Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളെ നന്നാക്കാന്‍ നല്‍കുന്ന ചെറിയ ശിക്ഷക്ക് പോലും അധ്യാപകനെതിരെ കേസ്; വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: വിദ്യാര്‍ത്ഥികളുടെ നല്ല ഭാവി കരുതി അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും അവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്ന നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പഠനം മെച്ചപ്പെടുത്തുന്നതിനും അച്ചടക്കം ശീലിപ്പിക്കുന്നതിനുമായി അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകളുടെ പേരില്‍ വരുന്ന പരാതികളില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കണം എന്ന് ഹൈക്കോടതി പറഞ്ഞു.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. സ്‌കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരില്‍ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അധ്യാപകന് നോട്ടീസ് നല്‍കണം. ശേഷം പ്രാഥമികാന്വേഷണം നടത്തി പരാതിയില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

high court

ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ തന്റെ മകനെ അധ്യാപകന്‍ വടി കൊണ്ട് തല്ലി എന്ന് ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ ഹര്‍ജിയില്‍ വിഴിഞ്ഞം പൊലീസ് എടുത്ത ക്രിമിനല്‍ കേസിലാണ് ഹൈക്കോടതിയുടെ നടപടി. അധ്യാപകന് മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് വിദ്യാര്‍ത്ഥികളുടെ സ്വഭാവവും അച്ചടക്കവും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാന്‍ അധ്യാപകര്‍ക്ക് പേടിയാണ് എന്നും കോടതി നിരീക്ഷിച്ചു.

വിദ്യാര്‍ത്ഥികളുടെ നല്ലതിന് വേണ്ടി എന്തെങ്കിലും ചെയ്താല്‍ പോലും തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് വരും എന്ന ഭീതിയിലാണ് അധ്യാപകര്‍ എന്നും കോടതി പറഞ്ഞു. മുന്‍കാലങ്ങളില്‍ അധ്യാപകര്‍ ഏര്‍പ്പെടുത്തിയിരുന്ന അച്ചടക്ക നടപടികള്‍ വിദ്യാര്‍ത്ഥികളുടെ ഭാവി മികച്ച രീതിയില്‍ രൂപപ്പെടുത്താന്‍ സഹായിച്ചിരുന്നു എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

'ഒരു വിദ്യാര്‍ത്ഥിയുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ ഉന്നതിയില്‍ ഒരു അധ്യാപകന് വലിയ പങ്കുണ്ട്. സ്‌കൂളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികളുടെ മികച്ച ഭാവിക്കു വേണ്ടി മാതാപിതാക്കള്‍ അധ്യാപകര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും കൂടിയാണ് നല്‍കുന്നത്. അധ്യാപകര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുമ്പോള്‍ അവിടെ ക്രിമിനല്‍ കേസ് പോലുള്ള ഭീഷണികള്‍ ഉണ്ടാകരുത്,' കോടതി പറഞ്ഞു.

അതേസമയം എല്ലാ അധ്യാപകരുടേയും എല്ലാ പ്രവര്‍ത്തികളും നല്ലതാണ് എന്ന് പറയാനാകില്ല എന്നും അതേസമയം ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷ നല്‍കുന്നതിന്റെ പേരിലോ അധ്യാപക സമൂഹമാകെ കേസ് നേരിടേണ്ടി വരുന്നത് സ്ഥിതി സ്വീകാര്യമല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. ഇന്നത്തെ യുവതലമുറയുടെ സ്വഭാവം ഭയപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു.

'യുവാക്കള്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നു. ചിലര്‍ ലഹരിക്കും മദ്യത്തിനും അടിപ്പെടുന്നു. മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. അധ്യാപകരുടെ നിഴല്‍ പോലും അച്ചടക്കത്തോടെ ഇരിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തുന്നതും അവരെ കായികമായി ആക്രമിക്കുന്നതും പോലുള്ള വാര്‍ത്തകളാണ് വരുന്നത്,' കോടതി ചൂണ്ടിക്കാട്ടി.

അധ്യാപകരുടെ ജോലി പഠിപ്പിക്കുക മാത്രമല്ലെന്നും മറിച്ച് അടുത്ത തലമുറയ്ക്ക് പ്രചോദനവും ലക്ഷ്യബോധവും ഉണ്ടാക്കി നല്‍കല്‍ കൂടിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നവരാണ് അധ്യാപകര്‍. അധ്യാപകനെതിരെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ട പരാതി ലഭിച്ചാല്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത മേലുദ്യോഗസ്ഥന്റെ അനുമതിയോടെ അന്വേഷണ ഉദ്യോഗസ്ഥന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രാഥമികാന്വേഷണം നടത്തണം എന്നും കോടതി നിര്‍ദേശിച്ചു.

പരാതിയില്‍ കഴമ്പുണ്ട് എന്നു തോന്നിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാം. ഇത്തരം കാര്യങ്ങളില്‍ പ്രാഥമികാന്വേഷണം നടത്തണമെന്ന് ബിഎന്‍എസ് വകുപ്പ് 173(3)ല്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+