ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു, വിട വാങ്ങുന്നത് ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ വ്യക്തി
കോഴിക്കോട്: പ്രശസ്ത ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷനായിരുന്ന എംജിഎസ് കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗത്തിന്റെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകീട്ട് നാലുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ വെച്ച് നടക്കും.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയാണ് സ്വദേശമെങ്കിലും കോഴിക്കോടായിരുന്നു താമസം. കോഴിക്കോട്ടെ മലാപറമ്പിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യവും. എംജിഎസ് നാരായണന്‍ ആണ് ചേരരാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം നടത്തിയത്. ഈ പഠനത്തിന് ശേഷം പെരുമാള്‍ ഓഫ് കേരള എന്ന പുസ്തകം എഴുതി. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ്.

1932 ഓഗസ്റ്റ് 20 ന് മുറ്റായില്‍ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദ മേനോന്റയും മകനായി 1932 ഓഗസ്റ്റ് ഇരുപതിനാണ് എം ജി എസ് ജനിക്കുന്നത്. പരപ്പനങ്ങാടിയിലും പൊന്നാനി എ വി സ്‌കൂളിലുമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഒന്നാം റാങ്കോടെയാണ് ചരിത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയത്. ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുമ്പോള്‍ 22 വയസായിരുന്നു പ്രായം.
28-ാമത്തെ വയസില്‍ യുജിസി ഫെലോഷിപ്പില്‍ യൂണിവേഴ്‌സിറ്റിയില്‍ ചരിത്ര ഗവേഷണം ആരംഭിച്ചു. ശില താമ്ര ലിഖിതങ്ങള്‍ കണ്ടെത്തിയായിരുന്നു എം ജി എസിന്റെ ഗവേഷണം. ബ്രിട്ടനിലെയും റഷ്യയിലെയും സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1974 മുതല്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
1992- ല്‍ ആണ് ചരിത്ര വിഭാഗം തലവനായി കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു വിരമിക്കുന്നത്. പ്രൊഫ. ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ സഹായത്താല്‍ പഴയ ലിപികളും ഭാഷകളിലും പ്രാവീണ്യം നേടി. കേരള ചരിത്രം, തമിഴക ചരിത്രം, പ്രാചീന ഭാരതീയ ചരിത്രം, ചരിത്രരചനാ പദ്ധതി എന്നീ മേഖലകളിലായിരുന്നു എം ജി എസ് പ്രധാനമായും ശ്രദ്ധ പതിപ്പിച്ചിരുന്നത്.
ചരിത്ര സത്യങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, കോഴിക്കോട് ചരിത്രത്തില്‍ ചില ഏടുകള്‍, കോഴിക്കോടിന്റെ കഥ, കള്‍ച്ചറല്‍ സിംബോസിസ് ഇന്‍ കേരള, ആസ്‌പെക്ട്‌സ് ഓഫ് ആര്യനൈസേഷന്‍ ഇന്‍ കേരള, മലബാര്‍, കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, സാഹിത്യാപരാധങ്ങള്‍, ജാലകങ്ങള്‍; ഒരു ചരിത്രാന്വേഷിയുടെ വഴികള്‍, തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
അതേസമയം എംജിഎസ് നാരായണന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ഭരണാധികാരികളും ഭാഷാപണ്ഡിതന്മാരും മറ്റും നടത്തിവന്ന ചരിത്രരചനയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ പാതയാണ് എംജിഎസ് വെട്ടിത്തുറന്നത് എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. എംജിഎസിന്റെ വിടവാങ്ങല്‍ വലിയ നഷ്ടമാണ് എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം
ചരിത്ര പ്രമാണങ്ങളെ തേടിപ്പിടിച്ച് അവയെ സമഗ്രമായി അപഗ്രഥിച്ച് ശാസ്ത്രീയവും സത്യസന്ധവുമായി വ്യാഖ്യാനിക്കുന്ന ആഖ്യാന രീതിയാണ് എം ജി എസ് നാരായണനെ വേറിട്ടു നിര്‍ത്തുന്നത്. ഇന്ത്യന്‍ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം.
ഭരണാധികാരികളും ഭാഷാപണ്ഡിതന്മാരും മറ്റും നടത്തിവന്ന ചരിത്രരചനയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ പാതയാണ് എംജിഎസ് വെട്ടിത്തുറന്നത്. ആ വഴിയിലൂടെയാണ് പില്‍ക്കാലത്ത് പ്രമുഖ ചരിത്രകാരന്മാര്‍ പലരും സഞ്ചരിച്ചത്. ഐതിഹ്യങ്ങളെ അപ്പാടെ തള്ളിക്കളയാനല്ല, അവ നിര്‍വഹിക്കുന്ന സാമൂഹിക ധര്‍മ്മം അപഗ്രഥിച്ച് ചരിത്രത്തിന്റെ ഭാഗമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
ചരിത്രത്തെയും ചരിത്രരചനയെയും ഒരു വിജ്ഞാന രൂപമായി വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച അദ്ദേഹം വീണ്ടും പഠിക്കപ്പെടാനും അപഗ്രഥിക്കപ്പെടാനുമുള്ള രചനകളാണ് സമൂഹത്തിന് സംഭാവന ചെയ്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്രവിഭാഗം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നു.
ഒരു ഘട്ടത്തില്‍ അദ്ദേഹം ഇടതുപക്ഷത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയും നിശിതമായ വിമര്‍ശനമുയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷം ചരിത്രരചനയെ സങ്കുചിത താല്പര്യങ്ങള്‍ക്ക് അടിപ്പെടുത്താനുള്ള വലതുപക്ഷ സമ്മര്‍ദ്ദത്തെ ശക്തമായി ചെറുത്തു കൊണ്ട് അദ്ദേഹം നിലപാട് സ്വീകരിച്ചു. തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചു.
രാജ്യത്ത് സംഘപരിവാര്‍ ഭരണത്തില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ 2015 ല്‍ ശക്തമായ ഭാഷയിലാണ് അദ്ദേഹം മറ്റു ചരിത്രകാരന്മാര്‍ക്കൊപ്പം പ്രതിഷേധിച്ചത്. നോട്ടു നിരോധനത്തെ വിമര്‍ശിച്ചതിന് എംടി വാസുദേവന്‍ നായര്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടന്നപ്പോള്‍ മതനിരപേക്ഷ കേരളത്തിന്റെ ശബ്ദമായി അദ്ദേഹം എംടിക്ക് ഉറച്ച പിന്തുണ നല്‍കി.
ചരിത്രത്തെ സങ്കുചിത താല്പര്യങ്ങള്‍ക്കായി ദുര്‍വ്യാഖ്യാനിക്കാനും തിരുത്തിയെഴുതാനും സംഘടിത ശ്രമം നടക്കുന്ന ഇക്കാലത്ത് എംജിഎസിന്റെ വിടവാങ്ങല്‍ വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു












Click it and Unblock the Notifications