കോതമംഗലത്ത് നാടകീയ രംഗങ്ങള്‍: മൃതദേഹം പിടിച്ചെടുത്ത് പൊലീസ്, വിമർശിച്ച് ബന്ധുക്കളും കോണ്‍ഗ്രസും
കോതമംഗലം: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരില്‍ നിന്നും പിടിച്ചെടുത്ത് പൊലീസ്. നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹമാണ് കുടുംബക്കാർ അടക്കമുള്ള പ്രതിഷേധക്കാരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്.
കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പ്രതിഷേധക്കാർ പിടിച്ചെടുത്ത് റോഡില്‍ കൊണ്ടുവന്ന് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് നടപടിയുണ്ടായത്. മൃതദേഹം വിട്ടു തരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ളവർ മൃതദേഹത്തിനു മേൽ കിടന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് അവരെയെല്ലാം തട്ടിമാറ്റി ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റുകയായിരുന്നു.

മൃതദേഹമടങ്ങിയ ഫ്രീസർ ആംബുലൻസിൽ കയറ്റിയ ശേഷം ഡോർ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സഹോദരൻ ഉൾപ്പെടെയുള്ളവർക്ക് പൊലീസ് നടപടിയിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കളക്ടറുമായി വിഷയം ചര്‍ച്ച ചെയ്യാനിരിക്കെ പൊലീസ് മൃതദേഹം പിടിച്ചെടുത്തതിനെ കോൺഗ്രസ് വിമര്‍ശിച്ചു. സര്‍ക്കാരിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് മാത്യു കുഴൽനാടൻ എം എൽ എ പറഞ്ഞു. അതേസമയം, ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
കോതമംഗലത്ത് റോഡിൽ മൃതദേഹം വച്ചായിരുന്നു കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. വനം മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തിൽ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുന്നത് വരെ പ്രതിഷേധം നടത്തുമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍.
ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാവിലെ 8.30 ഓടെ കൃഷിയിടത്തില്‍ കയറിയ കാട്ടാനയാണ് ആക്രമണം നടത്തിയത്. ഈ സമയത്ത് കൃഷിയിടത്തില്‍ കൂവ വിളവെടുത്തുകൊണ്ടിരിക്കുകയായിരുന്നു ഇന്ദിര.
ഇന്ദിരയുടെ കരച്ചില്‍ കേട്ടെത്തിയ റബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ ആനയെ ഓടിച്ച് ഇന്ദിരയെ നേര്യമംഗലം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെരിയാര്‍ കടന്ന് വനത്തില്‍ നിന്ന് എത്തിയ കാട്ടാനയാണ് ആക്രമണം നടത്തിയത്.
അതേസമയം, അതേസമയം, ഇടുക്കിയിലെ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണുന്നതിനായി സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട് മാർച്ച് 9-ന് രാവിലെയാണ് യോഗം ചേരുക. പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നത് ഉൾപ്പെടെ പ്രശ്ന പരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ സർവ്വകക്ഷി യോഗത്തിൽ ചർച്ച ചെയ്യുന്നതാണ്. യോഗം വിളിച്ചു ചേർക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് വനംമന്ത്രി നിർദ്ദേശം നൽകി. മന്ത്രി ഉള്‍പ്പെടേയുള്ളവർ യോഗത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications