, ടിഎംസി വീണ്ടും അധികാരത്തിലെത്തി. 2017 ലെ യുപി തെരഞ്ഞെടുപ്പിൽ ബിജെപി 325 സീറ്റുകൾ നേടി വിജയിച്ചെങ്കിലും 200 സീറ്റിൽ കൂടാത്ത വിജയമാണ് ബിജെപിക്ക് സർവ്വേകള്‍ പ്രവചിച്ചത്. 2020 ലെ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പില്‍ ആക്‌സിസ് മൈ ഇന്ത്യ വോട്ടെടുപ്പും ടുഡേയ്‌സ് ചാണക്യയും ആർജെഡിയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിക്കുമെന്ന് പ്രവചിച്ചിരുന്നുവെങ്കിലും അധികാരത്തില്‍ വന്നത് എന്‍ ഡി എ സഖ്യമായിരുന്നു.
2021 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സർവ്വേകളം എല്‍ ഡി എഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചിച്ചത്. എന്നാല്‍ 99 ലേറെ സീറ്റ് ഇടതുപക്ഷത്തിന് ലഭിക്കുമെന്ന് പ്രവചിച്ച ഒരു സർവ്വേയും ഉണ്ടായിരുന്നില്ല. ഏഷ്യാനെറ്റും എബിപി സി വോട്ടറും പരമാവധി 91 സീറ്റുകളായിരുന്നു ഇടതുപക്ഷത്തിന് പ്രവചിച്ചത്. 24 ന്യൂസാവട്ടെ 68-മുതല്‍ 78 ന്യൂസ് വരെയായിരുന്നു പ്രവചനം. എന്നാല്‍ 99 സീറ്റുകള്‍ നേടി എല്‍ ഡി എഫിന് വീണ്ടും അധികാരത്തിലെത്താന്‍ സാധിച്ചു.












Click it and Unblock the Notifications