ജങ്കാറില്ല, യൂത്ത് കോണ്‍ഗ്രസുകാര്‍ പുഴയിലേക്ക് എടുത്തുചാടി... പിന്നെ സംഭവിച്ചത്, നാണക്കേട്, വീഡിയോ
കൊടുങ്ങല്ലൂരിലാണ് സംഭവം നടന്നത്
കൊടുങ്ങല്ലൂര്‍: അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ സമരം ദുരന്തമാവുന്നതില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. ആറു മാസമായി മുടങ്ങിക്കിടക്കുന്ന ജങ്കാര്‍ സര്‍വീസ് വീണ്ടും ആരംഭിക്കാനിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ നീന്തല്‍ സമരം പ്രഖ്യാപിച്ചത്.

അഴീക്കോട് കാഞ്ഞിരപ്പുഴയായിരുന്നു സമരത്തിന്റെ വേദി. ആയിരം മീറ്റര്‍ ദൂരം പുഴ നീന്തിക്കയറാനായിരുന്നു സമരക്കാര്‍ തീരുമാനിച്ചിരുന്നത്. ഏഴു പേരാണ് നീന്തല്‍ സമരവുമായി പുഴയിലേക്ക് എടുത്തു ചാടിയത്. എന്നാല്‍ പാതിയെത്തിയപ്പോഴേക്കും ചില സമരക്കാര്‍ കുഴഞ്ഞു. ഇവര്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ തീരദേശ പോലീസും മല്‍സ്യബന്ധന ബോട്ടുകളുമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. രണ്ടു പേരുടെ ബോധം നശിച്ച നിലയിലായിരുന്നു.

അറ്റകുറ്റ പണിക്കും ഇന്‍ഷുഫന്‍സ് പുതുക്കുന്നതിനും വേണ്ടിയാണ് മാര്‍ച്ച് 30 മുതല്‍ ഇവിടെ ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവച്ചത്. സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആരംഭിച്ച സമരങ്ങളുടെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പുഴ നീന്തിക്കടക്കല്‍ സമരം പ്രഖ്യാപിച്ചത്. രാവിലെ അഴീക്കോട് മേനോന്‍ ബസാറില്‍ നിന്നു പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ഉദ്ഘാടനത്തിനു ശേഷം പുഴയിലിറങ്ങി നീന്തുകയായിരുന്നു.












Click it and Unblock the Notifications