സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ വി വേണു; തീരുമാനം മന്ത്രിസഭാ യോഗത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ വി വേണുവിനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. വി പി ജോയ് ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് ആഭ്യന്തര അഡി ചീഫ് സെക്രട്ടറിയായ ഡോ വി വേണുവിനെ നിയമിക്കുന്നത്. വേണുവിനെക്കാള്‍ സീനിയോറിറ്റിയുള്ളവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഇവര്‍ മടങ്ങില്ലെന്നാണ് വിവരം. ഇതോടെയാണ് ഡോ. വി.വേണുവിന് അവസരം തെളിഞ്ഞത്. 2024 ഓഗസ്റ്റ് 31 വരെ സര്‍വീസുണ്ട്.

വി പി ജോയ്ക്ക് പിന്നിലായി സീനിയോരിറ്റി അനുസരിച്ച് ഗ്യാനേഷ്‌കുമാര്‍, മനോജ് ജോഷി, ദേവേന്ദ്രകുമാര്‍ സിംഗ്, ആര്‍ കെ സിംഗ്, അല്‍കേഷ്‌കുമാര്‍ ശര്‍മ, ഡോ. വി.വേണു എന്നിവരാണുള്ളത്. ദേവേന്ദ്രകുമാര്‍ സിംഗ് വി പി ജോയിക്കൊപ്പം ഈമാസം 30ന് വിരമിക്കും. ഗ്യാനേഷ്‌കുമാര്‍, മനോജ് ജോഷി, ആര്‍ കെ.സിംഗ്, അല്‍കേഷ്‌കുമാര്‍ ശര്‍മ എന്നിവര്‍ കേന്ദ്രത്തില്‍ നിന്ന് മടങ്ങില്ലെന്നാണ് വിവരം.
ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ടൂറിസം, സാംസ്‌കാരികം അടക്കമുള്ള വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1990 ഐ എ എസ് ബാച്ച് അംഗമായ ഡോ വേണു കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ലെ പ്രളയത്തിനു ശേഷം റവന്യു ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്സിക്യൂട്ടീവായും പ്രവര്‍ത്തിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വാസുദേവ പണിക്കരുടേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. പി ടി രാജമ്മയുടേയും മകനായി 1964 ആഗസ്റ്റ് 20-ന് തിരുവനന്തപുരത്ത് ജനിച്ചു. കോഴിക്കോട് കേന്ദ്രീയവിദ്യാലയം, മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ് ബിരുദം നേടി.
1988 ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയിച്ചുവെങ്കിലും ഡോക്ടറായി ഔദ്യോഗിക ജീവിതം തുടരാന്‍ വേണ്ടി അത് ഉപേക്ഷിച്ചു. മലബാറിന്റെ ഗ്രാമീണ പ്രദേശങ്ങളിലായിരുന്നു അക്കാലത്ത് സേവനം അനുഷ്ഠിച്ചിരുന്നത്. 1990 ല്‍ വീണ്ടും സിവില്‍ സര്‍വ്വീസ് ലഭിക്കുകയും കേരള കേഡര്‍ ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്യുകയായിരുന്നു. ഐ എ എസ് ഉദ്യോഗസ്ഥയായ ശാരദാ മുരളീധരനാണ് ഭാര്യ. മക്കള്‍: കല്യാണി ശാരദ, ശബരി വേണു.












Click it and Unblock the Notifications