'ഇളയ ദളപതി ഫാൻസ് ആണെന്ന് വെച്ച് കൊറോണ പകരാതിരിക്കൂല', വൈറലായി ഡോ. ഷിംന അസീസിന്റെ കുറിപ്പ്
ചെന്നൈ: തിയറ്ററുകളുടെ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്ത് മാറ്റിയ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ വിളിച്ച് വരുത്തിയിരിക്കുകയാണ്. തിയറ്ററില്‍ 100 ശതമാനവും ആളുകളെ പ്രവേശിപ്പിക്കാം എന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
ഡോക്ടര്‍മാരും ആരോഗ്യരംഗത്തെ വിദഗ്ധരും അടക്കം സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. സൂപ്പര്‍ താരം വിജയുടെ വമ്പന്‍ ചിത്രമായ മാസ്റ്റര്‍ ഈ മാസം 13ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഡോ. ഷിംന അസീസിന്റെ കുറിപ്പ് വായിക്കാം.

മാസ്‌ക് പോയിട്ട് കർച്ചീഫ് പോലും മുഖത്തില്ല
'' വിജയ് ചിത്രത്തിന് തമിഴ്‌നാട്ടിലെ തീയറ്ററുകളിൽ 100 ശതമാനം സീറ്റുകളും അനുവദിക്കാൻ അവിടത്തെ സർക്കാരിനെ ഇളയ ദളപതി തന്നെ നേരിട്ട് കണ്ട് സമ്മതം വാങ്ങിയെന്നൊക്കെയാണ് വാർത്തകൾ. സംഗതി കോവിഡ് കാലത്ത് തമിഴ്നാട്ടിൽ പോയി നോക്കിയിട്ടുള്ളവർക്കറിയാം, അവിടെ മാസ്‌ക് പോയിട്ട് കർച്ചീഫ് പോലും മുഖത്തില്ല. ആർക്കും ഇത്തമൊരു കൺസേണുമില്ല. എല്ലായിടത്തും തിരക്കുമ്പോൾ സിനിമ തിയറ്ററിൽ തിരക്കിയാലെന്താ എന്നാവും?

മുൻകരുതലുകളോടെ പുറത്തിറങ്ങുക
50% ഒക്യുപൻസി തന്നെ പ്രായോഗിക തലത്തിൽ ഒരു കോമഡിയാവാനാണ് സാധ്യത. അപ്പോഴാണ് ആവശ്യത്തിന് വായുസഞ്ചാരമില്ലാത്ത, എയർ കണ്ടീഷൻ ചെയ്‌ത മൊത്തമായി അടഞ്ഞയിടത്ത് യാതൊരു ബന്ധവുമില്ലാത്ത നൂറുകണക്കിന് ആളുകൾ തിക്കിത്തിരക്കി ഇരിക്കുന്നത്. അരി വാങ്ങാൻ പുറത്തിറങ്ങുന്നത് അത്യാവശ്യമാണ്. അവിടെ മുൻകരുതലുകളോടെ പുറത്തിറങ്ങുക തന്നെ വേണം. കാറ്റ് പുഴുങ്ങിതിന്ന് ജീവിക്കാൻ പറ്റുന്ന സ്‌ഥിതിയിലല്ലല്ലോ നമ്മളാരും.

കാര്യങ്ങൾ വല്ലാതെ കൈവിട്ട് പോവും
പക്ഷേ, 'രക്ഷിക്കൽ സ്‌പെഷ്യലിസ്‌റ്റും' ചോരയിൽ സിനിമബാധ കേറിയ ഫാൻസ് കൂട്ടവും കൂടി ഇങ്ങനെ ഇറങ്ങിയാൽ കാര്യങ്ങൾ വല്ലാതെ കൈവിട്ട് പോവും. എപ്പോൾ കോവിഡിനെക്കുറിച്ച് പോസ്റ്റിട്ടാലും കിട്ടാറുള്ള ചാപ്പയടിയും പുച്‌ഛവും പരിഹാസവും ഒന്നും മറന്നോണ്ടല്ല ഇതെഴുതുന്നത്. ഏതാണ്ടൊരു വർഷമായി ഞങ്ങൾ ആരോഗ്യപ്രവർത്തകർ ഇവിടെ കോവിഡിന്റെ പിറകെ നടക്കുന്നു, വേറെ എല്ലാവർക്കും ഏതെങ്കിലും വിധത്തിലൊരു മോചനമായി.

നന്റ്‌റി, വണക്കം
ഞങ്ങൾ ഇപ്പഴും ചങ്കരൻ ഓൺ ദ കോക്കനട്ട് ട്രീ എന്ന സ്‌ഥിതിയിലാണ്. അത് മാറണമെങ്കിൽ ഒഴിവാക്കാനാവുന്ന ഭാരങ്ങളെങ്കിലും സമൂഹത്തിൽ നിന്ന് കുറയണം, സ്വബോധവും സാമാന്യബോധവും വർക്ക് ചെയ്യണം. ഇളയ ദളപതി ഫാൻസ് ആണെന്ന് വെച്ച് കൊറോണ പകരാതിരിക്കൂല. നമ്മളൊന്നും വിചാരിക്കാതെ ഇതിനൊരന്ത്യം ഉണ്ടാവുകയുമില്ല. അപ്പോ ശരി, നന്റ്‌റി. വണക്കം'.