'ഞാനിതാ കാത്തു നില്‍ക്കുന്നു, ഒരു വെടിയുണ്ട, അല്ലെങ്കില്‍ ജീവപര്യന്തം'; യുഎപിഎ അറസ്റ്റില്‍ വിമര്‍ശനം
കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയത് സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഇടത് ചിന്തകന്‍ ഡോ. ആസാദ്. ജീവന്‍ വേണമെങ്കില്‍ വീട്ടീല്‍ സൂക്ഷിച്ചിരിക്കുന്ന മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍, മാവോ, കാസ്ട്രോ, ഗുവേര തുടങ്ങി ഒട്ടേറെ പേരുടെ പുസ്തകങ്ങളില്‍ ഏത് കത്തിച്ച് കളയണമെന്ന് ആസാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സൂക്ഷിക്കാമോ? ഭരണകൂടവും വിപ്ലവവും എന്തു ചെയ്യണം? സുന്ദരയ്യയുടെ കത്ത് ആഭ്യന്തര സുരക്ഷിതത്വത്തിന് തടസ്സമാകുമോ? കെ വേണുവിനെ പറത്താക്കണോ? വലിയ വേലിയേറ്റങ്ങളില്‍ ഞങ്ങള്‍ നെഞ്ചോടു ചേര്‍ത്തു കാത്തുപോന്നവയാണ്. അതൊരു ചുവന്ന ഭരണത്തിന് തിരിച്ചെടുക്കണോയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ഡോ. ആസാദിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
അങ്ങനെ വലയം ചുരുങ്ങിച്ചുരുങ്ങി വരികയാണ്.
ഞാനിതാ ഏറ്റു പറയുന്നു.
മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍, മാവോ, കാസ്ട്രോ, ഗുവേര തുടങ്ങി ഒട്ടേറെ പേരുടെ പുസ്തകങ്ങള്‍ എന്റെ വീട്ടിലുണ്ട്. കത്തുകളും നോട്ടീസുകളും ലഘുലേഖകളുമുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിലെ ഒട്ടനവധി സംവാദ രേഖകളുണ്ട്. കോമിന്റോണ്‍ രേഖകളും കാണും. ഭരണകൂടമേ, ഒരു കയ്യാമവുമായി വരൂ.
ജീവന്‍ വേണമെങ്കില്‍ ഇതില്‍ ഏതൊക്കെയാണ് കത്തിച്ചു കളയേണ്ടത്? കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സൂക്ഷിക്കാമോ? ഭരണകൂടവും വിപ്ലവവും എന്തു ചെയ്യണം? സുന്ദരയ്യയുടെ കത്ത് ആഭ്യന്തര സുരക്ഷിതത്വത്തിന് തടസ്സമാകുമോ? കെ വേണുവിനെ പറത്താക്കണോ? വലിയ വേലിയേറ്റങ്ങളില്‍ ഞങ്ങള്‍ നെഞ്ചോടു ചേര്‍ത്തു കാത്തുപോന്നവയാണ്. അതൊരു ചുവന്ന ഭരണത്തിന് തിരിച്ചെടുക്കണോ?

പ്രിയപ്പെട്ട മുഖ്യമന്ത്രി, ഇതെല്ലാം 'ചിന്ത'യിലൂടെയും അല്ലാതെയും വാങ്ങിക്കൂട്ടിയ കുറ്റത്തിന് എന്റെ സഖാക്കള്‍ക്കെല്ലാം എതിരെ പൊലീസ് കേസെടുക്കുമോ? കൂട്ടുകാരൊത്ത് ബസ്റ്റോപ്പിലിരിക്കുമ്പോള്‍ ആരോ തന്ന നോട്ടീസ് വായിച്ചത് കുറ്റമാകുമോ? അമ്മമാര്‍ക്ക് ഒരു സ്വസ്ഥതയില്ല. ഏതോ കോടതിവിധി കേട്ട് ഗോര്‍ക്കിയുടെ അമ്മയും ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും ചെറുകാടിന്റെ ശനിദശയും അടുപ്പിലിട്ട അമ്മമാരുണ്ട്! എല്ലാം ശരിയാകുമെന്ന് വോട്ടുകുത്തി ആശ്വസിച്ചവരാണ്.
അങ്ങനെ വലയം ചുരുങ്ങിച്ചുരുങ്ങി വരികയാണ്.
ഞാനിതാ രണ്ടു കൈകളുമുയര്‍ത്തി കാത്തു നില്‍ക്കുന്നു. ഒരു വെടിയുണ്ട. അല്ലെങ്കില്‍ ജീവപര്യന്തം യു എ പി എ.
മാറി നില്‍ക്കാന്‍ ഏതിടം?
ഓടിപ്പോകാന്‍ ഏതു വഴി?
ഇടതുപക്ഷ ഭരണമേ, ഞങ്ങളിവിടെത്തന്നെയുണ്ട്.
(സി പി ഐ എം പ്രവര്‍ത്തകരായ അലനെയും താഹയെയും കോഴിക്കോട്ട് യു എ പി എ ചുമത്തി അറസ്റ്റു ചെയ്ത വാര്‍ത്ത കേട്ടപ്പോള്‍ എഴുതിയത്)
ആസാദ്
2 നവംബര്‍ 2019












Click it and Unblock the Notifications