രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19ന് തന്നെ ശബരിമലയിലെത്തും
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19 ന് തന്നെ ശബരിമല സന്ദര്‍ശിക്കും. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതോടെയാണ് സന്ദര്‍ശനം വീണ്ടും പുനക്രമീകരിച്ചത്. മുന്‍ നിശ്ചയിച്ചത് പോലെ മെയ് 19 ന് തന്നെ രാഷ്ട്രപതി ശബരിമലയില്‍ എത്തുമെന്ന് രാഷ്ട്രപതി ഭവന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
നേരത്തെ മെയ് 19 ന് ആയിരുന്നു സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക പരിപാടികള്‍ എല്ലാം റദ്ദാക്കി. ഇതിന്റെ ഭാഗമായി ശബരിമല സന്ദര്‍ശനവും ഒഴിവാക്കി. ഇക്കാര്യം ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിനെ രാഷ്ട്രപതി ഭവനില്‍ നിന്ന് അറിയിക്കുകയും ചെയ്തു.

രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് വിപുലമായ തയാറെടുപ്പുകള്‍ നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി. സന്ദര്‍ശന ദിവസം വെര്‍ച്വല്‍ ക്യു ബുക്കിങ് ഒഴിവാക്കാനായിരുന്നു തീരുമാനം. പിന്നീടാണ് സന്ദര്‍ശനം റദ്ദാക്കിയതായി അറിയിപ്പ് എത്തിയത്. ഇതേത്തുടര്‍ന്ന് വെര്‍ച്വല്‍ ക്യു ബുക്കിങ് ഈ ദിവസം ഉണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിക്കുകയും ചെയ്തു.
മെയ് 18 ന് കേരളത്തില്‍ എത്തി 19 ന് ശബരിമലയില്‍ സന്ദര്‍ശനം നടത്താനാണ് ഇപ്പോഴുള്ള തീരുമാനം എന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. സന്ദര്‍ശനം പ്രമാണിച്ച് ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കും. ഭക്തരുടെ തിരക്ക് നിയന്ത്രിക്കും. പുതിയ സന്ദര്‍ശന അറിയിപ്പിന്റെ പശ്ചാത്തലത്തില്‍ 19 ന് വെര്‍ച്ചല്‍ ക്യൂ ബുക്കിങ് ഒഴിവാക്കും.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്നത്. മെയ് 18 ന് എത്തുന്ന രാഷ്ട്രപതി കോട്ടയം കുമരകത്താണ് താമസിക്കുന്നത്. മെയ് 18 പാലാ സെന്റ് തോമസ് കോളജിലെ ജൂബിലി സമ്മേളനത്തിലും രാഷ്ട്രപതി പങ്കെടുക്കുന്നുണ്ട്.
മെയ് 19 ന് കുമരകത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ ആണ് നിലയ്ക്കലില്‍ എത്തുന്നത്. തുടര്‍ന്ന് റോഡ് മാര്‍ഗം പമ്പയില്‍ എത്തിച്ചേരും. തുടര്‍ന്ന് കാല്‍നടയായി ശബരിമലയിലേക്ക് പോകുമെന്നാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന വിവരം.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് സുരക്ഷ ഒരുക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. അതിനിടെയാണ് സന്ദര്‍ശനത്തിന്റെ വിവരം എത്തുന്നത്. പൊലീസും ഇന്റലിജന്‍സും സുരക്ഷ സംബന്ധിച്ച് കാര്യങ്ങള്‍ നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. രാഷ്ട്രപതിയുടെ കേരളത്തിലെ പരിപാടികളുടെ വിവരങ്ങള്‍ സംബന്ധിച്ച ഷെഡ്യൂള്‍ രാഷ്ട്രപതി ഭവന്‍ സംസ്ഥാന സര്‍ക്കാരിന് വൈകാതെ കൈമാറും.
രാഷ്ട്രപതിയുടെ സന്ദര്‍ശനം ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ വലിയൊരു നാഴികക്കല്ല് ആയിരിക്കുമെന്നാണ് ക്ഷേത്രത്തിന്റെ നടത്തിപ്പു ചുമതലയുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. ശബരിമല ക്ഷേത്രത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇവിടേക്ക് എത്താനും രാഷ്ട്രപതിയുടെ സന്ദര്‍ശനം സഹായിക്കും എന്നാണ് ദേവസ്വം ബോര്‍ഡ് കരുതുന്നത്. വിപുലമായ സൗകര്യങ്ങളാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ ഒരുക്കുന്നത്. രാഷ്ട്രപതി കടന്നു പോകുന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഉള്‍പ്പെടെയുള്ള ജോലികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാകും. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായതോടെ വ്യോമ ഗതാഗതത്തിനും വിവിഐപി യാത്രകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സംഘര്‍ഷം അയഞ്ഞതോടെയാണ് ശബരിമലയിലേക്കുള്ള യാത്ര സാധ്യമായത്.












Click it and Unblock the Notifications