കുത്തേറ്റ ഡോ വന്ദന കുഴഞ്ഞുവീണു; നടുക്കിയ അരമണിക്കൂര്‍ അക്രമം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പത്തനംതിട്ട: താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ വന്ദന ദാസ് കൊല്ലപ്പെട്ട ദിവസത്തെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. കേസില്‍ നിര്‍ണായകമായ സി സി ടി വി ദൃശ്യങ്ങള്‍ ആശുപത്രി അധികൃതര്‍ കോടതിക്ക് കൈമാറി. പ്രതി സന്ദീപിന്റെ കുത്തേല്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ സഹപ്രവര്‍ത്തകന്‍ ഡോ മുഹമ്മദ് ഷിബിന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ വന്ദന കുഴഞ്ഞുവീഴുന്നതായി സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഷിബിനും മറ്റുള്ളവരും ഏറെ പ്രയാസപ്പെട്ടാണ് വന്ദനയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പൊലീസി ജീപ്പിലാണ് വന്ദനയെ ആശുപത്രിയിലേക്ക് എത്തിച്ചത്. 10ന് പുലര്‍ച്ചെ 4.30 മുതല്‍ അര മണിക്കൂറോളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സന്ദീപിന്റെ ആക്രമണമായിരുന്നു. ആശുപത്രിയുടെ കാഷ്വാലിറ്റിയുടെ വരാന്തയിലും അതിനു പുറത്തുള്ള രണ്ട് സി സി ടി വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പുലര്‍ച്ചെ 4.30ന് ആണ് പ്രതി സന്ദീപുമായി പൊലീസ് ആശുപത്രിയിലേക്ക് എത്തുന്നത്. 4.40 ഓടെയായിരുന്നു ആക്രമണങ്ങളുടെ തുടക്കം. കുത്തേറ്റ് ആശുപത്രിക്ക് പുറത്തേക്കോടുന്ന ഹോം ഗാര്‍ഡ് അലക്‌സ്‌കുട്ടി. പിന്നാലെ കുത്തേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മണിലാല്‍. എന്താണ് അകത്ത് നടന്നതെന്ന കാര്യം വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റ ഡോ വന്ദനയുടെ കയ്യില്‍ പിടിച്ച് സഹപ്രവര്‍ത്തകന്‍ പുറത്തേക്കോടുന്നതാണ് അടുത്ത ദൃശ്യം.
പിന്നാലെ കുഴഞ്ഞുവീണ വന്ദനയെ പൊലീസ് ജീപ്പില്‍ കയറ്റുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ചോരപുരണ്ട കത്രികയുമായി ആശുപത്രിയിലൂടെ സന്ദീപ് നിരീക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. കത്രികയില്‍ പുരണ്ട ചോര വെള്ളത്തില്‍ കഴുകിക്കളയുന്നു. ഇതിന് ശേഷം കത്രിക ഉപേക്ഷിക്കുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ് പ്രതിയെ പിറകില്‍ നിന്ന് കീഴപ്പെടുത്തി. തുടര്‍ന്ന് പൊലീസും ചേര്‍ന്ന് സന്ദീപിനെ ബന്ധിക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രതി സന്ദീപിനെ ഭയന്നു ഒളിച്ചിരുന്ന ജീവനക്കാരി ആരെയോ ഫോണില്‍ വിളിക്കുന്നത് കാണാം. ആശുപത്രി സൂപ്രണ്ടിനെയാണ് വിളിച്ചതെന്നാണ് വിവരം. ശേഷം രണ്ട് ജീപ്പില്‍ കൂടുതല്‍ പൊലീസുകാര്‍ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. സന്ദീപിനെ ഭയന്നു പുറത്തേക്കോടിയ പൊലീസുകാര്‍ വന്ദനയ്ക്ക് കുത്തേറ്റതിന് ശേഷമാണ് പിന്നീട് ദൃശ്യത്തില്‍ എത്തുന്നത്. ഈ സമയത്ത് ആശുപത്രിയിലെ ജീവനക്കാര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.












Click it and Unblock the Notifications