ബിജെപി ഒരുക്കുന്ന വർഗ്ഗീയ വിഭജന കെണിയിൽ വീണ് പോവരുത്;ബില്ലിനെ എതിർക്കണമെന്ന് പികെ ഫിറോസ്
വഖഫ് ഭേദഗതി ബില്ലിനെതിരെ രൂക്ഷവിമർശനവുമായി പികെ ഫിറോസ്. ബിൽ ഭരണ ഘടനാ തത്വങ്ങൾക്ക് നിരക്കുന്നതല്ലെന്നും നിയമം ഭേദഗതി കൂടി ചെയ്യുന്നതോടെ വഖഫ് സ്വത്തുകളിൻ മേലുള്ള അവകാശം കൂടുതൽ ദുർബലമാകുമെന്നും പികെ ഫിറോസ് പറഞ്ഞു.
വലിയ മാനങ്ങളുള്ള ഒരു വിഷയത്തെ മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെടുത്തി ബില്ലിനെ അനുകൂലിക്കാനുള്ള ചില ക്രിസ്ത്യൻ സംഘടനകളുടെ തീരുമാനം സങ്കടകരമാണ്. മുനമ്പം വിഷയം പരിഹരിക്കാനുള്ള ഏതൊരു ഫോർമുലയും അംഗീകരിക്കാമെന്ന നിലപാട് സ്വീകരിച്ചവരാണ് കേരളത്തിലെ മുസ്‌ലിം സംഘടനകൾ. ഇന്ന് മുസ്‌ലിംകളുടെ സ്വത്തുക്കളുടെ നേരെയാണെങ്കിൽ ഇതേ മാതൃകയിൽ നാളെ മറ്റു ന്യൂനപക്ഷങ്ങൾക്കെതിരെയും സംഘ്പരിവാർ രംഗത്ത് വരുമെന്നതുറപ്പാണെന്നും ഫിറോസ് പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ പാർലമെന്റിൽ കൊണ്ട് വരുന്ന വഖഫ് ഭേദഗതി ബിൽ ഭരണ ഘടനാ തത്വങ്ങൾക്ക് നിരക്കുന്നതല്ല എന്നത് ബിൽ പരിശോധിക്കുന്ന ആർക്കും ബോധ്യമാകുന്ന വസ്തുതയാണ്. ഭൂരിപക്ഷ സമൂഹങ്ങൾക്കിടയിൽ ജീവിക്കുന്ന ന്യനപക്ഷങ്ങൾക്ക്, അവരുടെ മതപരമായ സ്വത്തുക്കളും ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടുക എന്ന ഉദ്ദേശത്തോടു കൂടിയാണ് വിവിധ കാലഘട്ടങ്ങളിൽ ഭേദഗതികളിലൂടെ ഇന്ത്യയിൽ വഖഫ് നിയമം നിലവിൽ വന്നത്.
ഒരാൾ തൻറെ സ്വത്തുക്കൾ ദൈവ പ്രീതി കാംക്ഷിച്ച് വഖഫ് ചെയ്താൽ അദ്ദേഹത്തിൻറെ താൽപ്പര്യം സംരക്ഷിക്കപ്പെടുക എന്നത് ഭരണഘടനാ ദത്തമാണ്. വഖഫ് നിയമങ്ങൾ ഉണ്ടായിട്ടു പോലും നൂറ്റാണ്ടുകളോളം മുസ്‌ലിംകൾ ആരാധിച്ച ബാബരി മസ്ജിദ് തകർക്കപ്പെടുകയും മറ്റ് ആരാധനാലയങ്ങളിൽ അവകാശങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന ഒരു രാജ്യമാണ് നമ്മുടേത്. ഇപ്പോഴത്തെ നിയമം ഭേദഗതി കൂടി ചെയ്യുന്നതോടെ വഖഫ് സ്വത്തുകളിൻ മേലുള്ള അവകാശം കൂടുതൽ ദുർബലമാകും.
ഇത്ര വലിയ മാനങ്ങളുള്ള ഒരു വിഷയത്തെ മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെടുത്തി ബില്ലിനെ അനുകൂലിക്കാനുള്ള ചില ക്രിസ്ത്യൻ സംഘടനകളുടെ തീരുമാനം സങ്കടകരമാണ്. മുനമ്പം വിഷയം പരിഹരിക്കാനുള്ള ഏതൊരു ഫോർമുലയും അംഗീകരിക്കാമെന്ന നിലപാട് സ്വീകരിച്ചവരാണ് കേരളത്തിലെ മുസ്‌ലിം സംഘടനകൾ. ഇന്ന് മുസ്‌ലിംകളുടെ സ്വത്തുക്കളുടെ നേരെയാണെങ്കിൽ ഇതേ മാതൃകയിൽ നാളെ മറ്റു ന്യൂനപക്ഷങ്ങൾക്കെതിരെയും സംഘ്പരിവാർ രംഗത്ത് വരുമെന്നതുറപ്പാണ്. ബി ജെ പി ഒരുക്കുന്ന വർഗ്ഗീയ വിഭജന കെണിയിൽ വീണ് പോവാതെ ഈ ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനുള്ള ജാഗ്രതയാണ് ഈ അവസരത്തിൽ ഏവരും കാണിക്കേണ്ടത്.












Click it and Unblock the Notifications