വിവാഹത്തിന് കരുതിയ പണം ക്ലിനിക്കിന്; ഡോ. വന്ദനയുടെ ഓർമയ്ക്കായി ക്ലിനിക്ക് ഒരുങ്ങുന്നു
ആലപ്പുഴ: ഡോ. വന്ദന ദാസിന്റെ പേരിൽ ക്ലിനിക് ഒരുങ്ങുന്നു. വന്ദനയുടെ മാതാപിതാക്കളായ കെ ജി മോഹൻ ദാസും ടി വസന്തകുമാരിയും ചേർന്നാണ് ക്ലിനിക്ക് നിർമ്മിക്കുന്നത്. തൃക്കുന്നപ്പുഴയിൽ സാധാരണക്കാർക്ക് വേണ്ടി ക്ലിനിക് പണിയണമെന്ന വന്ദനയുടെ ആഗ്രഹമാണ് സഫലമാകുന്നത്. വന്ദനയുടെ വിവാഹച്ചെലവുകൾക്കായി മാതാപിതാക്കൾ കരുതിവെച്ച പണം ഉപയോഗിച്ചാണ് ഇവിടെ ക്ലിനിക് പണിയുന്നത്.
തൃക്കുന്നപ്പുഴയിൽ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക് നിർമിക്കുന്നത്. ഡോ. വന്ദന ദാസ് മെമ്മോറിയിൽ ക്ലിനിക് എന്ന പേരിലാകും ക്ലിനിക് പ്രവർത്തിക്കുക. ചെറുപ്പം മുതലെ കടത്തുരുത്തിയിലെ സ്വന്തം വീട്ടിൽ നിന്ന് അമ്മയുടെ വീടായ തൃക്കുന്നപ്പുഴയിലേക്ക് പോകാൻ വന്ദനയ്ക്ക് താലപര്യമുണ്ടായിരുന്നുവെന്ന് അമ്മ വസന്തകുമാരി പറഞ്ഞു.

ഇവിടുത്തെ നാട്ടുകാർക്കായി ക്ലിനിക് പണിയണമെന്ന് വന്ദന മാതാപിതാക്കളോട് ആഗ്രഹം പറഞ്ഞിരുന്നു. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും സൗജന്യ സേവനം നടത്താനും വന്ദനയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ചിങ്ങ മാസത്തിൽ ക്ലിനിക് ഉദ്ഘാടനം ചെയ്യാനാണ് ശ്രമം. കെട്ടിടത്തിന്റെ നിർമാണം 70 ശതമാനത്തോളം പൂർത്തിയായി. മുമ്പ് ഉണ്ടായിരുന്ന കെട്ടിടം പുതുക്കി നിർമ്മിച്ചാണ് ക്ലിനിക് നിർമ്മിക്കുന്നത്. ക്ലിനിക്കിന്റെ രജിസ്ട്രേഷനും ലൈസൻസും ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്.
2023 മേയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി സന്ദീപ് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. ഡോ വന്ദനയെ കൊലപ്പെടുത്തിയ കേസിൽ തനിക്കെതിരെ കൊലപാതക കുറ്റം നിലനിൽക്കില്ലെന്ന് പ്രതി സന്ദീപിന്റെ വാദം കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ആക്രമിച്ചതായിരുന്നു എന്നും അതിനാൽ കൊലപാതക കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാൽ പെട്ടെന്നുണ്ടായ പ്രകോപനം ദീർഘ നേരം നീണ്ടുനിൽക്കുന്നതല്ലെന്ന് അഭിപ്രായപ്പെട്ട കോടതി പ്രഥമദൃഷ്ട്യാ പ്രതിക്കെതിരെ കുറ്റം നിലനിൽക്കുന്നതാണെന്ന് വിലയിരുത്തി പ്രതിയുടെ വിടുതൽ ഹർജി തള്ളി. ജസ്റ്റിസ് എ ബദറുദ്ദീന്റേതാണ് ഉത്തരവ്.
സമാന ആവശ്യം ഉന്നയിച്ച് നൽകിയ ഹർജി കൊല്ലം അഡീഷണൽ സെഷൻസ് കോടതി തള്ളയതിന് എതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഡയറിയടക്കം വിശദമായി പരിശോധിച്ചാണ് ഹർജി തള്ളിയത്. പ്രതി ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് ഒട്ടേറെ പേരെ അക്രമിച്ചതിന് തുടർച്ചയായിട്ടാണ് വന്ദനയെ ആക്രമിച്ചതെന്ന് കോടതി വിലയിരുത്തി.












Click it and Unblock the Notifications