വയനാട്ടിലെ ദൃശ്യം മോഡല്‍ കൊല: അമ്മയെയും തന്നെയും കുറിച്ച് അച്ഛന്‍ പറഞ്ഞത്... മകന്‍റെ കുറ്റസമ്മതം
തമിഴ്നാട് സ്വദേശിയാണ് വയനാട്ടില്‍ കൊല്ലപ്പെട്ടത്
കല്‍പ്പറ്റ: ദൃശ്യം സിനിമയെ അനുസ്മരിപ്പിച്ച വയനാട്ടിലെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. മാനന്തവാടി തോണിച്ചാല്‍ പൈങ്ങാട്ടിരിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. നിര്‍മാണത്തിലിരുന്ന വീടിന്റെ തറയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.
സംശയം തോന്നിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് മധുര ഉശിലംപെട്ടി സ്വദേശിയായ ആശൈ കണ്ണനായിരുന്നു കൊല ചെയ്യപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളുടെ മകന്‍ അരുണിനെയും സുഹൃത്ത് അര്‍ജുനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീലിന്റെ ചോദ്യം ചെയ്യലിലാണ് അരുണ്‍ എല്ലാം വെളിപ്പെടുത്തിയത്. ആശൈ കണ്ണന്റെ മൂന്നു മക്കളില്‍ രണ്ടാമനാണ് അരുണ്‍.

അരുണിന്റെ കുറ്റസമ്മതം
മദ്യലഹരിയിലെത്തിയ അച്ഛന്‍ തന്നെയും അമ്മയെയും നിരന്തരം മര്‍ദ്ദിച്ചിരുന്നതായി അരുണ്‍ പോലീസിനോട് പറഞ്ഞു. തന്നെയും അമ്മയെയും ചേര്‍ത്ത് അച്ഛന്‍ അപവാദ പ്രചരണങ്ങള്‍ നടത്തിയതായും ഇതാണ് തന്നെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തി.
സപ്തംബര്‍ 27നു രാത്രി ഒമ്പത് മണിയോടെയാണ് കൊലപാതകം നടന്നതെന്നും ഇയാള്‍ മൊഴി നല്‍കി.

വാടക ക്വാട്ടേഴ്‌സിന് 300 മീറ്റര്‍ അകലെ
വാടക ക്വാര്‍ട്ടേഴ്‌സിലാണ് ആശൈ കണ്ണനും കുടുംബവും താമസിച്ചിരുന്നത്. ഈ ക്വാര്‍ട്ടേഴ്‌സിന് ഏകദേശം 300 മീറ്റര്‍ അകലെയുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ വച്ചാണ് അരുണ്‍ കൊല നടത്തിയത്. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ കെട്ടിയ ശേഷം വീടിന്റെ തറയില്‍ കുഴിച്ചു മൂടുകയായിരുന്നു.
വീടിന്റെ തറയില്‍ മണ്ണ് ഇളകി കിടക്കുന്നതു കണ്ടതോടെയാണ് തൊഴിലാളികള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ഇവര്‍ കരാറുകാരനെ വിവരമറിയിക്കുകയായിരുന്നു.

അരുണിന് പ്രചോദനമായത് ദൃശ്യം?
ദൃശ്യം സിനിമയാവാം ഇത്തരത്തില്‍ മൃതദേഹം കുഴിച്ചിടാന്‍ അരുണിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ചാക്കില്‍ കെട്ടിയ മൃതദേഹം അഴുകിയ നിലയിലായിരുന്നു.
പ്രദേശവാസികളെ കേന്ദ്രീകരിച്ചാണ് പോലീസ് തുടക്കം മുതല്‍ അന്വേഷണം നടത്തിയിരുന്നത്. ഒടുവിലാണ് ഇത് മകനായ അരുണിലെത്തിയത്.

ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞു, പിന്നെ തിരിച്ചെത്തി
വര്‍ഷങ്ങളായി ഭാര്യ മണിമേഖലയുമായി പിണങ്ങിക്കഴിയുകയായിരുന്നു ആശൈ കണ്ണന്‍. എട്ടു മാസങ്ങള്‍ക്കു മുമ്പാണ് കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഇയാള്‍ ഭാര്യക്കൊപ്പം താമസം തുടങ്ങിയത്. തുടക്കത്തില്‍ വലിയ കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും പിന്നീട് മദ്യപിച്ച് വീട്ടിലെത്തുകയും മകനെയും ഭാര്യയെയും ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. തന്നെയും അമ്മയെയും ചേര്‍ന്ന് അപവാദങ്ങള്‍ കൂടി ഇയാള്‍ പറഞ്ഞതോടെ അരുണ്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പിതാവിനെയും കൂട്ടി കെട്ടിടത്തിലെത്തി
കൊലപാതകം നടന്ന ദിവസം രാത്രി ആശൈ കണ്ണനെയും കൂട്ടി മദ്യവുമായി അരുണിന്റെ സുഹൃത്തായ അര്‍ജുന്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തുകയായിരുന്നു. മദ്യപിക്കുന്നതിനിടെ കമ്പിപ്പാര കൊണ്ട് അരുണ്‍ അച്ഛന്റെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അരുണ്‍ കൊപാതകം ആസൂത്രണം ചെയ്ത കാര്യം അര്‍ജുന്‍ പോലുമറിഞ്ഞിരുന്നില്ല. കൊലയ്ക്കു ശേഷം അരുണും അര്‍ജുനും ചേര്‍ന്നാണ് മൃതദേഹം തറയില്‍ കുഴിയെടുത്ത് കുഴിച്ചു മൂടിയത്.

തൊട്ടടുത്ത ദിവസം അമ്പലത്തില്‍ പോയി
കൊല നടന്ന തൊട്ടടുത്ത ദിവസം പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ച് അരുണ്‍ അമ്പലത്തില്‍ പോയി. പിന്നീട് രാവിലെ വന്ന കൊല നടന്ന കെട്ടിടത്തില്‍ നിന്നും കമ്പിപ്പാര തിരിച്ചെടുക്കുകയും ചെയ്തു. അതിനു ശേഷം രണ്ടു തവണ കൂടി അരുണും അര്‍ജുനും മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തി തിരിച്ചുപോവുകയും ചെയ്തു.
മൃതദേഹം കണ്ടെത്തിയ അതേ ദിവസം രാത്രി തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിനു സാധിച്ചു.












Click it and Unblock the Notifications