ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ചോദ്യമുനയില്‍; കസ്റ്റംസ് കടുത്ത നടപടിയിലേക്ക്, നികുതി വെട്ടിപ്പ് കണ്ടെത്തിയാല്‍
കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കാറുകള്‍ ഇന്ത്യയില്‍ എത്തിച്ച സംഭവത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കുരുക്കില്‍. നടനെ അടുത്തിടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് പുതിയ വിവരം. ദുല്‍ഖറിന്റെ പേരിലുള്ള കാറുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ടത്രെ.
നേരത്തെ ദുല്‍ഖറിന്റെ നാല് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി വൈകുമെന്ന് ഉറപ്പായി. തുടര്‍ന്ന് ദുല്‍ഖര്‍ കോടതിയെ സമീപിക്കുകയും രണ്ട് വാഹനങ്ങള്‍ തിരിച്ചുകിട്ടുകയും ചെയ്തു. രണ്ടെണ്ണം ഇപ്പോഴും കസ്റ്റംസിന്റെ കൈവശമാണ്. തിരിച്ചുകിട്ടിയ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. കൈവശം വെക്കാന്‍ മാത്രമാണ് സാധിക്കുക.

എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദുല്‍ഖറിന്റെ കൈവശം കൂടുതല്‍ കാറുകളുണ്ട് എന്ന് കസ്റ്റംസ് കണ്ടെത്തി. നേരത്തെ പിടിച്ചെടുത്തതിന് സമാനമായ രീതിയില്‍ ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കൊണ്ടുവന്നതാണ് എന്നാണ് സംശയിക്കുന്നത്. കൊച്ചിയിലും ചെന്നൈയിലുമാണ് ഇവയുള്ളത് എന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.
കാറുകളുടെയും ആഡംബര വാഹങ്ങളുടെയും വിവരം ദുല്‍ഖര്‍ സല്‍മാന്‍ തന്നെ വെളിപ്പെടുത്തുന്നതാകും നല്ലത് എന്ന മട്ടിലാണ് കസ്റ്റംസ് ഉള്ളത്. ഇനി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയാല്‍ ഇത് താരത്തിന് കൂടുതല്‍ കുരുക്കാകും. എന്നാല്‍ ഏജന്റുമാര്‍ നികുതി വെട്ടിച്ച് കൊണ്ടുവന്നതാണ് എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് ദുല്‍ഖര്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്.
ആദ്യം പിടിച്ചെടുത്ത കാറുകളുടെ കാര്യത്തില്‍ ദുല്‍ഖറിന്റെ മൊഴി സ്വീകരിച്ചാല്‍ തന്നെ, പിന്നെയും സമാനമായ രീതിയില്‍ കാറുകള്‍ വാങ്ങിയതും നികുതി വെട്ടിച്ചാണ് എന്ന് അറിഞ്ഞില്ലേ എന്ന ചോദ്യമാണ് കസ്റ്റംസിനുള്ളത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് ദുല്‍ഖര്‍ സല്‍മാനാണ്. ഒരു കാറുകളുടെയും കാര്യത്തില്‍ നികുതി വെട്ടിപ്പ് സംബന്ധിച്ച് അറിഞ്ഞിരുന്നില്ല എന്ന ദുല്‍ഖറിന്റെ മൊഴി അന്വേഷണ സംഘം പൂര്‍ണമായി മുഖവിലക്കെടുക്കുന്നില്ല.
ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനാണ് ദുല്‍ഖറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പോകുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ മാത്രമല്ല, മറ്റു നിരവധി പേര്‍ സമാനമായ കാര്യത്തില്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. സെലിബ്രിറ്റി ആയതുകൊണ്ട് ദുല്‍ഖറിന്റെ കാര്യങ്ങള്‍ വാര്‍ത്തയാകുന്നു എന്നു മാത്രം. നടന്‍ അമിത് ചക്കാലക്കലിനെ ഇതേ വിഷയത്തില്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ എട്ട് മാസമായി വാഹനങ്ങളുടെ നികുതി വെട്ടിപ്പ് അന്വേഷണത്തിലാണ് കസ്റ്റംസ്. ഭൂട്ടാനില്‍ നിന്ന് വാഹങ്ങള്‍ ഇന്ത്യയിലെത്തിച്ച് ആഡംബര വാഹന പ്രേമികള്‍ക്ക് വില്‍ക്കുന്ന വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നു എന്നാണ് മനസിലാക്കുന്നത്. ഇവരുടെ വലയില്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ വീണിട്ടുണ്ട്. എന്നാല്‍ ചിലര്‍ നികുതി വെട്ടിപ്പ് അറിഞ്ഞിട്ടും ഇടപാട് നടത്തി എന്നും കസ്റ്റംസ് സംശയിക്കുന്നു.














Click it and Unblock the Notifications