''പുതുപ്പള്ളിയെ അയോദ്ധ്യയാക്കരുത്''; പ്രതിപക്ഷ നേതാവിനോട് സിപിഎം നേതാവ് കെ അനിൽ കുമാർ
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ പുതുപ്പള്ളിയുടെ പേരിൽ നേതാക്കൾ തമ്മിലുളള വാക്പോര് കടുക്കുന്നു. പുതുപ്പള്ളിയെ അയോധ്യയാക്കരുത് എന്ന് യുഡിഎഫിനോട് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് സിപിഎം സംസ്ഥാന സമിതി അംഗം കെ അനിൽ കുമാർ. ഫേസ്ബുക്കിലൂടെ പ്രതിപക്ഷ നേതാവ് വിഡി സതീശന് തുറന്ന കത്ത് എഴുതിയാണ് അനിൽ കുമാറിന്റെ പ്രതികരണം.
കെ അനിൽ കുമാറിന്റെ കുറിപ്പ്: വിഡി സതീശൻ്റെ പുണ്യവാള രാഷ്ട്രീയത്തിനു് മറുപടിയില്ലേ? ബഹു:പ്രതിപക്ഷ നേതാവേ, അങ്ങേയ്ക്ക് ഒരു തുറന്ന കത്ത് അയച്ചിരുന്നു. ആദരണീയനായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിനു ശേഷം താങ്കൾ അദ്ദേഹത്തോടുള്ള മുൻ നിലപാട് മാറ്റുന്നതായി കണ്ടു. ഉമ്മൻ ചാണ്ടിയെ പുണ്യവാളനായി പ്രഖ്യാപിക്കാൻ മത നേതൃത്വത്തോട് എറണാകുളത്തെ അനുശോചന യോഗത്തിൽ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിൽ വിശ്വാസത്തെ ദുരുപയോഗിക്കരുതെന്ന് അങ്ങേയ്ക്കും അറിയുമല്ലോ. തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് കേസിൻ്റെ വിധിയിൽ കേസ് പ്രഥമദൃഷ്ട്യാ നിലനില്ക്കുമെന്ന് ബഹു: കേരള ഹൈക്കോടതിയുടെ ഒരു വിധി നിലവിലുണ്ട്. യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനോട് ഒരു മാധ്യമം പ്രതികരണമാവശ്യപ്പെട്ടപ്പോൾ ''നിങ്ങൾ പള്ളിയിലേക്ക് വരൂ, അവിടെ മറ്റു ചാനലുകൾ എത്തിയിട്ടുണ്ട്, ഒരുമിച്ച് പ്രതികരിക്കാം" എന്നു ചാണ്ടി ഉമ്മൻ മറുപടി പറയുന്നത് കണ്ടു.
ആരാധനാലയത്തെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയാക്കാൻ ചാണ്ടി ഉമ്മൻ ഒരു മാധ്യമത്തെ പള്ളിയിലേക്ക് ക്ഷണിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. താങ്കളുടെ പുണ്യവാള രാഷ്ട്രീയത്തിൻ്റെ വഴിയിൽ സ്ഥാനാർത്ഥി സഞ്ചരിച്ചത് അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ അയോഗ്യത നൽകിക്കഴിഞ്ഞു. അതിനാൽ രണ്ടാമതും ഒരു കത്തു കൂടി അയക്കുന്നു.
താങ്കൾക്ക് ഉമ്മൻ ചാണ്ടിയോടുള്ള "സ്നേഹം'' ഈ നാട് എപ്പോഴും കണ്ടറിഞ്ഞതാണ്. ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിൽ കേരള സർക്കാരിന് പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നുവല്ലോ. അതിൻ്റെ സാഹചര്യം ഒരുക്കിയതിൽ ഉത്തരവാദിത്തം താങ്കൾ കൂടി പങ്കിടേണ്ടതല്ലേ. പുണ്യവാള രാഷ്ട്രീയം താങ്കളുടെ അതിജീവനത്തിനാണെങ്കിലും ആരാധനാലയങ്ങളെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നത് ബിജെപിക്ക് സഹായകരമാണെന്ന വസ്തുത മറക്കരുത്. അതിനാൽ വീണ്ടും പറയട്ടെ.. പുതുപ്പള്ളിയെ അയോദ്ധ്യയാക്കരുത്''.












Click it and Unblock the Notifications