ആഗ്രഹങ്ങള്‍ നടത്തി എടുക്കാന്‍ ആരെയും കാത്തിരിക്കരുത്; ഇക്കാര്യം പറഞ്ഞുതന്നത് മകള്‍: സരിനും തിരക്കുകളുണ്ട്
സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ശിശുരോഗ വിദഗ്ധയായ ഡോ. സൗമ്യ സരിന്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഒരു ഡോക്ടറെന്ന നിലയില്‍ രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍കരണ വീഡിയോകളും ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അര്‍മേനിയയില്‍ നടത്തിയ വിനോദ യാത്രയുടെ വീഡിയോകളും ഫോട്ടോകളും സൗമ്യ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. അടുത്ത സുഹൃത്തിനൊപ്പമാണ് ഡോ. സൗമ്യ അര്‍മേനിയയിലേക്കു പോയത്.
രണ്ടു സ്ത്രീകള്‍ മാത്രമായി നടത്തിയ അര്‍മേനിയന്‍ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള ഫോട്ടോകള്‍ക്ക് താഴെ വ്യാപകമായി ഉയരുന്ന ചോദ്യങ്ങളുടെ സ്വഭാവത്തെയാണ് സൗമ്യ ചൂണ്ടിക്കാട്ടുന്നത്. ഭര്‍ത്താവും മക്കളും ഇല്ലാതെ സ്ത്രീകള്‍ മാത്രമായി പോകുന്ന വിനോദ യാത്രകളുടെ ഫോട്ടോകള്‍ക്ക് താഴെ വരുന്ന കമന്റുകളുടെ പൊതുസ്വഭാവമാണ് സൗമ്യ വിലയിരുത്തുന്നത്. സരിന്‍ എവിടെ, കുട്ടി എവിടെ എന്ന് ചിലര്‍ ആത്മാര്‍ത്ഥമായി അന്വേഷിക്കുമ്പോള്‍ ചിലര്‍ ചൊറിയാനായും ഈ ചോദ്യം ചോദിക്കാറുണ്ട്.
കുടുംബം കൂടെ ഇല്ലാത്തതില്‍ ചിലര്‍ക്കെങ്കിലും കല്ലുകടിയായി തോന്നാം. അതേസമയം ഫ്രണ്ട്‌സുമായി ട്രിപ്പ് പോകുന്ന ആണുങ്ങള്‍ ഒരിക്കലും ഈ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നില്ലെന്നത് ശ്രദ്ധേയമാണെന്നും സൗമ്യ പറയുന്നു.

കുടുംബാംഗങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കിലും അവരെയും നിര്‍ബന്ധിച്ച് കൊണ്ടു പോകുന്നതിന് പകരം ഒറ്റയ്ക്ക് ട്രിപ്പ് പോവുക എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത് മകള്‍ പകര്‍ന്നു നല്‍കിയ ചിന്തകള്‍ ആണെന്നും സൗമ്യ പറയുന്നു. അതോടെ നമ്മുടെ ഇഷ്ടങ്ങള്‍ മാത്രം മുന്‍നിര്‍ത്തി മറ്റുള്ളവരെ നിര്‍ബന്ധിക്കുന്നത് അവസാനിപ്പിച്ചതായി സൗമ്യ പറയുന്നു. ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ സ്ത്രീകള്‍ ആരെയും കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും ഫ്രണ്ട്‌സുമായി ട്രിപ്പ് പോകുന്നത് ഒരു മികച്ച അനുഭവമാണെന്നും സൗമ്യ പറയുന്നു.
സൗമ്യ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഭർത്താവോ മക്കളോ ഇല്ലാതെ സ്ത്രീകൾ ഒരു ട്രിപ്പിന്റെ ഫോട്ടോ ഇട്ടാൽ താഴെ വന്നു "കൗതുകം "പങ്കു വെക്കുന്ന അഭ്യൂദയകാംക്ഷികൾക്ക് ഇപ്പോഴും നമുക്കിടയിൽ പഞ്ഞമില്ല. എന്റെ പോസ്റ്റുകൾക്ക് താഴെയും "സരിൻ എവിടെ, പാപ്പു എവിടെ" എന്ന അന്വേഷണങ്ങൾ ഉണ്ടായിരുന്നു. ചിലർ ചൊറിയാൻ ചോദിക്കുമ്പോൾ ചിലർ ആത്മാർഥമായി ചോദിക്കുന്നതാണ്. അതെന്താ അവർ കൂടെ ഇല്ലാത്തത് എന്ന് ന്യായമായും ചിലർക്ക് ഒരു കല്ലുകടി ആയി തോന്നുന്നു എന്നത് സത്യമാണ്. അതിലും തമാശ ഈ ചോദ്യം ഒരിക്കലും ആണുങ്ങൾക്ക് നേരിടേണ്ടി വരുന്നില്ല എന്നത് കൂടിയാണ്. ഫ്രണ്ട്സുമായി ട്രിപ്പ് പോയ ഏതെങ്കിലും ആണുങ്ങളോട് ഭാര്യയെവിടെ കുട്ടിയെവിടെ എന്ന് ചോദിച്ചു ഞാൻ കണ്ടിട്ടില്ല.
അപ്പൊ പറയട്ടെ, എനിക്ക് ഈ ചോദ്യങ്ങളോട് ഒട്ടും തന്നെ അതൃപ്തി ഇല്ലാ ട്ടോ. കാരണം കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഞാനും അവരെ പോലെ ആയിരുന്നു. ട്രിപ്പ് പോകുക എന്നാൽ കുടുംബത്തോടൊപ്പം മാത്രം. അല്ലാതെ ഒരു യാത്ര ഞാൻ പോയിട്ടില്ല ഇതുവരെ. എന്റെ ആ ചിന്താഗതി മാറ്റിയത് പാപ്പു ആണ്. അവൾ വളർന്നു തുടങ്ങിയതോടെ എന്റെ ഒരുപാട് തെറ്റിദ്ധാരണകൾ മാറി എന്ന് പറയാം.
എനിക്ക് യാത്രകൾ അത്രക്ക് ഇഷ്ടമാണ്. ഞാൻ ജോലി ചെയ്തു വാങ്ങുന്ന ശമ്പളം അധികവും പൊട്ടിക്കുന്നത് യാത്രകൾക്കാണ്. മരിക്കുന്നതിന് മുമ്പ് ഈ ലോകം പരമാവധി കാണുക എന്ന ഒരൊറ്റ ആഗ്രഹമേ എനിക്കുള്ളൂ. വേറൊന്നിനും കാശ് കൂട്ടി വെക്കുന്ന സ്വഭാവം എനിക്കില്ല. പക്ഷെ പോകുമ്പോ കുടുംബവും വേണം എന്നൊരു വാശി എപ്പോഴും എനിക്ക് ഉണ്ടായിരുന്നു. കണ്ടതും കേട്ടതും ജീവിച്ചതുമായ സാഹചര്യങ്ങൾ അങ്ങനെ ആയത് കൊണ്ട് ഉണ്ടായ ചിന്ത ആണത്. സ്ത്രീകൾക്ക് വേറൊരു ഓപ്ഷൻ ഉണ്ടോ എന്ന് പോലും ഞാൻ ആലോചിച്ചിട്ടില്ലായിരുന്നു. സരിൻ പൊതുകാര്യങ്ങളുമായി വളരെ തിരക്കിൽ ഓടുന്ന ആളാണ്. എങ്കിലും എന്റെ വാശികൾക്ക് മുമ്പിൽ അഡ്ജസ്റ്റ് ചെയ്തു പരമാവധി യാത്രകളിൽ കൂടെ വരാറുണ്ട്. യാത്ര പോകേണ്ട സ്ഥലവും ബാക്കി കാര്യങ്ങളും ഓക്കെ എന്റെ തീരുമാനമാണ്. അവർ കൂടെ വന്നോളണം എന്നൊരു ലൈൻ. അല്പം വാശി ഓക്കെ ഉള്ള കൂട്ടത്തിൽ ആണേ... അതുകൊണ്ട് ആ പാവങ്ങൾക്ക് എന്റെ കൂടെ വരിക എന്നൊരു ഓപ്ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
പക്ഷെ ഇത് അധിക നാൾ തുടർന്നില്ല. പാപ്പു വലുതായി. കുറച്ചു നാൾ മുമ്പ് അവൾ എന്റെ ഒരു ട്രിപ്പ് പ്ലാൻ കേട്ടിട്ട് ഒരു ദയയുമില്ലാതെ നോ പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. " നിങ്ങളോട് ഞാൻ ഇത്ര ബുദ്ധിമുട്ടുള്ള കാര്യം ആണോ പറയുന്നത്? ട്രിപ്പ് പോവാം എന്നല്ലേ... എല്ലാം ഞാൻ നോക്കാമല്ലോ... കൂടെ വന്നാ പോരെ... നിനക്ക് ഓക്കെ അഹങ്കാരം ആണ്. ചെറുപ്പത്തിൽ ഞാനൊക്കെ ഒരു ട്രിപ്പ് പോകാൻ കൊതിച്ചിട്ടുണ്ട്..... " അങ്ങനെ ഞാൻ ടിപ്പിക്കൽ മമ്മി ആയി അവളോട് ചീറ്റി... സരിൻ മിണ്ടാതെ ഇതൊക്കെ കേട്ടിരുന്നു.
എല്ലാം കഴിഞ്ഞപ്പോ അവൾ പറഞ്ഞു "അമ്മ, യാത്രകൾ പോകുക എന്നത് അമ്മയുടെ പാഷൻ ആണ്. ഞങ്ങളുടെ അല്ല. എനിക്ക് ചില പ്രത്യേക സ്ഥലങ്ങൾ കാണാൻ ഇഷ്ടമാണ്. പക്ഷെ എല്ലായിടത്തും പോകാൻ താല്പര്യം ഇല്ലാ. അച്ഛനും പല തിരക്കും ഉണ്ട്. അമ്മക്ക് വേണ്ടി അതെല്ലാം മാറ്റി വെച്ച് വരുന്നതാണ്. അമ്മക്ക് ഇഷ്ടമുള്ളിടത്തു അമ്മക്ക് പോകാം. എന്തിനാ ഞങ്ങൾ എപ്പോഴും വേണം എന്ന് വാശി പിടിക്കുന്നത്? നമ്മൾ മൂന്നു പേരും different individuals ആണ്. താല്പര്യങ്ങളും. അതോണ്ട് ഇങ്ങനെ വാശി പിടിക്കരുത്."
അത് സത്യത്തിൽ എനിക്കൊരു തിരിച്ചറിവ് ആയിരുന്നു. എല്ലാവരുടെയും പ്രയോറീട്ടികൾ ഒന്നല്ല. ഇഷ്ടങ്ങൾ ഒന്നല്ല. എല്ലാവരും ആഗ്രഹിക്കുമ്പോൾ മാത്രമേ ഒരുമിച്ചു ഒരു കാര്യം ചെയ്യാൻ പാടൂ. അല്ലാതെ നമ്മുടെ ഇഷ്ടങ്ങൾ മാത്രം നോക്കി അവരെ നിർബന്ധിക്കരുത്. അവർ അപ്പോൾ ചെയ്യാൻ ആഗ്രഹിക്കുന്നത് മറ്റെന്തെങ്കിലും ആകാം. അവർ അത് ചെയ്യട്ടെ. നമ്മൾ നമുക്ക് ഇഷ്ടമുള്ളത് ചെയ്യുക.
അങ്ങനെ ആണ് ഞാനും നിഷയും ഒരുമിച്ചു ഒരു ട്രിപ്പ് പ്ലാൻ ചെയ്തത്.
എന്റെ പ്രായമുള്ള പെണ്ണുങ്ങളോടാണ്. നമ്മുടെ ആഗ്രഹങ്ങൾ നടത്തി എടുക്കാൻ ആരെയും കാത്തിരിക്കേണ്ട ആവശ്യം ഇല്ലാ ട്ടോ... നമ്മുടെ ഭർത്താക്കന്മാരെയും ആങ്ങളമാരെയും ഓക്കെ പോലെ ഒരു ഫ്രെണ്ട്സ് ട്രിപ്പ് അടിച്ചു നോക്കൂ... അടിപൊളി ആണ്...
കുടുംബത്തോടൊപ്പം പോകുന്നത് സന്തോഷം തന്നെയാണ്. പക്ഷെ അത് മാത്രമല്ല സന്തോഷം എന്നത് തിരിച്ചറിയണം.
ഭർത്താവും കുട്ടികളും ഓക്കെ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. അതിൽ വേറെയും ആളുകൾ ഉണ്ട്. നമ്മുടെ അച്ഛനമ്മമാർ, സുഹൃത്തുക്കൾ അങ്ങിനെ അങ്ങിനെ... ഓരോരുത്തരും നമുക്ക് നൽകുന്ന സന്തോഷം വ്യത്യസ്തമാണ്.
ഇത്തവണ 5 ദിവസങ്ങൾ ഞാനും നിഷയും ആദ്യമായി ഒരുമിച്ചു നിൽക്കുകയായിരുന്നു. ഈ അഞ്ചു ദിവസങ്ങൾ ഞങ്ങൾ ആസ്വദിച്ച പോലെ ഒരിക്കലും ഞങ്ങൾക്ക് കുടുംബത്തോടൊപ്പം അതെ രീതിയിൽ ആസ്വദിക്കാൻ കഴിയും എന്ന് തോന്നുന്നില്ല. ഞങ്ങൾ അത്രക്ക് സംസാരിച്ചു. ജീവിതത്തിൽ ആദ്യമായി പലതും കണ്ടു, അനുഭവിച്ചു. സത്യത്തിൽ ഞങ്ങളുടെ സ്വഭാവങ്ങളിലെ നല്ല വശങ്ങൾ മാത്രമേ ഞങ്ങൾക്ക് പരസ്പരം അറിയുമായിരുന്നുള്ളു. കൂടുതൽ സമയം ഒരുമിച്ചു ചിലവഴിച്ചപ്പോഴാണ് അത്രക്ക് നല്ലതല്ലാത്ത വശങ്ങളും ഞങ്ങൾ കണ്ടത് (അതിൽ കൂടുതൽ എന്റെ ആയിരുന്നു എന്ന് പറയുന്നതിൽ എനിക്ക് അഭിമാനമേ ഉള്ളു 🫢)... പക്ഷെ അതെല്ലാം സൗഹൃദങ്ങളെ കൂടുതൽ ദൃഡ്ഢമാക്കുകയേയുള്ളു.
അപ്പോ പറഞ്ഞു വന്നത് ഇത്രയേ ഉള്ളു...
ഒരിക്കലും സമയം കഴിഞ്ഞു എന്ന് കരുതരുത്. ഈ ലോകം നമ്മൾ പെണ്ണുങ്ങൾക്കും കൂടി ഉള്ളതാണ്.
എല്ലാം ശെരിയായി ലോകം കാണാം എന്ന് കരുതി ഇരുന്നാൽ അതൊരിക്കലും ഉണ്ടാകില്ല.
ഇന്ന്... ഇപ്പോൾ...ഇവിടെ....
അതാണ് ജീവിതം!
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications