ഡോ. മാക്സ്വെൽ നൊറോണയുടെ വിയോഗം; നഷ്ടമായത് ആദ്യ തദ്ദേശീയ മെത്രാനെ
കോഴിക്കോട്: ഡോ. മാക്സ്‌വെൽ വലെന്റയിൽ നൊറോണ (93) യുടെ വിയോഗത്തോടെ കോഴിക്കോടിന് നഷ്ടമായത് ആദ്യ തദ്ദേശീയ മെത്രാനെ. കോഴിക്കോട് രൂപതയുടെ നാലാമത്തെ ഇടയനായിരുന്ന ബിഷപ് മാക്സ്‌വെൽ നീണ്ട 22 വർഷത്തോളമാണ് അതിനെ നയിച്ചത്. ബിഷപ് അൽദോ മരിയാ പത്രോണിയിൽനിന്ന് 1980ലായിരുന്നു അദ്ദേഹം രൂപതയുടെ നേതൃസ്‌ഥാനം ഏറ്റെടുത്തത്. 1923ൽ സ്‌ഥാപിതമായ രൂപതയെ അതുവരെ നയിച്ചിരുന്നത് വിദേശ മിഷനറിമാരായ ബിഷപ്പുമാരായിരുന്നു.
കായംകുളത്ത് 1926ൽ ജനിച്ച മാക്സ് വെൽ കുഞ്ഞായിരിക്കുമ്പോൾത്തന്നെ കുടുംബം മലബാറിലേക്കു കുടിയേറി. വടകര ബിഇഎം. ഹൈസ്‌കൂൾ, പയ്യോളി എലിമെന്ററി സ്‌കൂൾ, അഴിയൂർ ബോർഡ് ഹൈസ്‌കൂൾ, മാഹി ലബോർദനെ കോളജ് എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മംഗലാപുരം സെന്റ് ജോസഫ്‌സ് സെമിനാരിയിൽ വൈദിക വിദ്യാർഥിയായി. തുടർന്ന് കാൻഡി പേപ്പൽ സെമിനാരി, മംഗലാപുരം സെന്റ് അലോഷ്യസ് കോളജ്, കോഴിക്കോട് ഗവ. ട്രെയിനിങ് കോളജ് എന്നിവിടങ്ങളിലും വിദ്യാഭ്യാസം തുടർന്ന അദ്ദേഹം റോമിൽനിന്ന് സഭാ നിയമത്തിൽ ഡോക്‌ടറേറ്റും നേടി.

1952 ഓഗസ്‌റ്റ് 24ന് ശ്രീലങ്കയിലെ ട്രിങ്കോമാലി ബിഷപ്പിൽനിന്നാണു വൈദിക പട്ടം സ്വീകരിച്ചത്. തലശ്ശേരിയിലും കോഴിക്കോട്ടും അസിസ്‌റ്റന്റ് വികാരി ആയി സേവനമനുഷ്‌ഠിച്ച ഡോ. മാക്സ്‌വെൽ നൊറോണ, 1962 മുതൽ പത്തു വർഷം ചുണ്ടേൽ ആർ.സി. ഹൈസ്‌കൂൾ ഹെഡ്‌മാസ്‌റ്ററായിരുന്നു. 1979ൽ രൂപതാ വികാരി ജനറൽ ആയി. കോഴിക്കോട്ടെ പ്രവർത്തകാലത്ത് വിദ്യാലയങ്ങളും ആശുപത്രികളും ആരാധനാലയങ്ങളും അഗതിമന്ദിരങ്ങളും പാവപ്പെട്ടവർക്ക് വീടുകളും സ്വയം തൊഴിൽ സ്‌ഥാപനങ്ങളും നിർമിക്കാൻ മുൻകൈ എടുത്തു. സഭാ നവീകരണത്തിനാവശ്യമായ സെമിനാറുകൾ നടത്താനും പരിശീലനം നൽകാനും റിന്യൂവൽ സെന്റർ സ്‌ഥാപിച്ച ഡോ. മാക്സ് വെൽ നൊറോണ ജീവകാരുണ്യ മേഖലയിലും ശ്രദ്ധേയമായ മുന്നേറ്റങ്ങൾക്കായിരുന്നു കാർമികത്വം വഹിച്ചത്.












Click it and Unblock the Notifications