മദ്യലഹരിയില്‍ ഓടിച്ച കാര്‍ ഇടിച്ച് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ മരിച്ച സംഭവം; വ്യവസായി അറസ്റ്റില്‍
തിരുവനന്തപുരം: ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളി കാറിടിച്ച് മരിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. തിരുവനന്തപുരം കവടിയാര്‍ സ്വദേശി അജയഘോഷാണ് അറസ്റ്റിലായത്. ശനിയാഴ്ച്ച രാത്രി 11:15 ന് അമ്പലവയലിലായിരുന്നു അപകടം.
അറസ്റ്റിലായ അജയഘോഷ് മദ്യലഹരിയിലായിരുന്നു. ജോണ്‍ ഫെഡ്രോയെന്നാളാണ് കൊല്ലപ്പെട്ടത്. വണ്ടി ഓടിച്ചിരുന്ന അജയ്‌ഘോഷിനെ പൊലീസ് ഉടന്‍തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.

അമിത വേഗത്തിലോടിച്ച കാര്‍ ബിഎസ്എന്‍എല്‍ കേബില്‍ നന്നാക്കികൊണ്ടിരിക്കുകയായിരുന്ന ജോണ്‍ ഫെഡ്രോയുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. ജോണ്‍ റോഡിലെ കുഴിയിലിറങ്ങി ജോലി ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു. കുഴിയിലായതിനാല്‍ ജോണിന് ഒാടി മാറാന്‍ കഴിഞ്ഞിരുന്നില്ല.
കേബിള്‍ അറ്റകുറ്റപണിക്ക് വേണ്ടി പേരൂര്‍ക്കട ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള റോഡ് അടച്ചിരുന്നു. ബാരിക്കേഡും ലൈറ്റും വച്ച് മുന്നറിയിപ്പ് നല്‍കികൊണ്ടാണ് ജീവനക്കാര്‍ ജോലി ആരംഭിച്ചത്. മുന്നറിയിപ്പ് ബോര്‍ഡുകളില്‍ കാര്‍ ഇടിക്കുന്നത് ശബ്ദം കേട്ടാണ് ഇവര്‍ ഓടി മാറിയത്.












Click it and Unblock the Notifications