ലാന്‍ഡിംഗിനിടെ ഹെലിപാഡ് തകര്‍ന്നു, രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടര്‍ താഴ്ന്നു, തള്ളിനീക്കി പൊലീസ്
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ കേരള സന്ദര്‍ശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച. ദ്രൗപതി മുര്‍മു വന്ന ഹെലികോപ്ടര്‍ ലാന്‍ഡിംഗിനിടെ ഹെലിപാഡില്‍ താഴ്ന്നു. ഇന്ന് രാവിലെ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു സംഭവം. നേരത്തെ നിലയ്ക്കലില്‍ ആയിരുന്നു ഹെലികോപ്ടര്‍ ഇറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ കാരണമാണ് പ്രമാടത്തേക്ക് ഹെലികോപ്ടര്‍ വഴിതിരിച്ചുവിട്ടത്.
അവസാന നിമിഷം ഷെഡ്യൂള്‍ മാറ്റിയതിനാല്‍ പ്രമാടം സ്റ്റേഡിയത്തിലെ ഹെലിപാഡിന്റെ നിര്‍മാണം ഇന്ന് രാവിലെയാണ് പൂര്‍ത്തിയായത്. ഇതിന് ശേഷം കോണ്‍ക്രീറ്റ് ഉണങ്ങുന്നതിന് മുന്‍പെ ഹെലികോപ്ടര്‍ ഇറക്കിയതാണ് സംഭവത്തിന് കാരണം. ലാന്‍ഡിംഗിന് പിന്നാലെ ഹെലികോപ്ടറിന്റെ ഒരു വശം താഴുകയായിരുന്നു. ഉടനെ സ്ഥലത്തുണ്ടായിരുന്ന പൊലീസ്, അഗ്‌നിശമന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഹെലികോപ്ടര്‍ തള്ളി പുറത്തേക്ക് മാറ്റി.

നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തില്‍ എത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. രാവിലെ 7.25 ന് രാജ്ഭവനില്‍ നിന്ന് വിമാനത്താവളത്തിലേക്ക് രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടു. അവിടെ നിന്ന് ഹെലികോപ്റ്ററില്‍ പത്തനംതിട്ട ജില്ലയിലെ പ്രമാടത്തേക്ക് യാത്രതിരിക്കുകയായിരുന്നു.
പ്രമാടത്ത് നിന്ന് രാഷ്ട്രപതി പമ്പയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 11.50 ഓടെ സന്നിധാനത്തെത്തും. 18-ാം പടിക്ക് മുന്നില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവനും ദേവസ്വം ബോര്‍ഡ് ഭാരവാഹികളും ചേര്‍ന്ന് പൂര്‍ണകുംഭം നല്‍കി രാഷ്ട്രപതിയെ സ്വീകരിക്കും. തുടര്‍ന്ന് പതിനെട്ടാം പടി കയറി അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കുന്ന രാഷ്ട്രപതി ഉച്ചപൂജയും തൊഴുതശേഷം ദേവസ്വം ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കും.
അതേസമയം ശബരിമല സന്ദര്‍ശനത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വാമി അയ്യപ്പന്‍ റോഡിലൂടെയും പരമ്പരാഗത ട്രെക്കിംഗ് പാതയിലൂടെയും അഞ്ച് ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങളുടെയും ഒരു ആംബുലന്‍സിന്റെയും അകമ്പടിയോടെയാണ് രാഷ്ട്രപതി സന്നിധാനത്ത് എത്തുക. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ദര്‍ശനത്തിന് ശേഷം വൈകുന്നേരം അവര്‍ തിരുവനന്തപുരത്തേക്ക് മടങ്ങും. വ്യാഴാഴ്ച, രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. പിന്നീട്, വര്‍ക്കലയിലെ ശിവഗിരി മഠത്തില്‍ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും കോട്ടയം ജില്ലയിലെ പാലായിലുള്ള സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും.












Click it and Unblock the Notifications