'അന്ന് ആദ്യമായി എനിക്ക് അവരോട് വെറുപ്പ് തോന്നി, ഇന്ന് ആ തെറ്റിദ്ധാരണ മാറി'; ഹണിറോസിനെ അഭിനന്ദിച്ച് സൗമ്യ സരിൻ
നടി ഹണി റോസിനെ അഭിനന്ദിച്ച് ഡോ. സൗമ്യ സരിൻ. വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയരുമ്പോഴും ഹണി റോസിനോട്
ഒരിക്കൽ പോലും ഒരു നീരസം തോന്നിയിട്ടില്ലെന്നും കാരണം അവരുടെ ശരീരവും അവർ തിരഞ്ഞെടുക്കുന്ന വസ്ത്രവും അവരുടെ സ്വാതന്ത്ര്യമാണെന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണെന്നും സൗമ്യ സരിൻ ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
പക്ഷെ ഈ അടുത്ത് തനിക്ക് ഹണി റോസിനോട് നല്ല പോലെ ദേഷ്യം തോന്നിയിരുന്നെന്നും അത് ഹണി " പ്രമുഖ വ്യക്തി" യുടെ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ പോയപ്പോഴാണ്. അയാളുടെ അശ്ലീല ഭാഷ മനസ്സിലായിട്ടും ചിരിച്ചു നിന്ന ഹണിയെ കണ്ടപ്പോൾ സത്യത്തിൽ ആദ്യമായി തനിക്ക് അവരോട് വെറുപ്പ് തോന്നിയിരുന്നെന്നും ഇതെല്ലാം അവരുടെയും സമ്മതത്തോടെ ആകും എന്ന് വിശ്വസിച്ചിരുന്നു, എന്നാൽ ഇന്ന് ആ തെറ്റിദ്ധാരണ മാറി എന്നതിൽ തനിക്ക് സന്തോഷം ഉണ്ട് എന്നും സൗമ്യ കുറിച്ചു.
സൗമ്യ സരിന്റെ കുറിപ്പ്;
ഹണി റോസ്... ഈ പേര് മലയാളികൾ തലങ്ങും വിലങ്ങും കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. അവർ സിനിമയിൽ അഭിനയിച്ചു തുടങ്ങിയിട്ട് അതിലേറെ കാലം ആയെങ്കിലും അവർ ചർച്ച വിഷയമായത് ആ വഴിയല്ല എന്നത് എല്ലാവർക്കും അറിയാം. അവരുടെ വസ്ത്രധാരണ രീതികളും ശരീരഭാഷയുമെല്ലാമായിരുന്നു അതിന്റെ അടിസ്ഥാനം. എത്രയോ കാലമായി ഒളിഞ്ഞും തെളിഞ്ഞും മലയാളികൾ അവരെ അധിക്ഷേപിച്ചു കൊണ്ടിരിക്കുന്നു.
പല ചാനലുകളിൽ പോലും കൊമെഡി എന്ന പേരിൽ അവരുടെ പേരടക്കം പറഞ്ഞു കൊണ്ട് അശ്ലീലം പറയുന്നു. ഇന്ന് അവരുടെ പേര് തന്നെ ഒരു ദ്വയാർത്ഥ പ്രയോഗമായി മാറിയ അവസ്ഥയുണ്ട് സോഷ്യൽ മീഡിയയിൽ.. ഇങ്ങനെ ഒക്കെ ഉള്ളപ്പോഴും അവരോടു ഒരിക്കൽ പോലും ഒരു നീരസം തോന്നിയിട്ടില്ല. കാരണം അവരുടെ ശരീരവും അവർ തിരഞ്ഞെടുക്കുന്ന വസ്ത്രവും അവരുടെ സ്വാതന്ത്ര്യമാണെന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ്.
അവർ തന്നെ സമർത്ഥമായി മാർക്കറ്റ് ചെയ്യാൻ അറിയുന്ന ഒരു മിടുക്കി ആണ്. നമ്മൾ കേരളീയരിൽ ഭൂരിഭാഗം പേരുടെയും കപട സദാചാരവും കപട മാന്യതയുടെ മുഖവും അവർക്ക് നന്നായി അറിയാം. അതെങ്ങനെ ഉപയോഗിക്കണമെന്നും. അത്രയേ തോന്നിയുള്ളു...
പക്ഷെ ഈ അടുത്ത് എനിക്ക് അവരോടു നല്ല പോലെ ദേഷ്യം തോന്നിയിരുന്നു. അത് അവർ ഈ പറഞ്ഞ " പ്രമുഖ വ്യക്തി" യുടെ ഒരു സ്ഥാപനം ഉത്ഘാടനം ചെയ്യാൻ പോയപ്പോഴാണ്.
ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ കുപ്രസിദ്ധൻ ആണ് ഈ മാന്യ വ്യക്തി. പലപ്പോഴും സ്ത്രീകളോട് വളരെ മോശമായ പദ പ്രയോഗങ്ങളിലൂടെയും അശ്ലീല ചുവയോടെയും ഇയാൾ സംസാരിക്കുമ്പോൾ അതും കെട്ട് അപ്പുറത്ത് ഇളിച്ചു ഇരിക്കാറുള്ളത് പല സ്ത്രീകളും ആണ് എന്നത് വല്ലാത്ത ഒരു അവസ്ഥയാണ്. സഹതാപം തോന്നാറുണ്ട് ആ ജന്മങ്ങളോട്. അതെ അവസ്ഥയിൽ ആണ് അന്ന് ഹണിയെയും കണ്ടത്.
അയാളുടെ അശ്ലീല ഭാഷ മനസ്സിലായിട്ടും ചിരിച്ചു നിന്ന ഹണിയെ കണ്ടപ്പോൾ സത്യത്തിൽ ആദ്യമായി എനിക്ക് അവരോട് വെറുപ്പ് തോന്നി. എത്ര പണം കിട്ടിയാലും ആത്മാഭിമാനം ഇല്ലാതെ ഇങ്ങനെ ചിരിച്ചു നില്കാൻ സാധിക്കുന്നത് എങ്ങനെ ആണെന്ന് അന്ന് അത്ഭുതത്തോടെ ഞാൻ ആലോചിച്ചു. അപ്പോൾ ഇതെല്ലാം സ്വാഭാവികമായും അവരുടെയും സമ്മതത്തോടെ ആകും എന്ന് വിശ്വസിച്ചു.

പക്ഷെ ഇന്ന് ആ തെറ്റിദ്ധാരണ മാറി എന്നതിൽ എനിക്ക് സന്തോഷം ഉണ്ട്. അവർ ഇന്ന് ഈ ചെയ്തത് അത്യാവശ്യം തന്നെ ആയിരുന്നു. അല്ലെങ്കിൽ അവർ എന്നും ആ തെറ്റിദ്ധാരണയുടെ പാത്രമായി തന്നെ നിന്നേനെ. ആ പരിപാടിയിൽ അവർ അപ്പോൾ പ്രതികരിക്കാഞ്ഞത് അവരുടെ മാന്യത കൊണ്ട് മാത്രമാണ്. അതിന് ശേഷം കൃത്യമായി ഈ വ്യക്തിയെയും അയാളുടെ ടീമിനെയും തന്റെ അതൃപ്തി അവർ അറിയിച്ചിരുന്നു. ഇനി സഹകരിക്കില്ല എന്നും. അതിന് പ്രതികാരമെന്നോണം അയാൾ നടത്തിയ നീക്കങ്ങൾക്കെതിരെ അവർ ശക്തമായി ഇന്ന് പ്രതികരിച്ചിരിക്കുന്നു.
അയാളുടെ പണമോ സ്വാധീനമൊ വക വെക്കാതെ തന്റെ നിലപാട് ഉറക്കെ പറഞ്ഞിരിക്കുന്നു. ഇനിയും നിർത്താൻ ഭാവമില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും അറിയിച്ചിരിക്കുന്നു. തന്റെ നിശബ്ദത തന്റെ ബലഹീനത അല്ലെന്നു കൃത്യമായി പ്രഖ്യാപിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ തോന്നിവാസം പറയുന്ന കൃമികീടങ്ങളോട് പ്രതികരിക്കാൻ നില്കുന്നതിലും നല്ലത് ആ സമയം പോയി ഹാർപിക് ഇട്ടു സ്വന്തം ടോയ്ലറ്റ് ഒന്ന് വൃത്തിയായി കഴുകുന്നതാണ്. അതുകൊണ്ട് അത് കള...
പക്ഷെ ഉത്ഘാടനത്തിന് ക്ഷണിച്ചു വരുത്തി അവരെ പൊതുജനമധ്യത്തിൽ ഒരു വില്പനചരക്ക് പോലെ കൈകാര്യം ചെയ്യുന്നതും വായിൽ തോന്നിയത് വിളിച്ചു പറയുന്നതും ഒരു തരത്തിലും വച്ചു പൊറുപ്പിക്കാൻ പറ്റാത്ത ഒരു കാര്യം തന്നെയാണ്. ഒരാളെങ്കിലും പ്രതികരിച്ചു കണ്ടതിൽ അത്രയും സന്തോഷം!
ഈ ഒരു കുറ്റത്തിന് ഇവരെ ജയിലിൽ അടക്കാൻ ഒന്നും പറ്റില്ല എന്ന് വ്യക്തമായി അറിയാം. ചിലപ്പോൾ ഒന്നും സംഭവിക്കില്ലായിരിക്കാം. അയാളുടെ രോമത്തിൽ പോലും തൊടാൻ കഴിയില്ലായിരിക്കാം. എന്നാലും എതിർപ്പിന്റെ സ്വരം, അതവിടെ തന്നെ കാണും! അത് അയാളുടെ ചെകിടത്തു കൊണ്ട ഒരടി തന്നെയാണ്. അത് തന്നെയാണ് അയാൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ!
എല്ലാവരെയും ഒരു ത്രാസ്സിൽ തൂക്കരുത്! പണം കൊണ്ട് എല്ലാവരുടെയും അഭിമാനം വിലക്ക് വാങ്ങാൻ കഴിയില്ല! പരസ്പര ബഹുമാനം എന്നത് മനുഷ്യന് വേണ്ട അടിസ്ഥാന ഗുണങ്ങളിൽ ഒന്നാണ്. ഇനിയെങ്കിലും അതോർത്താൽ നന്ന്!
Well Done Honey ❤️
(പ്രമുഖൻ എന്ന് മനഃപൂർവം പറഞ്ഞത് തന്നെയാണ്. അയാളുടെ പേര് അവർ പറയാതിടത്തോളം കാലം അത് ഊഹിച്ചു പറയുന്നത് നിയമപരമായി ശെരിയല്ല എന്നത് കൊണ്ട് തന്നെ.)












Click it and Unblock the Notifications