സാമൂഹ്യ സുരക്ഷാ മിഷന്‍ എംഡി സ്ഥാനത്ത് നിന്ന് മുഹമ്മദ് അഷീലിനെ മാറ്റി, തിരികെ ആരോഗ്യ വകുപ്പിലേക്ക്
തിരുവനന്തപുരം: ഡോ. മുഹമ്മദ് അഷീലിനെ സാമൂഹ്യ സുരക്ഷാ മിഷന്‍ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. കെകെ ശൈലജ ആരോഗ്യ മന്ത്രിയായിരിക്കെ ഡെപ്യൂട്ടേഷനിലാണ് ആരോഗ്യവകുപ്പില്‍ നിന്നും ഡോ മുഹമ്മദ് അഷീല്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ തലപ്പത്ത് എത്തുന്നത്. 5 വര്‍ഷം ആയിരുന്നു കരാര്‍ കാലാവധി. ഇത് അവസാനിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെയാണ് അദ്ദേഹം പദവി ഒഴിയുന്നത്.
ഡോ. മുഹമ്മദ് അഷീല്‍ തിരികെ ആരോഗ്യ വകുപ്പിലെ ചുമതലയിലേക്ക് തന്നെ പ്രവേശിക്കും. മുഹമ്മദ് അഷീലിന്റെ ഒഴിവില്‍ സാമൂഹ്യ നീതി ഡയറക്ടര്‍ ഷീബ ജോര്‍ജിനാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ഡോ. അഷീലിന്റെ തന്നെ ആവശ്യ പ്രകാരമാണ് അദ്ദേഹത്തെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നത് എന്നാണ് സൂചന. 5 വര്‍ഷത്തെ കരാര്‍ സാമൂഹ്യക്ഷേമ വകുപ്പ് പുതുക്കാത്ത പശ്ചാത്തലത്തിലാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ മന്ത്രി കെകെ ശൈലജ നയിച്ച കൊവിഡ് പ്രതിരോധ സംഘത്തിലെ പ്രധാനി ആയിരുന്നു ഡോ. മുഹമ്മദ് അഷീല്‍. കൊവിഡ് വ്യാപനം സംസ്ഥാനത്ത് മൂര്‍ധന്യത്തില്‍ എത്തി നിന്നിരുന്ന കാലത്ത് അടക്കം ടെലിവിഷന്‍ ചാനലുകള്‍ വഴിയും സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും ജനങ്ങളിലേക്ക് ബോധവത്ക്കരണം നടത്താന്‍ ഡോ. അഷീല്‍ നിരന്തരം ശ്രമിച്ച് കൊണ്ടിരുന്നു. ഫേസ്ബുക്ക് ലൈവുകളില്‍ വന്ന് കൊവിഡിനെ കുറിച്ച് ആളുകളുടെ ആശങ്കകളും സംശയങ്ങളും അകറ്റുന്നതിനും ഡോ. അഷീല്‍ വലിയ പങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇത്തരം ഇടപെടലുകള്‍ക്ക് വലിയ കയ്യടിയും ലഭിച്ചിരുന്നു.












Click it and Unblock the Notifications