രമേശ് ചെന്നിത്തലയ്ക്ക് നന്ദി പറഞ്ഞ് ഡോ. ഷിംന അസീസ്; തൂഫാന്‍ വാരിയര്‍ ആയി ഒപ്പമുണ്ട് എന്ന് വാഗ്ദാനം
ലഹരി വിരുദ്ധ പോരാട്ടത്തിന് ചുക്കാന്‍ പിടിക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തയ്ക്ക് വന്ന പിശക് ചൂണ്ടിക്കാട്ടിയ ഡോ. ഷിംന അസീസ് മന്ത്രിയുടെ ക്ഷണം സ്വീകരിച്ചു. തൂഫാന്‍ വാരിയറായി എപ്പോഴും കൂടെയുണ്ടാകുമെന്നും ലഹരി മുക്തമായ നാടിന് വേണ്ടി കഴിയുന്ന സഹായം ചെയ്യുമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇപ്പോള്‍ ബിഹാറിലുള്ള ഷിംന നാട്ടിലെത്തിയാല്‍ രമേശ് ചെന്നിത്തലയെ കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.
രമേശ് ചെന്നിത്തലയ്ക്ക് സംഭവിച്ച പിശക് തിരുത്തിയപ്പോള്‍ നിരവധി പേരാണ് അവര്‍ക്കെതിരെ സൈബറിടങ്ങളില്‍ രംഗത്തുവന്നത്. എന്നാല്‍ ഇന്ന് രമേശ് ചെന്നിത്തല പിശക് സമ്മതിച്ചു. തിരുത്തുകയും ചെയ്തു. ഇത് നിലപാടുകളുടെ ഔന്നിത്യമായി ഉയരെ ശോഭിച്ച് നില്‍ക്കുന്നു എന്ന് ഷിംന അസീസ് പറയുന്നു. ഓപറേഷന്‍ തൂഫാന്‍ വാരിയറാകാനുള്ള മന്ത്രിയുടെ ക്ഷണം സ്വീകരിക്കുന്നു എന്നും ഷിംന പറയുന്നു.

ഷിംന അസീസിന്റെ കുറിപ്പ് വായിക്കാം: ''വൈദ്യശാസ്ത്രപരമായി തെറ്റായ ഒരു പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയത് മിന്നല്‍വേഗത്തില്‍ തിരുത്തുകയും, എന്നെ ഓപ്പറേഷന്‍ തൂഫാന്‍ വാരിയര്‍ ആവാന്‍ മെന്‍ഷന്‍ ചെയ്ത് ക്ഷണിക്കുകയും ചെയ്ത് കൊണ്ട് ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല എഴുതിയ പോസ്റ്റ് വായിച്ചു.
ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും എന്റെ നാടിനോടും സര്‍ക്കാരിനോടുമുള്ള നന്ദിയും കടപ്പാടും സ്‌നേഹവും അറിയിക്കുന്നു. എണ്ണമറ്റ മനുഷ്യരുടെ ജീവിതം മാറ്റിമറിക്കാനും ലഹരിയില്‍ നിന്ന് മുക്തരാക്കുവാനുമുള്ള യജ്ഞമായ ഓപ്പറേഷന്‍ തൂഫാനെ മുന്‍പ് ഇങ്ങ് ബിഹാറില്‍ നിന്നും ലഹരിക്കെതിരെ ചെയ്ത വിഡിയോയില്‍ ഉള്‍പ്പെടെ തുറന്ന് അഭിനന്ദിച്ചിട്ടുള്ള ഒരു വ്യക്തി എന്ന നിലയില്‍, ഇതില്‍പ്പരം അഭിമാനമില്ല.
നിലവില്‍ ഞാന്‍ ബിഹാറില്‍ ലോകാരോഗ്യസംഘടനയില്‍ ജോലി ചെയ്ത് വരികയാണ്. എണ്ണമറ്റ ലഹരിവിരുദ്ധ ക്ലാസുകളും എഴുത്തുകളും മറ്റുമായി വര്‍ഷങ്ങളായി ലഹരിക്കെതിരെ പൊരുതി വരുന്നു. ഇന്നലെ, ഈ പോസ്റ്റ് ഇട്ട സമയത്ത് പോലും പറഞ്ഞതിലെ ശാസ്ത്രീയതയോ വസ്തുതയോ മാനിക്കാതെ സൈബര്‍ ആക്രമണം ആയിരുന്നു എനിക്ക് നേരെ വാര്‍ത്താപേജ് കമന്റുകളില്‍ നിറഞ്ഞത്. എന്റെ പ്രൊഫൈലില്‍ ക്ഷമയോടെ അപ്പോഴും ഞാന്‍ ഓപ്പറേഷന്‍ തൂഫാന് വേണ്ടി സംസാരിച്ചു, പറഞ്ഞ ശാസ്ത്രത്തില്‍ ഉറച്ചു നിന്നു, വിശദീകരണങ്ങള്‍ നല്‍കി.
ഇന്ന്, സ്വയം തിരുത്തി മാതൃകയാകുന്ന, ഇന്നലെ നേരിട്ട എതിര്‍പ്രതികരണങ്ങള്‍ എല്ലാം നിഷ്പ്രഭമാക്കുന്ന രീതിയില്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുടെ 'തിരുത്ത്' നിലപാടുകളുടെ ഔന്നത്യമായി, മറുപടിയായി ഉയരെ ശോഭിച്ചു നില്‍ക്കുന്നു. മനസ്സ് നിറഞ്ഞിരിക്കുന്നു. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഏതറ്റം വരെയും നിരുപാധികം അങ്ങയുടെ സേനയില്‍ അംഗമായി നമ്മുടെ കേരളത്തോടൊപ്പം ഞാനുമുണ്ട്. എന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം ഓപ്പറേഷന്‍ തൂഫാന് വേണ്ടി ചെയ്യാന്‍ തയ്യാറാണ്.
സാധ്യമെങ്കില്‍ ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ, ഇങ്ങ് ബിഹാറില്‍ നിന്നും നാട്ടിലെത്തി ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയെ നേരില്‍ വന്നു കാണണമെന്നും, ഓപറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് പറ്റാവുന്നതെല്ലാം ചെയ്യണമെന്നും ആഗ്രഹമുണ്ട്.
ഒരു പൊടിമീശക്കാരന്റെ അമ്മയാണ്, മക്കളെ സ്‌നേഹിക്കുന്നവരുടെ ചങ്കിലെ പിടപ്പ് അറിയുന്നോളാണ്. കേരളത്തിലെ ലക്ഷക്കണക്കിന് രക്ഷിതാക്കളില്‍ ലഹരിയെന്ന നിഴല്‍ വീഴ്ത്തുന്ന ആശങ്കയെ കുറിച്ച് വ്യക്തമായ ബോധവും ബോധ്യവുമുള്ള ഒരു ഡോക്ടറും പൊതുജനാരോഗ്യപ്രവര്‍ത്തകയുമാണ്. ഓരോ കുഞ്ഞിനും കുടുംബത്തിനും എന്റെ കേരളത്തിനും വേണ്ടി ഏതറ്റം വരെയും ലഹരിക്കെതിരെ പൊരുതിക്കൊണ്ട് ഓപ്പറേഷന്‍ തൂഫാന് കൂടെയുണ്ടാകും. ഓപ്പറേഷന്‍ തൂഫാന്‍ വാരിയര്‍ ആവാനുള്ള ആഭ്യന്തരമന്ത്രിയുടെ ക്ഷണം വിനയപൂര്‍വ്വം സ്വീകരിക്കുന്നു.''















Click it and Unblock the Notifications