ഡോ വി വേണു പുതിയ ചീഫ് സെക്രട്ടറി, ഷെയ്ഖ് ദർവേഷ് സാഹിബ് പോലീസ് മേധാവി; ഇരുവരും ചുമതലയേറ്റു
തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ഡോ വി വേണുവും പോലീസ് മേധാവിയായി ഷേഖ് ദര്‍വേഷ് സാഹിബും ചുമതലയേറ്റു. വിപി ജോയിയും അനിൽകാന്തും വിരമിച്ച സ്ഥാനത്തേക്കാണ് ഇരുവരും നിയമിതരായത്. സംസ്ഥാനത്തിന്റെ നീറുന്ന പ്രശ്നങ്ങളെ മുന്നിൽ നിന്ന് നേരിടുമെന്ന് ചുമതലയേറ്റ ശേഷം ചീഫ് സെക്രട്ടറി പ്രതികരിച്ചു. മുന്നിലെത്തുന്ന പരാതികളെ ഉത്തരവാദിത്തത്തോടെ കാണും. അവ പരിഹരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സിവിൽ സർവീസിലെ ഉന്നത പദവിയായ ചീഫ് സെക്രട്ടറി സ്ഥാനം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ഉത്തരവാദിത്തം വലുതാണെന്ന ബോധ്യത്തോടെയാണ് ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്. അത് വെല്ലുവിളിയായി എടുക്കുന്നു. മുൻ ചീഫ് സെക്രട്ടറി തുടങ്ങി വച്ച കാര്യങ്ങൾ പൂർണതയിൽ എത്തിക്കാനും ജനങ്ങൾക്ക് പ്രയോജനകരമാക്കാനും ശ്രമിക്കും. കേരളം കണ്ട ഏറ്റവും പ്രഗല്ഭനായ ചീഫ് സെക്രട്ടറിമാരിൽ ഒരാളായ ഡോ. വി. പി. ജോയ് യുടെ പിൻഗാമിയായാണ് പദവിയിലെത്തുന്നത്. എല്ലാവരുടെയും സഹകരണം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.1990 ബാച്ച് ഉദ്യോഗസ്ഥനായ ഡോ വേണു ആഭ്യന്തര വകുപ്പിന്റെ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കവേയാണ് ചീഫ് സെക്രട്ടറിയായി നിയമിതനായത്.

ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോ ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഫയര്‍ ആന്‍റ് റെസ്ക്യു ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് സംസ്ഥാന പോലീസ് മേധാവി പദവിയിലെത്തിയത്.പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിലവിലെ പോലീസ് മേധാവി അനില്‍ കാന്ത് പുതിയ മേധാവിക്ക് അധികാരദണ്ഡ് കൈമാറി. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.
പോലീസ് ആസ്ഥാനത്തെത്തിയ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലെത്തി. സ്ഥാനമൊഴിയുന്ന ഡി.ജി.പി അനില്‍ കാന്ത് പുതിയ മേധാവിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.
1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ് ദർവേഷ്. കേരള കേഡറില്‍ എ.എസ്.പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്‍റ് ആയും പ്രവര്‍ത്തിച്ചു.
ഗവര്‍ണറുടെ എ.ഡി.സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്‍റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്.പി റാങ്കില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാഡമിയില്‍ അസിസ്റ്റന്‍റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു. എസ്.ബി.സി.ഐ.ഡി, പോലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂര്‍ റെയ്ഞ്ച്, ആംഡ് പോലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐ.ജി ആയിരുന്നു.
അഡീഷണല്‍ എക്സൈസ് കമ്മീഷണറായും കേരള പോലീസ് അക്കാഡമി ഡയറക്ടറായും പ്രവര്‍ത്തിച്ചു. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പോലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ നിലകളിലും കേരള പോലീസ് അക്കാഡമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടര്‍ന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ഫിനാന്‍സില്‍ എം.ബി.എയും നേടി. വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007 ല്‍ ഇന്ത്യന്‍ പോലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്.












Click it and Unblock the Notifications