'റെയിൽവേക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ല'; ജോയിയുടെ മരണത്തിൽ തോമസ് ഐസക്
തിരുവനന്തപുരം: റെയിൽവേയുടെ കോൺട്രാക്ടറാണ് യാതൊരു മുൻകരുതലുകളോ പരിരക്ഷയോ ഇല്ലാതെ ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭാഗത്ത് ശുചീകരണത്തിന് തൊഴിലാളികളെ നിയോഗിച്ചതെന്ന് ഡോ. തോമസ് ഐസക്. മരണപ്പെട്ട ശുചീകരണ തൊഴിലാളിയുടെ കുടുംബത്തെ കേരള സർക്കാർ കൈവിടില്ലെന്ന് ഉറപ്പാണ്. പക്ഷേ, റെയിൽവേക്ക് തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ ദുരന്തത്തിൽ നിന്ന് ഒട്ടേറെ പാഠങ്ങൾ പഠിക്കാനുണ്ട്. മാൻഹോളും മറ്റും ശുചീകരിക്കുന്നതിന് ജൻറോബോട്ടിക്സിന്റെ യന്ത്രങ്ങൾ ലഭ്യമാണ്. ലോകപ്രശസ്തിയിലേക്കു വളർന്ന നമ്മുടെ സ്റ്റാർട്ടപ്പാണ്. പക്ഷേ, നമ്മൾ എത്രമാത്രം ഈ സാധ്യത പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചോദിച്ചു. തോടുകളെ കുപ്പത്തൊട്ടികളിയാട്ടാണ് നഗരവാസികളിൽ പലരും കാണുന്നത്. ഈ കാഴ്ചപ്പാട് മാറണം. അതിനായുള്ള വലിയൊരു ജനകീയ പ്രസ്ഥാനമുണ്ടാകണം. ജോയിയുടെ മരണം ഇതിനൊരു നിമിത്തമായി മാറട്ടെയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

ഡോ. തോമസ് ഐസക് പങ്കുവെച്ച കുറിപ്പ് വായിക്കാം:
മരണപ്പെട്ട ശുചീകരണ തൊഴിലാളിയുടെ കുടുംബത്തെ കേരള സർക്കാർ കൈവിടില്ലെന്ന് ഉറപ്പാണ്. പക്ഷേ, റെയിൽവേക്ക് തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. റെയിൽവേയുടെ കോൺട്രാക്ടറാണ് യാതൊരു മുൻകരുതലുകളോ പരിരക്ഷയോ ഇല്ലാതെ ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭാഗത്ത് ശുചീകരണത്തിന് തൊഴിലാളികളെ നിയോഗിച്ചത്. എന്നിട്ട് ഇപ്പോൾ കൈമലർത്തുകയാണ്. കേന്ദ്ര സർക്കാരിന്റെ അനാസ്ഥയെ തുറന്നു കാണിക്കാനല്ല കോൺഗ്രസിനു താല്പര്യം. കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കാനാണു വ്യഗ്രത.
റെയിൽവേക്ക് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ല. ആമയിഴഞ്ചാൻ തോടിന്റെ 117 മീറ്റർ നീളം റെയിൽവേ പ്ലാറ്റുഫോമുകൾക്കും പാഴ്സൽ ഓഫീസിനും യാർഡിനും അടിയിലൂടെയാണ് ഒഴുകുന്നത്. പുറത്തുനിന്നും കോർപ്പറേഷനോ മറ്റൊരാൾക്കോ അവിടേക്ക് കടന്ന് വൃത്തിയാക്കാനാവില്ല.
സ്വച്ഛ്ഭാരത് നടപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനത്തോട് തങ്ങളുടെ നിയന്ത്രണത്തിലുള്ള തോടിന്റെ ഭാഗം വൃത്തിയാക്കണമെന്ന് കോർപ്പറേഷനും ജില്ലാ അധികൃതരും റെയിൽവേയോട് ആവശ്യപ്പെട്ടതിന്റെ രേഖകൾ ഇന്ന് പൊതുമണ്ഡലത്തിലുണ്ട്. തങ്ങളുടെ കൃത്യനിർവ്വഹണത്തിൽ ഗൗരവമായ വീഴ്ച റെയിൽവേ വരുത്തി. അതിന്റെ മേധാവി ദുരന്തത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലും ഈ നിരുത്തരവാദപരമായ അഹന്ത തെളിഞ്ഞു കാണാമായിരുന്നു.
നഗരത്തിനുള്ളിലുള്ള നീർവാർച്ച തോടുകൾ ശുചീകരിക്കുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നതിനും പൊതുബോധം ഉയർത്തുന്നതിനും ഊർജ്ജിത നടപടകൾ സ്വീകരിക്കുന്നതിനും ഈ ദുരന്തം പ്രചോദനമാകണം. ജോയിയെ രക്ഷിക്കുന്നതിന് കോർപ്പറേഷന്റെ നേതൃത്വത്തിൽ എല്ലാവിധ ഏജൻസികളും ഏകോപിച്ച് കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ പ്രയത്നം ആവേശകരമാണ്. ഉദ്യോഗസ്ഥർ മാത്രമല്ല, സാധാരണ ജനങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവപങ്കാളികളായി. ഇത്തരമൊരു ഇടപെടലാണ് ഇനിയുള്ള മാസങ്ങളിൽ ശുചിത്വ മേഖലയിൽ വേണ്ടത്.
ഈ ദുരന്തത്തിൽ നിന്ന് ഒട്ടേറെ പാഠങ്ങൾ പഠിക്കാനുണ്ട്. മാൻഹോളും മറ്റും ശുചീകരിക്കുന്നതിന് ജൻറോബോട്ടിക്സിന്റെ യന്ത്രങ്ങൾ ലഭ്യമാണ്. ലോകപ്രശസ്തിയിലേക്കു വളർന്ന നമ്മുടെ സ്റ്റാർട്ടപ്പാണ്. പക്ഷേ, നമ്മൾ എത്രമാത്രം ഈ സാധ്യത പ്രയോജനപ്പെടുത്തിയിട്ടുണ്ട്?
പക്ഷേ, ശുചിത്വത്തിന്റെ പ്രശ്നം സാങ്കേതികവിദ്യയിലേക്ക് ചുരുക്കാൻ പാടില്ല. അടിസ്ഥാന മാറ്റം വരേണ്ടത് നമ്മൾ പൗരന്മാരുടെയെല്ലാം ബോധത്തിലാണ്. തിരുവനന്തപുരത്തെ ഒരു അനുഭവം പറയാം: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും സമീപ ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തിൽ കിള്ളിയാർ പുനരുദ്ധരിക്കുന്നതിന് ഏതാനും വർഷം മുമ്പ് വലിയൊരു യജ്ഞം നടന്നു. ആയിരക്കണക്കിന് ആളുകളാണ് അതിൽ പങ്കാളികളായത്. നൂതനമായ ബോധവൽക്കരണ രീതികളും അവലംബിച്ചു.
ഏതാനും മാസം മുമ്പ് കിള്ളിയാർ പ്രദേശത്ത് പോയപ്പോൾ പദ്ധതി എങ്ങനെയുണ്ടെന്ന് നേരിട്ടു പരിശോധിച്ചു. കിള്ളിയാർ ഇപ്പോഴും വൃത്തിയായി ഒഴുകുന്നു. പക്ഷേ, കോർപ്പറേഷന്റെ അതിർത്തി വരെ മാത്രം. അന്നു തന്നെ കിള്ളിയാർ ശുചീകരണം നഗരത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. തോടുകളെ കുപ്പത്തൊട്ടികളിയാട്ടാണ് നഗരവാസികളിൽ പലരും കാണുന്നത്. ഈ കാഴ്ചപ്പാട് മാറണം. അതിനായുള്ള വലിയൊരു ജനകീയ പ്രസ്ഥാനമുണ്ടാകണം. ജോയിയുടെ മരണം ഇതിനൊരു നിമിത്തമായി മാറട്ടെ.












Click it and Unblock the Notifications