ലഹരിപാര്‍ട്ടിയില്‍ ആഷിഖിനും റിമയ്ക്കുമെതിരെ പ്രാഥമിക അന്വേഷണം; പരാതി നല്‍കിയത് യുവമോര്‍ച്ച
കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരായ ലഹരി പാര്‍ട്ടി പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്. യുവമോര്‍ച്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആണ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് ആസ്ഥാനത്ത് ലഭിച്ച പരാതി എസിപിക്ക് കൈമാറിയിട്ടുണ്ട്. ആഷിഖ് അബുവും റിമ കല്ലിങ്കലും കൊച്ചിയിലെ ഫ്‌ളാറ്റില്‍ ലഹരി പാര്‍ട്ടി നടത്താറുണ്ടെന്ന് ഗായിക സുചിത്ര ആരോപിച്ചിരുന്നു.
ഈ ആരോപണത്തില്‍ അന്വേഷണം വേണം എന്നാണ് യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഗുരുതര ആരോപണമാണ് ഇരുവര്‍ക്കുമെതിരെ തെന്നിന്ത്യന്‍ ഗായിക ഉയര്‍ത്തിയത് എന്നും എറണാകുളം കലൂരില്‍ ഇവര്‍ നടത്തുന്ന സ്ഥാപനത്തിനെതിരെയും വ്യാപകമായ പരാതികള്‍ ഉയരുന്നുണ്ട് എന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

'ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ ഒരു തലമുറയുടെ സര്‍വ്വനാശത്തിന് എല്ലാവരും ഉത്തരം പറയേണ്ടി വരും. ഗായികയുടെ പരാതി മൊഴിയായെടുത്ത് അന്വേഷണം നടത്തണം,' യുവമോര്‍ച്ച എറണാകുളം ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇരുവരും പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നും സുചിത്ര ആരോപിച്ചിരുന്നു. ഇതും യുവമോര്‍ച്ച പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഫ്‌ളാറ്റിലെ ലഹരി പാര്‍ട്ടിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കാറുണ്ടായിരുന്നു എന്നും നിരോധിതമായ വസ്തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചിരുന്നു എന്നുമാണ് സുചിത്ര പറയുന്നത്. ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് സുചിത്ര അവകാശപ്പെടുന്നത്. കൊച്ചിയില്‍ റെയ്ഡുകള്‍ നടന്നത് റിമ കല്ലിങ്കലിനും ആഷിഖ് അബുവിനും എതിരായാണ് എന്നും സുചിത്ര പറഞ്ഞിരുന്നു.
അതേസമയം ആരോപണത്തിന് പിന്നാലെ സുചിത്രക്ക് റിമ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ലഹരി പാര്‍ട്ടി നടത്തിയെന്നും ലഹരി മാഫിയ ബന്ധമുണ്ടെന്നും അടക്കമുള്ള പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് റിമ വ്യക്തമാക്കിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി വിശ്വാസ്യതയില്ലാത്ത വ്യക്തിയെന്ന് വിലയിരുത്തിയ ആളാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത് എന്നായിരുന്നു റിമ പറഞ്ഞത്.
ലഹരി പാര്‍ട്ടി ആരോപണം ആഷിഖ് അബുവും തള്ളിയിരുന്നു. 'ഇടുക്കി ഗോള്‍ഡ്' എന്ന സിനിമ സംവിധാനം ചെയ്തതിന്റെ പേരിലാണ് തനിക്ക് മേല്‍ ലഹരി മാഫിയ വാദം വന്നത് എന്നാണ് ആഷിഖ് അബു പറയുന്നത്. അത്തരം പരാതി ഉളളവര്‍ക്ക് നിയമപരമായ നടപടി സ്വീകരിക്കാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരെങ്കിലും പരാതിയുമായി മുന്നോട്ട് വന്നാല്‍ അതില്‍ അന്വേഷണം വേണമെന്നാണ് തന്റെ അഭിപ്രായം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications