'ഇങ്ങനെ കള്ളം പറയരുത്, ഉന്നതവിദ്യാഭ്യാസം കുട്ടിച്ചോറാക്കി, നാ കണ്ട കഞ്ഞിയാക്കി', മന്ത്രി റോജിക്കെതിരെ ഐസക്
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനെതിരെ രൂക്ഷ വിമർശനം ഉയർത്തി മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസക്. കാലടി സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധ സമരത്തെ കുറിച്ച് മന്ത്രി വലിയ പച്ചക്കള്ളങ്ങളാണ് പ്രചരിപ്പിച്ചതെന്ന് തോമസ് ഐസക് ആരോപിച്ചു.
ഉന്നതവിദ്യാഭ്യാസം കുട്ടിച്ചോറാക്കി സ്വന്തം അജൻഡകൾ നടപ്പാക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾക്ക് റോജി എം ജോൺ ഒത്താശ ചെയ്യുകയാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
തോമസ് ഐസകിന്റെ പ്രതികരണം: ' JNU-ൽ പഠിക്കുകയും NSUI ദേശീയ പ്രസിഡണ്ടായിരിക്കുകയും ചെയ്ത ആളാണല്ലോ റോജി ജോൺ. അദ്ദേഹം മോഡേൺ എങ്കിലും ആയിരിക്കും എന്നു കരുതി. യാഥാർത്ഥ്യം എത്ര അകലെ! എന്താണ് കാലടിയിൽ നിങ്ങൾ പരീക്ഷ എഴുതാൻ അവസരം നിഷേധിച്ച 16 വിദ്യാർത്ഥികൾ ചെയ്ത തെറ്റ്? പ്രതിഷേധത്തിന്റെ ഭാഗമായി ഒരു നാടകം അവർ അവതരിപ്പിച്ചു. മാസങ്ങളായി പ്രവർത്തിക്കാത്ത സ്റ്റേജ് ലൈറ്റുകളുടെ കാര്യത്തിൽ പ്രതിഷേധിക്കാൻ നാടകവിദ്യാർഥികൾക്ക് അവകാശമില്ലേ? നാടക വിദ്യാർഥികളുടെ പ്രതിഷേധരൂപത്തിന് ഏറ്റവും സർഗാത്മകം ഒരു നാടകം തന്നെ അല്ലേ?
എത്ര വലിയ പച്ചക്കള്ളങ്ങളാണ് മി: റോജീ, നിങ്ങൾ ഇതു സംബന്ധിച്ചു പ്രചരിപ്പിച്ചത്. ലൈറ്റുകളുടെ സംസ്കാരമാണെന്നത് വീഴ്ച മറയ്ക്കാൻ ഇറക്കിയ ക്യാപ്സ്യൂൾ ആണുപോലും! നാടകവിഷ്കാരത്തിന്റെ വീഡിയോ ഉണ്ടല്ലോ. അവർ ആ നാടകം പൊതുജനസമക്ഷം വീണ്ടും അവതരിപ്പിക്കുകയും ചെയ്തല്ലോ. കൃത്യമായി തെളിവുള്ളപ്പോൾ ഇങ്ങനെ കള്ളം പറയരുത്.

വാസ്തവത്തിൽ എന്തായിരുന്നു ഒരു മന്ത്രിയെന്നനിലയിൽ മി. റോജീ, താങ്കൾ ചെയ്യേണ്ടിയിരുന്നത്? വിദ്യാർത്ഥികൾക്ക് ശരിയായി കോഴ്സ് പഠിക്കാൻ ആവശ്യമായ ലൈറ്റിങ് ക്രമീകരണം ലഭ്യമാക്കുന്നതിൽ വീഴ്ചവരുത്തിയ കോളെജധികൃതർക്കെതിരെ നടപടി സ്വീകരിക്കുകയും കുട്ടികൾക്കു ലൈറ്റുകൾ ലഭ്യമാക്കുകയും ആയിരുന്നില്ലെ? അതു ചെയ്യാതെയല്ലേ താങ്കൾ വിദ്യാർത്ഥിവിരുദ്ധനിലപാടിന് ഓശാന പാടിയത്.
അതുപോലെയാണ് വിസിയ്ക്കുനേരെ ബലപ്രയോഗം എന്ന കെട്ടുകഥയും. ഇതിന് ഒരു തെളിവുമില്ല എന്ന് അന്വേഷണക്കമ്മിറ്റി. ആ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പോലും പുറത്തുവന്നില്ലേ? എല്ലാ കാര്യത്തിലും നിങ്ങളെ പക്ഷപാതത്തോടെ പിന്തുണച്ചുവന്ന മാദ്ധ്യമങ്ങൾപോലും ദൃശ്യങ്ങൾ കണ്ടു സത്യം ബോദ്ധ്യപ്പെട്ടതോടെ ഇക്കാര്യത്തിൽ നിലപാടു മാറ്റിയില്ലേ? എന്നിട്ടും ക്രിസംഘി വിസി വിടാൻ തയ്യാറല്ല; അവരുടെ തുണക്കാരനായ താങ്കളും.
എന്തേ വിദ്യാർത്ഥിനേതാവായിരുന്ന റോജിയ്ക്ക് വിദ്യാർത്ഥികളെ കണ്ടീഷണൽ ആയി പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന നിലപാടുപോലും സ്വീകരിക്കാൻ കഴിഞ്ഞില്ല? പകരം ഹാജർ ഇല്ല എന്ന മറ്റൊരു കള്ളം പറഞ്ഞ് സർവകലാശാലയെ പിന്തുണയ്ക്കുകയായിരുന്നു. മറ്റൊരു രംഗവും കൂടി കണ്ടു. അത് എന്റെ മാതൃവിദ്യാലയമായിരുന്ന മഹാരാജാസിൽ. കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം അന്യായമായി മുടക്കിയ താങ്കളെ ബിരുദദാനച്ചടങ്ങിന്റെ വേദിയിൽ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളെ.
എന്താ, മി. റോജി ജോൺ പഴയൊരു NSUI പ്രസിഡന്റ് അല്ലേ? വേണ്ടത്ര വാഗ്വൈഭവവും ഉണ്ടല്ലോ. ആ ചോദ്യത്തിനു മറുപടി കൊടുത്തൂടെ? സംവാദമായിക്കൂടെ? എന്തിനാണ് പകരം ചടങ്ങു മുടക്കി എന്ന നുണക്കഥ ഇറക്കി ജനങ്ങളെ ആകെ തെറ്റിദ്ധരിപ്പിക്കുന്നത്? നമ്മുടെയെല്ലാം കാലത്തുനിന്ന് ഇന്നത്തെ ജെൻസിയുടെ പ്രത്യേകത irreverence ആണ്. അഖിലേന്ത്യാടിസ്ഥാനത്തിൽ ഈ തലമുറയുടെ സമരം നയിക്കാനല്ലേ തങ്കളുടെ പാർട്ടിയും ശ്രമിക്കുന്നത്? എന്തിന് സംഘപരിവാർ നിലപാടിനൊപ്പം നിന്ന് വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുന്നു? അതോ കേരളത്തിൽ എന്താ ഇതൊന്നും ബാധകമല്ല എന്നാണോ?
എന്നിട്ടിപ്പോൾ അവസാനം ചെയ്തിരിക്കുന്നത് എന്ത്? മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാനെയും വൈസ് ചെയർമാനേയും സസ്പെൻഡ് ചെയ്യുക. ഞങ്ങൾ ഒത്തിരിപ്പേർ അവിടെ ചെയർമാനും വൈസ് ചെയർമാനും കൗൺസിലർമാരും മറ്റുമായിരുന്നവരുണ്ട്. ഞങ്ങൾ എല്ലാവരുംകൂടെ ഇറങ്ങിയാലേ സൽബുദ്ധി തോന്നൂ എന്ന നിലപാട് എടുക്കല്ലേ. വേറെ എന്തൊക്കെ ഉന്നതവിദ്യാഭ്യാസത്തിൽ ചെയ്തുതീർക്കാനുണ്ട്. ഉന്നതവിദ്യാഭ്യാസം കുട്ടിച്ചോറാക്കി, നാ കണ്ട കഞ്ഞിയാക്കി, സ്വന്തം അജൻഡകൾ നടപ്പാക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾക്കല്ലേ താങ്കൾ ഇതിലൂടെയെല്ലാം ഒത്താശ ചെയ്യുന്നത്.
സംഘിയായ ഗവർണ്ണർ നിയമിച്ച വിസിമാർ നടത്തുന്ന നീക്കങ്ങൾ എന്തിനുള്ളതാണെന്നു മനസിലാക്കാനുള്ള വിവേകം താങ്കൾക്ക് ഇല്ലെന്നുണ്ടോ? അതോ മുഖ്യമന്ത്രിയെപ്പോലെ സംഘപരിവാർ അജൻഡകൾ നടപ്പാക്കിക്കൊടുക്കുക എന്ന ദൗത്യം ഏറ്റെടുത്ത കൃസംഘിയായി ചരിത്രത്തിൽ അറിയപ്പെടാനാണോ താങ്കളും ആഗ്രഹിക്കുന്നത്? നാളെ ഇതുപോലൊരു പ്രശ്നത്തിൽ കെഎസ്‌യുക്കാർ പ്രതിഷേധിക്കുകയും വിസി സമാനമായ പ്രതികാരനടപടി സ്വീകരിക്കുകയും ചെയ്തുകൂടെന്നില്ലല്ലോ. അപ്പോഴും താങ്കൾ സംഘി അജൻഡയ്ക്കൊപ്പം നില്ക്കുമോ?
നിർദ്ദോഷികളായ, സ്വന്തം വിദ്യാഭ്യാസാവശ്യത്തിനായി പ്രതിഷേധിച്ച, ഇത്രയും വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാതെ അവരുടെ ഭാവി അപകടപ്പെടുത്താൻ താങ്കളെപ്പോലൊരു മുൻവിദ്യാർത്ഥിരാഷ്ട്രീയനേതാവിന് എങ്ങനെ കഴിയുന്നു? അതോ, അധികാരവും 'താടിയുള്ളപ്പനോടുള്ള' പേടിയും താങ്കളെയും കീഴടക്കിക്കഴിഞ്ഞോ? രാജ്യത്തിനായി പോരാടുന്ന യുവതയുമായി ഐക്യപ്പെട്ടുവരുന്ന പൊതുസമൂഹം, വിശേഷിച്ചും ആ കുട്ടികളുടെ പ്രായത്തിലുള്ള രക്ഷിതാക്കൾ, താങ്കളിൽ ഒരു ഫാഷിസ്റ്റ് മുഖം കണ്ടെത്തുമെന്നെങ്കിലും താങ്കൾ ഓർക്കണം. പ്രബുദ്ധകേരളം എല്ലാം വിലയിരുത്തുമെന്ന് മി. റോജി എം ജോൺ മറക്കരുത്'.


Click it and Unblock the Notifications
