സ്ത്രീവിരുദ്ധനെ സ്ഥാനാര്‍ത്ഥിയാക്കി ഇടതുപക്ഷം എന്ത് സന്ദേശമാണ് നല്‍കുന്നത്: ഡോ ബിജു
ചാലക്കുടി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും സിറ്റിംഗ് എംപിയായ ഇന്നസെന്‍റിനെ മത്സരിപ്പിക്കുന്നതിനെതിരെ ചാലക്കുടി പാര്‍ലമെന്‍ററി കമ്മിറ്റി രംഗത്തെത്തിയിരുന്നു. ഇന്നസെന്‍റിന് വിജയസാധ്യത ഇല്ലെന്നാണ് ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം. ഇതിനിടെ ഇന്നസെന്‍റിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സംവിധായകന്‍ ഡോ ബിജു രംഗത്തെത്തി. കടുത്ത സ്ത്രീ വിരുദ്ധത പുലര്‍ത്തുന്ന ഒരാളെ എങ്ങനെയാണ് ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയായി വീണ്ടും പരിഗണിക്കുന്നതെന്ന് തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ബിജു ചോദിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പ് വായിക്കാം

സമകാലിക കേരളത്തിൽ ഇടതു പക്ഷം ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട് ഒട്ടേറെ കാര്യങ്ങളിൽ. ലിംഗ സമത്വം , സ്ത്രീ പക്ഷ കാഴ്ചപ്പാടുകൾ തുടങ്ങിയ ഇടങ്ങളിൽ വലിയ നിലപാടുകൾ തന്നെയാണ് ഇടത് പക്ഷം ഉയർത്തിയത്. മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകൾ ആണ് മലയാള സിനിമാ താരങ്ങളുടെ സംഘടന ആയ എ എം എം എ പുലർത്തിയിരുന്നത്.
നടനും ആ സംഘടനയുടെ മുൻ പ്രസിഡന്റ്റ് കൂടിയായ ഒരു ഇടത് പക്ഷത്തെ എം പി ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് തീർത്തും പിന്തിരിപ്പനും കുറ്റാരോപിതന് പിന്തുണ നൽകുന്നതും ആയിരുന്നു. അത്തരത്തില്‍ ഉള്ള ആളെ വീണ്ടും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കരുതെന്ന് ഡോ ബിജു ഫേസ്ബുക്കില്‍ പറയുന്നു.
ദേശീയ ശ്രദ്ധ നേടിയ ഈ വിഷയത്തിൽ ഇടത് പക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു ജനപ്രതിനിധി എന്നത് പോലും മറന്ന് കടുത്ത സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും ഇടതു പക്ഷം സ്ഥാനാർഥി ആക്കുന്നത് പൊതു സമൂഹത്തിനു എന്തു സന്ദേശമാണ് നൽകുന്നത് എന്ന കാര്യത്തിൽ തികഞ്ഞ അത്ഭുതം ഉണ്ടെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഡോ ബിജു പറഞ്ഞു.












Click it and Unblock the Notifications