ഒരു മാങ്കൂട്ടം മാത്രമേ അഴിക്കുള്ളില്‍ ആയിട്ടുള്ളു... അവനെക്കാള്‍ വിഷമുള്ള പലതും ഇപ്പോഴും പുറത്തുണ്ട്!
മൂന്ന് ലൈംഗിക പീഡന പരാതികള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഏറ്റവും അധികം സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന ദമ്പതികളാണ് സിപിഎം നേതാവ് സരിനും ഭാര്യ ഡോ. സൗമ്യ സരിനും. നേരത്തെ സരിന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ നടത്തിയ പല പ്രസ്താവനങ്ങളുടെയും പേരില്‍ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിരുന്നു. പലപ്പോഴും പങ്കാളിയായ സൗമ്യ സരിനും ഇതിന് ഇരയായിട്ടുണ്ട്.
ഇപ്പോഴിതാ, രാഹുലിനെതിരെ മൂന്നാമതൊരു യുവതിയും പീഡന പരാതി നല്‍കിയതിന് പിന്നാലെ സരിന്‍-സൗമ്യ സരിന്‍ ദമ്പതികള്‍ക്ക് എതിരെ വലിയ തോതിലുള്ള അപവാദ പ്രചാരണമാണ് നടക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പീഡന പരാതി നല്‍കിയ പ്രവാസി യുവതി സൗമ്യയാണെന്ന മട്ടിലുള്ള പ്രചാരണമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. രാഹുല്‍ ആര്‍മി, രാഹുല്‍ ശിവദാസ് തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലാണ് ഇരുവര്‍ക്കും എതിരെ അപവാദപ്രചാരണങ്ങള്‍ നടക്കുന്നത്. സൗമ്യ സരിന്‍ യുഎഇയില്‍ ഡോക്ടറാണ്.

വിഷയത്തില്‍ രൂക്ഷമായ പ്രതികരണവുമായി സൗമ്യ സരിന്‍ രംഗത്തെത്തി. ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം അറിയിച്ചത്. 'ഒരു മാങ്കൂട്ടം മാത്രമേ അഴിക്കുള്ളില്‍ ആയിട്ടുള്ളൂ, അവനെക്കാള്‍ വിഷമുള്ള പലതും ഇപ്പോഴും പുറത്തുണ്ട്. ജാഗ്രതയോടുകൂടി ഇരിക്കാനാണ് ഡോ. സൗമ്യ മുന്നറിയിപ്പ് നല്‍കുന്നത്. സരിന്റെ വാട്‌സ്ആപ്പില്‍ സൗമ്യയുടെ പേര് പരാമര്‍ശിക്കുന്ന അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കാനുള്ള നീക്കത്തിലാണ് സൗമ്യ സരിന്‍.
സൗമ്യ സരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
അതിജീവിത എന്ന വാക്കിനോട് ഈ അധമർക്ക് പുച്ഛം ആയിരിക്കും..
പക്ഷെ എനിക്കില്ല!
അവർ അതിജീവിതകൾ എന്നതിൽ ഉപരി " അപരാജിതകൾ " ആണ്.
നേരിട്ട അപമാനത്തിനോട് സന്ധി ചെയ്യാത്തവർ!
അതുകൊണ്ട് തന്നെ ഇവർ പടച്ചുണ്ടാക്കിയ ഈ പോസ്റ്റുകൾ ഒരു അധിക്ഷേപം ആയി ഞാൻ കണക്കാക്കുന്നതും ഇല്ല...
ഇതൊരു കണ്ണാടി ആണ്...
ഇവർ ഇവർക്ക് നേരെ തന്നെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടി!
എല്ലാവരും കാണുക...
ഇവർ എന്താണെന്ന്...
ഇവരുടെ വൃത്തികെട്ട മുഖവും ചിന്തകളും എന്താണെന്ന്...
ഒരു മാങ്കൂട്ടം മാത്രമേ അഴിക്കുള്ളിൽ ആയിട്ടുള്ളു...
അവനെക്കാൾ വിഷമുള്ള പലതും ഇപ്പോഴും പുറത്തുണ്ട്!
ജാഗ്രതയോട് കൂടി ഇരിക്കുക!
പിന്നെ, നിങ്ങളുടെ എതിർചേരിയിൽ ഉള്ളവരുടെ ജീവിതപങ്കാളികളായ സ്ത്രീകളെ വെച്ചു ഇത്തരം ഇക്കിളി പോസ്റ്റുകൾ പടച്ചുണ്ടാക്കിയാൽ പിന്തിരിഞ്ഞോടും എന്ന് കരുതിയോ വെട്ടുക്കിളി കൂട്ടങ്ങളെ?
ഇത് സൗമ്യയും സരിനും അല്ല,
രണ്ടും കൂടി ചേർന്ന 'സൗമ്യ സരിൻ' ആണ്!
ഓർമിച്ചാൽ നിങ്ങൾക്ക് കൊള്ളാം












Click it and Unblock the Notifications