അർജുന്‍ ലോറിക്ക് പുറത്തായിരുന്നോയെന്ന് സംശയം: എൻജിൻ ഓണ്‍ ആയതായി ജിപിഎസ് കാണിച്ചില്ലെന്നും മനാഫ്
കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചില്‍ എട്ടാം ദിനവും തുടരുകയാണ്. റഡാർ ഉള്‍പ്പെടേയുള്ള കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ചുകൊണ്ടായിരിക്കും ഇന്നത്തെ തിരച്ചില്‍. ലോറിയുടെ സാന്നിധ്യം കരഭാഗത്ത് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് സൈന്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഗംഗാവലി നദിക്കടിയിൽ നിന്ന് കിട്ടിയ സിഗ്നല്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്ന് പ്രധാനമായും പരിശോധന നടത്തുക. കുടുംബം പറഞ്ഞ സ്ഥലങ്ങളിൽ എല്ലാം പരിശോധന നടത്തിയെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.
മണ്ണിടിച്ചിലുണ്ടായ സമയത്ത് അർജുന്‍ ലോറിക്ക് പുറത്തായിരുന്നോയെന്ന സംശയം ഇപ്പോഴുണ്ടെന്ന് വ്യക്തമാക്കി ലോറി ഉടമ മനാഫും രംഗത്ത് എത്തി. 'ആ വീട്ടുകാരെ വിഷമിപ്പിക്കണ്ടെന്ന് വെച്ച് ഞാന്‍ ഉള്ളില്‍ വെച്ച ഒരു കാര്യമാണ്. ചിലപ്പോള്‍ അർജുന്‍ ലോറിക്ക് പുറത്തായിരിക്കും നിന്നിട്ടുണ്ടാവുക. ഞാന്‍ മാറ്റിമാറ്റി പറയുകയാണെന്ന് വിചാരിക്കരുത്. നമ്മുടെ ടെന്‍ഷന്‍ കൊണ്ട്' ഓരോന്ന് ചിന്തിച്ച് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലോറിയുടെ എന്‍ജിന്‍ പിറ്റേദിവസം സ്റ്റാർട്ട് ആയെന്ന് ജിപിഎസില്‍ കണ്ടെത്തിയിട്ടില്ല. അങ്ങനെ ഒരു പ്രചരണം ആരോ തെറ്റായി നടത്തിയതാണ്. അക്കാര്യം പിന്നീട് പലരും ഏറ്റുപിടിച്ച് പ്രചരിപ്പിച്ചു. എന്നാല്‍ അത്തരം ഒരു കണ്ടെത്തല്‍ അന്വേഷണ ഏജന്‍സികളും അധികൃതരും സ്ഥിരീകരിച്ചിട്ടില്ല. ലോറി കമ്പനിയുടെ ആളുകള്‍ അങ്ങനെ എന്തെങ്കിലും പറഞ്ഞോയെന്ന് അറിയില്ലെന്നും മനാഫ് പറയുന്നു.
ഇന്ന് പ്രധാനമായും പുഴയിലായിരിക്കും തിരച്ചിലെങ്കിലും കനത്ത ഒഴുക്ക് വെല്ലുവിളിയാണ്. പ്രദേശത്ത് ഇടക്കിടെ ശക്തമായ മഴ പെയ്യുന്നതും തിരച്ചിലിന് തിരിച്ചടിയാണ്. പുഴയില്‍ അടിഞ്ഞ് കൂടിയ മണ്‍കൂനയ്ക്ക് 40 മീറ്റർ അടുത്ത് നിന്ന് സിഗ്നല്‍ ലഭിച്ചതാണ് പ്രതീക്ഷ. ഇതോടെ പുഴയോരത്തെ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു.
അതേസമയം മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ഒരു സ്ത്രീയുടെ മൃതദേഹം ഇന്ന് കണ്ടെത്തി.അപകടം നടന്ന സ്ഥലത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ ഗോകര്‍ണയില്‍ കടലിനോട് ചേർന്ന പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്ത വിവരം ഉത്തര കന്നഡ ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു.
ഷിരൂര്‍ മണ്ണിടിച്ചില്‍ ഉണ്ടായ ദിവസം പുഴയുടെ മറുകരയായ ഉള്ളാവരെയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ കാണാതായ സന്ന ഹനുമന്തപ്പയെന്ന സ്ത്രീയുടേതാണ് മൃതദേഹം എന്നാണ് നിഗമനം.
മണ്ണിടിച്ചിലില്‍ നദിയിലെ വെള്ളം ഇരച്ചെത്തിയപ്പോള്‍ വീടിനുള്ളില്‍ പാചകം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഇവരെന്നാണ് നാട്ടുകാർ പറയുന്നത്. മണ്ണിടിച്ചിലുണ്ടായ ദിവസം ഗംഗാവലിപ്പുഴയില്‍ വലിയ സ്‌ഫോടനവും ഭൂമികുലുക്കവും ഉണ്ടായി എന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. ഈ ഗ്രാമത്തില്‍ നിന്നും സന്ന ഹനുമന്തപ്പ ഉള്‍പ്പെടെ നാലുപേരെ കാണാതായിട്ടുണ്ട്.












Click it and Unblock the Notifications