വിരലിൽ എണ്ണാവുന്ന ഇത്തരം പാഷാണത്തിൽ കൃമികളോട് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല; കടുപ്പിച്ച് സൗമ്യ സരിൻ
സോഷ്യൽ മീഡിയയിൽ സജീവമാണ് ഡോ. സൗമ്യ സരിൻ. സൗമ്യ പല വിഷയങ്ങളിലും അഭിപ്രായം പ്രകടിപ്പിക്കാറുമുണ്ട്. ഇപ്പോൾ ഡോ. സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റും അതിന് സൗമ്യ കൊടുത്ത മറുപടിയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് സൗമ്യ. ഡോ. രോഗികളില്ലാത്ത ഹോസ്പിറ്റിലിലാണോ വർക്ക് ചെയ്യുന്നത് എന്നായിരുന്നു കമന്റ്. ഈ കമന്റിന് സൗമ്യ മറുപടി നൽകിയിട്ടുണ്ട്. പിന്നാലെയാണ് തന്റെ ജോലിയെക്കുറിച്ചും രീതിയെക്കുറിച്ചും സൗമ്യം വിശദീകരിക്കുന്നത്. ഇത് കമന്റിനുള്ള മറുപടിയല്ലെന്നും
താൻ തിരഞ്ഞെടുത്തത് ജീവിതം ആണെന്നും തന്നെ പോലെ കുറെ അധികം ഡോക്ടർമാർ ഇന്ന് ' ജീവിക്കുന്നുണ്ട് '. ശീലങ്ങൾ മാറുന്നുണ്ട്. നാട്ടിൽ പ്രാക്ടീസ് ചെയ്തപ്പോൾ പോലും താൻ ആശുപത്രി കഴിഞ്ഞു പ്രൈവറ്റ് പ്രാക്റ്റീസ് വേണ്ടെന്നു വെച്ചത് ജോലിയും പണവും മാത്രം പോരാ എന്നത് കൊണ്ട് തന്നെയാണ്. ജീവിക്കാൻ കൂടി സമയം വേണം എന്ന് തീരുമാനിച്ചത് കൊണ്ട് തന്നെയാണ് എന്നും സൗമ്യ പറയുന്നു. താൻ ഇന്ന് വരെ ജോലി ചെയ്ത എല്ലാ ആശുപത്രികളും താൻ സൂക്ഷിച്ചു തന്നെയാണ് തിരഞ്ഞെടുത്തതെന്നും സൗമ്യ പറയുന്നു.

ഡോ. സൗമ്യ സരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഈ പോസ്റ്റ് കേവലം ഒരു കമ്മെന്റിനുള്ള മറുപടി അല്ല എന്നു ആദ്യമേ പറയട്ടെ! വിരലിൽ എണ്ണാവുന്ന ഇത്തരം പാഷാണത്തിൽ കൃമികളോടും അവരുടെ സഹോദര സ്ഥാപനങ്ങളോടും ഇതിൽ കൂടുതൽ ഒന്നും പറയാനില്ല."ഭവാന്മാരുടെ ഒന്നും തറവാട്ടിൽ നിന്നല്ല എനിക്ക് റേഷനും ചിലവ് കാശും വരുന്നത് " എന്ന് മാത്രമേ പറയാനുള്ളു... ആ മറുപടി കൊണ്ട് തൃപ്തിപ്പെടണം
പക്ഷെ ബഹുഭൂരിപക്ഷം വരുന്ന വേറൊരു പക്ഷം കൂടിയുണ്ട്. അവർക്ക് നമ്മളോട് ഒരു വെറുപ്പും ഇല്ല. സ്നേഹമേ ഉള്ളു. എങ്കിലും മനസ്സിൽ അവർക്കും ഒരു ശങ്ക ഉണ്ട് . " ഇവർ ശെരിക്കും ഒരു ഡോക്ടർ അല്ലെ? ഡോക്ടർമാർക്കൊക്കെ ഭയങ്കര തിരക്കല്ലേ? അവർക്ക് ഇങ്ങനെ ചുറ്റാൻ ഒക്കെ നേരം കാണുമോ? ഇവർ ആശുപത്രിയിൽ പോകുന്നില്ലേ? "
സ്വാഭാവികം! ന്യായമായ സംശയം! ഒരു തെറ്റുമില്ല. കാരണം നമ്മൾ കണ്ടു വന്നിരിക്കുന്ന രീതികൾ അങ്ങിനെ ആണ്. അവർ കണ്ടിരിക്കുന്ന ബഹുഭൂരിപക്ഷം ഡോക്ടർമാരും അങ്ങനെ ആണ്. അവർക്ക് എപ്പോഴും തിരക്കാണ്. 'വീട് - ആശുപത്രി - ക്ലിനിക്' ഇങ്ങനെ പലതിലായി ചുറ്റികൊണ്ടിരിക്കുകയാണ് അവരുടെ ലോകം. അതിനപ്പുറം അവർക്ക് എന്തെങ്കിലും ഉണ്ടോ എന്ന് പൊതുജനം കണ്ടിട്ടില്ല. അല്ലെങ്കിൽ ശീലിച്ചിട്ടില്ല!
അപ്പോൾ ഇതാണ് ഇന്ന് എന്റെയും പോയിന്റ്.
ചില ഡോക്ടർമാർക്ക് മാത്രം എന്താണ് വ്യത്യാസം? അവർക്ക് ജോലി ഇല്ലാഞ്ഞിട്ടാണോ? അല്ലെ അല്ല. എനിക്കും ജോലി ഉണ്ട്. എന്നേ പോലെ മറ്റു കാര്യങ്ങൾക്കായി സമയം കണ്ടെത്തുന്ന പല ഡോക്ടർമാർക്കും ജോലി ഉണ്ട്. പക്ഷെ ഒരു വ്യത്യാസം. ഞങ്ങൾ ജീവിക്കാൻ വേണ്ടി ആണ് ജോലി എടുക്കുന്നത്. അല്ലാതെ ജോലിയെടുത്തു മരിക്കാൻ അല്ല! ഡോക്ടർമാരെ സംബന്ധിച്ച് 'എന്ത് ജോലി എടുക്കണം, എപ്പോ എടുക്കണം, എങ്ങിനെ എടുക്കണം' എന്നൊക്കെ ഒരു പരിധി വരെ അവരുടെ കയ്യിൽ തന്നെയാണ്. ഇത് അവർ തിരഞ്ഞെടുക്കുന്ന ആശുപത്രികൾ പോലെ ഇരിക്കും.
പ്രൈവറ്റ് ആയാലും സർക്കാർ ആയാലും തൊഴിൽ നിയമങ്ങൾ അനുസരിച്ചു എല്ലാവർക്കും നിശ്ചിത ലീവുകൾ ഉണ്ട്. പക്ഷെ അത് എല്ലാവരും എടുക്കാറുണ്ടോ/എല്ലാവർക്കും കിട്ടാറുണ്ടോ എന്നത് ഓരോ ഡോക്ടറേ സംബന്ധിച്ച് ഓരോ പോലെ ആണ്. എല്ലാവരും എല്ലാ ലീവും എടുക്കാറുണ്ടോ എന്ന് ആദ്യം നോക്കാം.
പല പ്രൈവറ്റ് ആശുപത്രികളും ഓവർ ടൈം ജോലി ചെയ്താൽ അതിന് വേണ്ട പേയ്‌മെന്റ് കൊടുക്കുന്നവർ ആണ്. അപ്പോൾ ഈ ലീവുകൾ വേണ്ടെന്നു വെച്ച് അതിനും കൂടി പണി എടുത്താൽ നിങ്ങൾക്ക് കൂടുതൽ പണം സമ്പാദിക്കാം. അങ്ങനെ ചെയ്യുന്നവർ എത്രയോ പേരുണ്ട്. അതവരുടെ ഇഷ്ടം. എത്ര പണം ഉണ്ടാക്കണം എന്നത് ഓരോരുത്തർക്കും ഓരോ പോലെ ആണല്ലോ .
ഇനി എല്ലാവർക്കും ഈ ലീവ് എടുക്കാൻ പറ്റാറുണ്ടോ എന്നതാണ് അടുത്ത ചോദ്യം. മുകളിൽ പറഞ്ഞ വിഭാഗം അല്ലാതെയും ഒരു വിഭാഗം ഉണ്ട്. അവർക്ക് ലീവ് എടുക്കാൻ ആഗ്രഹം ഉണ്ട്. പക്ഷെ പറ്റാറില്ല. അത് പല കാരണങ്ങൾ കൊണ്ടാകാം. ഒന്നുകിൽ ജോലി എടുക്കുന്ന ആശുപത്രി അത് കൊടുക്കുന്നുണ്ടാകില്ല. അല്ലെങ്കിൽ കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകർ സഹകരിക്കുന്നുണ്ടാകില്ല.
HOD ലീവ് അപ്പ്രൂവ് ചെയുന്നുണ്ടാകില്ല. അങ്ങിനെ എന്ത് വേണമെങ്കിലും ആകാം. തൊഴിൽ നിയമങ്ങൾ ലവലേശം പാലിക്കപ്പെടാത്ത ഒരു മേഖല കൂടി ആണ് മെഡിക്കൽ മേഖല. അതുകൊണ്ട് ഇതൊക്കെ സ്വാഭാവികം. പലർക്കും എതിർക്കാനോ പിടിച്ചു വാങ്ങാനോ ഒന്നും പറ്റുന്നുണ്ടാകില്ല. പലതരം ഗതികേടുകൾ കൊണ്ട് തന്നെ.
അപ്പോൾ ഇതിൽ നിന്നൊക്കെ നമുക്ക് എന്ത് മനസിലാക്കാം?
ഏതു ജോലി ആണെങ്കിലും അത് എങ്ങിനെ ചെയ്യുന്നു എന്നതിനെ അനുസരിച്ചു ആണ് ആ ജോലി ചെയ്യുന്ന ആളുടെ ജീവിതം. അല്ലാതെ എല്ലാ ഡോക്ടർമാരും ഒരു പോലെ അല്ല ജീവിക്കുന്നത്. അപ്പോൾ എന്തൊക്കെ ആണ് നമ്മൾ തീരുമാനിക്കേണ്ടത്?
1. കൂടുതൽ പണം വേണോ അതോ ജീവിതം വേണോ?
ഞാൻ തിരഞ്ഞെടുത്തത് ജീവിതം ആണ്. ഞാൻ മാത്രമല്ല, എന്നെ പോലെ കുറെ അധികം ഡോക്ടർമാർ ഇന്ന് ' ജീവിക്കുന്നുണ്ട് '. ശീലങ്ങൾ മാറുന്നുണ്ട്. നാട്ടിൽ പ്രാക്ടീസ് ചെയ്തപ്പോൾ പോലും ഞാൻ ആശുപത്രി കഴിഞ്ഞു പ്രൈവറ്റ് പ്രാക്റ്റീസ് വേണ്ടെന്നു വെച്ചത് എനിക്ക് ജോലിയും പണവും മാത്രം പോരാ എന്നത് കൊണ്ട് തന്നെയാണ്. ജീവിക്കാൻ കൂടി സമയം വേണം എന്ന് തീരുമാനിച്ചത് കൊണ്ട് തന്നെയാണ്.
എനിക്ക് പണം കൂട്ടി വെച്ച് ഒന്നും ചെയ്യാനില്ല. പാപ്പുവിനെ അവൾ ആഗ്രഹിക്കുന്നത് എന്തോ അത് പഠിപ്പിക്കണം. Paid seat എന്നൊരു കാര്യം സ്വപ്നം കാണണ്ട എന്ന് ഇപ്പോഴേ പറഞ്ഞു കൊടുത്തിട്ടുണ്ട്. കഷ്ടപ്പെട്ട് പഠിക്കാൻ തയ്യാറാണെങ്കിൽ, പറ്റുന്നത്ര പഠിപ്പിക്കും. അതിന് ആവശ്യമായ പണം കരുതി വെച്ചിട്ടുണ്ട്. വീട്ടിൽ ആർക്ക് ഒരു മെഡിക്കൽ എമർജൻസി വന്നാലും നേരിടാൻ ഉള്ള നല്ലൊരു മെഡിക്കൽ ഇൻഷുറൻസ് ഉണ്ട്. എനിക്ക് എന്ത് പറ്റിയാലും കാര്യങ്ങൾ നടന്നു പോകാൻ ഉള്ള ബാക്കി ഇൻഷുറൻസുകളും എടുത്തിട്ടുണ്ട്. ഇനിയുള്ള ബാക്കി എനിക്ക് ജീവിക്കാൻ ഉള്ളത് തന്നെയാണ് ...
2. തിരഞ്ഞെടുക്കുന്ന ആശുപത്രി
നിങ്ങൾ എന്ത് തീരുമാനിച്ചാലും നിങ്ങളുടെ ആശുപത്രിയും കൂടെ ജോലി ചെയ്യുന്നവരും അത് സമ്മതിക്കുന്നില്ലെങ്കിലോ? എല്ലാം പാളും അല്ലെ? അപ്പോൾ അത് വളരെ പ്രധാനമാണ്. ഞാൻ ഇന്ന് വരെ ജോലി ചെയ്ത എല്ലാ ആശുപത്രികളും ഞാൻ സൂക്ഷിച്ചു തന്നെയാണ് തിരഞ്ഞെടുത്തത്. നാട്ടിൽ നെമ്മാറ ഉള്ള അവറ്റിസ് ആണെങ്കിലും ഇപ്പോൾ ജോലി ചെയ്യുന്ന ഷാർജയിലെ മെഡ്കെയർ ഹോസ്പിറ്റൽ ആണെങ്കിലും. വളരെ ഡോക്ടർ ഫ്രണ്ട്ലി ആയ ആശുപത്രികൾ ആയിരുന്നു. ഡോക്ടർമാരും മനുഷ്യരാണ് എന്ന തിരിച്ചറിവ് ഉള്ള ആശുപത്രികൾ ആയിരുന്നു.
പ്രത്യേകിച്ച് ഇപ്പോൾ ജോലി എടുക്കുന്ന മെഡ്കെയർ, ആസ്റ്റർ ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനം ആണ്. ജോലിക്കാരുടെ ലീവുകൾ കൃത്യമായി സൂക്ഷിക്കുകയും അവർക്ക് വേണ്ട പോലെ അതെടുക്കാൻ സൗകര്യം ചെയ്യുകയും ചെയ്യുന്നതിൽ അവർ ഒരു പടി മുന്നിൽ തന്നെയാണ്. ഡോക്ടർമാർ അവരുടെ ടെൻഷനുകൾക്കിടയിൽ ഇടക്ക് ബ്രേക്ക് എടുക്കണം എന്ന പോളിസി ആണ് ഇവിടെ. ഞങ്ങളുടെ മാനസിക സന്തുലിതാവസ്ഥക്ക് അവർ നല്ല പ്രാധാന്യം കൊടുക്കുന്നുണ്ട്. ഇത് മറ്റു ആശുപത്രികൾക്ക് മാതൃക തന്നെയാണ്. ഡ്യൂട്ടിയിൽ ഉള്ളപ്പോൾ കൃത്യമായും ആത്മാർഥമായും ജോലി എടുക്കുക എന്നത് മാത്രമേ അവർ നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നുള്ളൂ. അത് ഇവിടെ ഞാനടക്കം എല്ലാ ഡോക്ടർമാരും ചെയ്യുന്നുമുണ്ട്.
ബഹുമാനം ഇങ്ങോട്ട് തരുമ്പോൾ അത് ഇരട്ടി ആയി തിരിച്ചും കിട്ടുന്നത് സ്വഭാവികമാണല്ലോ. ഞങ്ങളുടെ പീഡിയട്രിക് ഡിപ്പാർട്മെന്റും അടിപൊളി ആണ്. നല്ല സഹപ്രവർത്തകർ. പാകിസ്താനി ആയ ഡോ. ഫുവാദ് ആണ് ഞങ്ങളുടെ HOD. ലീവ് ചോദിച്ചാൽ "പോയി അടിച്ചു പൊളിച്ചു വരൂ...വന്നിട്ട് വീണ്ടും നന്നായി പണിയെടുക്കൂ" എന്ന് പറയുന്ന ഒരു ജന്റിൽമാൻ. പിന്നെന്ത് വേണം!
അപ്പോൾ അടുത്ത ചോദ്യം, എല്ലാവർക്കും ഇങ്ങനെ നല്ല ജോലി സ്ഥലം തിരഞ്ഞെടുക്കാൻ ഒക്കെ സാധിക്കുമോ?
സാധിക്കും, നമ്മുടെ കഴിവിലും ജോലിയിലും വിശ്വാസവും ആത്മാർത്ഥതയും ഉണ്ടെങ്കിൽ. നമുക്ക് നമ്മളെ വിശ്വാസം ഉണ്ടെങ്കിലേ നമുക്ക് വേണ്ട തിരഞ്ഞെടുപ്പുകൾ നടത്താൻ ഉള്ള ധൈര്യവും ഉണ്ടാവുകയുള്ളൂ. അല്ലെങ്കിൽ കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടാൻ നമ്മൾ ശീലിക്കും.
എനിക്ക് എന്നേ നല്ല വിശ്വാസമുണ്ട്. ഞാൻ പഠിച്ച വൈദ്യത്തിലും ഞാൻ എടുക്കുന്ന ജോലിയിലും അതിനേക്കാൾ ആത്മാവിശ്വാസവും ഉണ്ട്. അതുകൊണ്ട് തന്നെ ' എനിക്ക് വേണ്ടത് ഇതാണ്' എന്ന് പറയാൻ ഞാൻ ആരെ ഭയക്കണം?
അതുകൊണ്ട് ഏതു ജോലി ആയാലും, അത് നിങ്ങളുടെ വരുതിയിൽ ആയിരിക്കണം. അല്ലാതെ ജോലി നിങ്ങളെ വിഴുങ്ങരുത്.
ഞാൻ നല്ലൊരു സ്ഥാപനത്തിൽ ആണ് പണിയെടുക്കുന്നത്. എന്റെ ജോലിയിൽ അവർ ഹാപ്പി ആണ്. എനിക്ക് അവകാശപെട്ട ലീവുകൾ എനിക്ക് സൗകര്യമുള്ളപ്പോ ഞാൻ എടുക്കുന്നു. എനിക്ക് ഇഷ്ടമുള്ളത് ചെയ്യുന്നു. നല്ല ശമ്പളം ഉണ്ട്.
ആരുടെ മുൻപിലും കൈ നീട്ടേണ്ട ആവശ്യം ഇല്ലാ. എന്റെ ഇഷ്ടങ്ങൾക്ക് കൂടെ നിൽക്കുന്ന ഒരു കുടുംബം എനിക്കുണ്ട്. എന്റെ ഒരു താല്പര്യങ്ങൾക്കും വിലങ്ങു തടിയാവാൻ ആരെയും ഞാൻ അനുവദിച്ചിട്ടില്ല. "ഇഷ്ടമുള്ളത് ചെയ്യ് " എന്ന് പറയുന്ന ഒരു മകളും പങ്കാളിയും എനിക്കുണ്ട്. കട്ടക്ക് കൂടെ നിൽക്കുന്ന വിരലിൽ എണ്ണാവുന്ന സുഹൃത്തുക്കൾ എനിക്കുണ്ട്. ഇതൊന്നും തനിയെ ഉണ്ടായതല്ല. ഉണ്ടാക്കി എടുത്തത് തന്നെയാണ്.
അതിലൊക്കെ ഉപരി ഈ ലോകത്തു എന്നേ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന, വിശ്വസിക്കുന്ന ഒരു " ഞാൻ " ഉണ്ട് ... പിന്നെ " ഞാൻ " ആരെ പേടിക്കാൻ ആണ്. ഇതിൽ കൂടുതൽ എനിക്ക് ആരെ ബോധിപ്പിക്കാൻ ആണ്. " നമുക്ക് എല്ലാവർക്കും ചിറകുകൾ ഉണ്ട്... പറക്കുക എന്നത് മാത്രമാണ് നമ്മൾ ചെയ്യേണ്ടത് "
ഡോ. സൗമ്യ സരിൻ












Click it and Unblock the Notifications