• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെ-ഫോൺ ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നുണ്ട്, ആരോപണങ്ങൾക്ക് മറുപടി നൽകി തോമസ് ഐസക്

തിരുവനന്തപുരം: ലക്ഷക്കണക്കിന് കുടുംബങ്ങളിലേക്ക് സൗജന്യമായി ഇന്റർനെറ്റ് എത്തിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിനെതിരെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് മറുപടി നൽകി ധനമന്ത്രി ടിഎം തോമസ് ഐസക്. 2012ൽ യുപിഎ സർക്കാരാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടതെന്ന് തോമസ് ഐസക് പറഞ്ഞു. ഇന്റർനെറ്റ് കുത്തകകൾക്കുനേരെ കേരളം ഉയർത്തുന്ന വെല്ലുവിളിയാണ് കെ-ഫോൺ ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നുണ്ടെന്നു വേണം അനുമാനിക്കാനെന്നും തോമസ് ഐസക് വ്യക്തമാക്കി.

ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നു

ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നു

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: '' കെ-ഫോണിനെതിരെ ആദ്യഘട്ടത്തിൽ ഒളിഞ്ഞും ഇപ്പോൾ തെളിഞ്ഞും രംഗത്തിറങ്ങുന്നതിന്റെ കാരണമെന്ത്? 20 ലക്ഷം പാവപ്പെട്ടവർക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നതടക്കം കേരളത്തിന്റെ ഭാവിയെ സമൂലം മാറ്റിയെഴുതുന്ന അടിസ്ഥാനസൗകര്യ വികസനത്തിനു കാരണമാകുന്ന കെ-ഫോൺ ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നുണ്ടെന്നു വേണം അനുമാനിക്കാൻ. ഇന്റർനെറ്റ് കുത്തകകൾക്കുനേരെ കേരളം ഉയർത്തുന്ന വെല്ലുവിളിയാണ് കെ-ഫോൺ.

തുടക്കം 2012ൽ യുപിഎ സർക്കാർ

തുടക്കം 2012ൽ യുപിഎ സർക്കാർ

വമ്പൻ നുണകൾ കെ-ഫോണിനെതിരെ ഉയർത്തി വിടുന്ന യുഡിഎഫുകാരോട് സഹതപിക്കുകയേ വഴിയുള്ളൂ. കാരണം ഈ പദ്ധതിയുടെ തുടക്കം 2012ൽ യുപിഎ സർക്കാരാണ്. ഇന്ത്യ മുഴുവൻ ഹൈസ്പീഡ് ഇന്റർനെറ്റ് വ്യാപിപ്പിക്കുക എന്നൊരു പദ്ധതി അവരാണ് കൊണ്ടുവന്നത്. നാഷണല്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് (എന്‍.ഒ.എഫ്.എന്‍) എന്നായിരുന്നു പദ്ധതിയുടെ പേര്. പിന്നീടത് ഭാരത് നെറ്റ് എന്ന പേരിൽ കേന്ദ്രസർക്കാർ തന്നെ പുതുക്കി. കേന്ദ്രസഹായത്തോടെ സംസ്ഥാനങ്ങൾ വേണം പദ്ധതി നടപ്പാക്കാൻ. സംസ്ഥാനങ്ങൾക്കു നേരിട്ട് നടപ്പാക്കാം. അതല്ലെങ്കിൽ സ്വകാര്യ കമ്പനികൾ വഴി നടപ്പാക്കാം. പക്ഷെ ഭാരത് നെറ്റ് അധികമൊന്നും പിന്നെ നീങ്ങിയില്ല.

കേരളത്തിനു പ്രത്യേക ധനസഹായം

കേരളത്തിനു പ്രത്യേക ധനസഹായം

പദ്ധതി കേരളത്തിൽ ഏറ്റെടുക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചു. കേരളത്തിനു പ്രത്യേക ധനസഹായം നൽകാമെന്ന് അന്നത്തെ ഐറ്റി സെക്രട്ടറി അരുണ സുന്ദരരാജ് വാഗ്ദാനവും ചെയ്തു. 2015 ജൂലൈ 16-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയോഗം നിർവഹണ രീതിയും തീരുമാനിച്ചു. ഇതിനുവേണ്ടി ഒരു എസ്പിവി രൂപീകരിക്കാൻ തീരുമാനിച്ചു. കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തോട് സുതാര്യമായ പ്രക്രിയയില്‍ ഒരു കണ്‍സള്‍ട്ടന്‍റിനെ കണ്ടെത്താൻ നിർദ്ദേശിച്ചതും ഈ കമ്മിറ്റി തന്നെ. തുടർന്ന് കണ്‍സള്‍ട്ടന്‍സിക്കു വേണ്ടി 2016 ജനുവരിയിൽ ടെണ്ടറും ക്ഷണിച്ചു.

നാലു കമ്പനികൾ ടെൻഡറിൽ

നാലു കമ്പനികൾ ടെൻഡറിൽ

ഈ ഘട്ടം വരെയുള്ളത് ചുരുക്കിപ്പറഞ്ഞാൽ പദ്ധതി യുപിഎ സർക്കാരിന്റേത്. എങ്ങനെ നടപ്പാക്കണമെന്ന രീതി നിർദ്ദേശിച്ചത് യുപിഎ സർക്കാർ. അതനുസരിച്ച് പദ്ധതി ഏറ്റെടുത്തത് യുഡിഎഫ് സർക്കാർ, കൺസൾട്ടന്റിനെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചത് യുഡിഎഫ് സർക്കാർ. അനാലിസിസ് മാസൺ, പിഡബ്ല്യൂസി, ഡിലോയ്റ്റ്, ഏണസ്റ്റ് ആൻഡ് യംഗ് എന്നീ നാലു കമ്പനികൾ ടെൻഡറിൽ പങ്കെടുത്തിരുന്നു. ഓരോ കമ്പനിയും വ്യത്യസ്തമായി സമർപ്പിച്ച സാങ്കേതിക ടെണ്ടറും സാമ്പത്തിക ടെണ്ടറും സാങ്കേതിക സമിതി വിശദമായി പരിശോധിച്ചു.

1000 കോടി രൂപ കിഫ്ബിയിൽ നിന്ന്

1000 കോടി രൂപ കിഫ്ബിയിൽ നിന്ന്

സാമ്പത്തിക ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത പിഡബ്യുസിയെ കമ്മിറ്റി തെരഞ്ഞെടുക്കുകയും 2016 ജൂണ്‍ മാസം ഇവര്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. എൽഡിഎഫ് സർക്കാർ അധികാരമേറ്റത് 2016 മെയ് അവസാനമാണെന്ന് ഓർക്കുക. കൺസൾട്ടന്റിന്റെ പരിഗണനാ വിഷയങ്ങളും ടെണ്ടറും വിളിച്ചത് യുഡിഎഫായിരുന്നു. എൽഡിഎഫ് ടെണ്ടറിന്റെ ഫലം അംഗീകരിക്കുക മാത്രമാണ് ചെയ്തത്. 2017 ലെ ബജറ്റിൽ കെ-ഫോൺ നടപ്പിലാക്കുമെന്നും ഇതിനായി 1000 കോടി രൂപ കിഫ്ബിയിൽ നിന്നും പ്രഖ്യാപിക്കുകയും ചെയ്തു.

ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്

ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്

ചില പുതിയ തീരുമാനങ്ങളും എൽഡിഎഫ് സർക്കാർ സ്വീകരിച്ചു. ഒന്ന്, എസ്പിവിയുടെ ഘടന തീരുമാനിച്ചു. കെ.എസ്.ഇ.ബിക്ക് 49 ശതമാനവും, കെ.എസ്.ഐ.ടി.ഐ.എല്ലിന് 49 ശതമാനവും സര്‍ക്കാരിന് 2 ശതമാനവും ഷെയര്‍ ഉള്ള കമ്പനിയായിരിക്കും എസ്പിവി. രണ്ട്, അതിനുള്ള പണം കിഫ്ബി വഴി ലഭ്യമാക്കും. കേന്ദ്രസർക്കാരിന്റെ ധനസഹായം കിട്ടില്ലെന്ന് അതിനകം വ്യക്തമായിക്കഴിഞ്ഞിരുന്നു. മൂന്ന്, ഫൈബർ ഓപ്റ്റിക്കൽ കണക്ഷൻ എല്ലാ വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലും എത്തിക്കും. നാല്, ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കും. അങ്ങനെ കെ-ഫോൺ പദ്ധതി രൂപംകൊണ്ടു.

1028 കോടി രൂപ അടങ്കൽ

1028 കോടി രൂപ അടങ്കൽ

കൺസൾട്ടന്റ് തയ്യാറാക്കിയ ഡിപിആർ പ്രകാരം 907.4 കോടി രൂപ മൂലധന ചെലവും ഒരു വര്‍ഷത്തേക്കുള്ള ഓപ്പറേറ്റിംഗ് ചെലവ് 104.4 കോടി രൂപയും ഭരണ ചെലവ് 16.4 കോടി രൂപയും ഉള്‍പ്പെടെ 1028 കോടി രൂപയാണ് പ്രോജക്ടിന്റെ അടങ്കൽ. 2017 മെയ് മാസം ഭരണാനുമതി നൽകി. എന്നാൽ ടെൻഡർ ക്ഷണിച്ചപ്പോൾ ഏഴുവർഷത്തേയ്ക്കുള്ള നടത്തിപ്പു ചെലവും പരിപാലനച്ചെലവും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. അങ്ങനെയാണ് പ്രോജക്ടിന്റെ എസ്റ്റിമേറ്റ് ചെലവ് 1638 കോടിയായി വർദ്ധിച്ചത്.

ഇതിലെവിടെയാണ് അഴിമതി?

ഇതിലെവിടെയാണ് അഴിമതി?

ടെൻഡറിൽ മൂന്നു കമ്പനികൾ പങ്കെടുത്തു. ഏറ്റവും കുറച്ചു തുക ക്വോട്ടു ചെയ്തത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (1538 കോടി), രണ്ടാമത് ടിസിഐഎൽ (1729 കോടി), മൂന്നാമത് എ ടു ഇസെഡ് (2853 കോടി). സ്വാഭാവികമായും ഏറ്റവും കുറവ് ക്വാട്ട് ചെയ്ത കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡി (ബി.ഇ.എല്‍)ന് പദ്ധതി ലഭിച്ചു. ഇതിലെവിടെയാണ് അഴിമതി? ഏഴു വര്‍ഷത്തെ മൂലധന ചെലവും ഓപ്പറേറ്റിംഗ് ചെലവും പരിപാലന ചെലവും ഉള്‍പ്പെടെയാണ് 1532 കോടി രൂപ. ഇതൊക്കെ ഏകപക്ഷീയമായിട്ടാണോ തീരുമാനിക്കപ്പെട്ടത്? അല്ലേയല്ല.

വിദഗ്ധ സാങ്കേതിക സമിതി

വിദഗ്ധ സാങ്കേതിക സമിതി

എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതിന് - അതായത്, ടെണ്ടര്‍ നടപടികള്‍ കൈകാര്യം ചെയ്യുക, കരാര്‍ വ്യവസ്ഥകള്‍ പരിശോധിക്കുക, ടെക്നിക്കല്‍ ബിഡും ഫിനാന്‍ഷ്യല്‍ ബിഡും വിലയിരുത്തുന്നക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിന് 2017 സെപ്തംബര്‍ 8-ന് കേരള സർക്കാർ ഒരു വിദഗ്ധ സാങ്കേതിക സമിതിയെ നിയമിച്ചു. ആ സമിതിയിൽ കോഴിക്കോട്ടെ ഐ.ഐ.എമ്മിലെയും എന്‍.ഐ.ടിയും വിദഗ്ദർ, കേന്ദ്രസര്‍ക്കാരിന്‍റ ടെലികോം വകുപ്പ്, കേന്ദ്ര സര്‍ക്കാരിന്‍റെ എന്‍.ഐ.സി. കേന്ദ്രത്തിന്‍റെ സ്ഥാപനമായ സി-ഡാക്, കെ.എസ്.ഐ.ടി.ഐ.എല്‍, കെ.എസ്.ഇ.ബി എന്നിവയുടെ പ്രതിനിധികള്‍ ഉണ്ടായിരുന്നു.

17 കോടി രൂപ കൂടി ബിഇഎൽ ഇളവു ചെയ്തു

17 കോടി രൂപ കൂടി ബിഇഎൽ ഇളവു ചെയ്തു

അവരുടെ മേൽനോട്ടത്തിൽ നടന്ന നിശിതപരിശോധനയ്ക്കു ശേഷമാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്‍റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇതിലെവിടെയാണ് അഴിമതിയ്ക്ക് പഴുത്? 2019 ജൂണ്‍ ഏഴിനു ചേര്‍ന്ന ഡിപ്പാര്‍ട്ട്മെന്‍റല്‍ പര്‍ച്ചേസ് കമ്മിറ്റിയുടെ യോഗം അംഗീകരിച്ച ശേഷമാണ് ബി.ഇ.എല്ലിന് കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണിത്. ക്വോട്ടു ചെയ്തതിനെക്കാൾ 17 കോടി രൂപ കൂടി ബിഇഎൽ ഇളവു ചെയ്തിരുന്നു എന്ന് പർച്ചേസ് കമ്മിറ്റിയുടെ മിനിട്സ് പരിശോധിച്ചാൽ വ്യക്തമാകും.

ബാക്കി പണം വരുമാനത്തിൽ നിന്ന്

ബാക്കി പണം വരുമാനത്തിൽ നിന്ന്

ഇനിയൊരു കാര്യംകൂടിയുണ്ട്. ടെണ്ടർ എക്സസിന് കാബിനറ്റ് അംഗീകാരമുണ്ടോ? ഉവ്വ്. സംസ്ഥാന മന്ത്രിസഭ ഭരണാനുമതി 1548 കോടി രൂപയായി പുതുക്കി. കിഫ്ബി ലഭ്യമാക്കുന്ന 1061 കോടി രൂപ കഴിഞ്ഞ് ബാക്കിയുള്ള ചെലവിലേയ്ക്ക് 336 കോടി രൂപ മൂന്നു വർഷംകൊണ്ട് കെ-ഫോൺ കമ്പനിക്ക് നൽകുന്നതിനും തീരുമാനിച്ചു. ബാക്കി പണം കമ്പനി തന്നെ വരുമാനത്തിൽ നിന്നും കണ്ടെത്തണം. ഇപ്പോൾ യുഡിഎഫിന്റെ ഡിമാന്റ് പി.ഡബ്ല്യു.സിയുടെ പ്രോജക്ട് മോണിറ്ററിംഗ് സ്ഥാനത്തു നിന്നും മാറ്റണമെന്നുള്ളതാണ്.

തെരഞ്ഞെടുത്തത് യുഡിഎഫ്

തെരഞ്ഞെടുത്തത് യുഡിഎഫ്

ഇവരെ തെരഞ്ഞെടുത്തത് യുഡിഎഫ്. അവർ ഉണ്ടാക്കിയ ഡിപിആറിന്റെ അടിസ്ഥാനത്തിൽ ടെണ്ടർ വിളിച്ച് ഈ വർഷം തന്നെ പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ നടക്കുകയാണ്. ഈ അന്തിമഘട്ടത്തിലെങ്കിലും കേരളത്തിലുള്ള പാവപ്പെട്ടവരുടെ വീടുകളിൽ ഇന്റർനെറ്റ് സൗജന്യമായി എത്തിക്കുന്നതിനുള്ള പദ്ധതിയെ അട്ടിമറിക്കുന്നതിന് എന്തുമാർഗ്ഗം എന്നാണ് അവർ ഗൂഡാലോചന നടത്തിക്കൊണ്ടിരിക്കുന്നത്. ആളുകളെ സംഭ്രമിപ്പിക്കുന്ന നുണക്കഥകളുടെ ഉള്ളി പൊളിച്ച് സത്യം പുറത്തു കൊണ്ടു വന്നത് കൈരളി.

English summary
Dr.T.M Thomas Isaac gives clarification to allegations against K Phone project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X