ദുല്‍ഖര്‍, പൃഥ്വിരാജ് കുടുങ്ങുമോ? താരങ്ങളുടെ വീടുകളില്‍ റെയ്ഡ്, ഭൂട്ടാന്‍ വാഹനക്കടത്തിന് പിന്നില്‍
കൊച്ചി: നികുതി വെട്ടിച്ച് വാഹനം കടത്തി എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കേരളത്തില്‍ പലയിടത്തും റെയ്ഡ്. അഞ്ച് ജില്ലകളില്‍ 30 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നു എന്നാണ് പ്രാഥമിക വിവരം. സിനിമാ താരങ്ങളായ പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ഓപറേഷന്‍ നുംകൂര്‍ എന്ന പേരിലാണ് കസ്റ്റംസ്-റവന്യൂ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന.
ദുല്‍ഖര്‍ സല്‍മാന്റെ പനമ്പിള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും രാവിലെ ഒമ്പത് മണി മുതല്‍ പരിശോധന നടക്കുന്നുണ്ട്. താരങ്ങള്‍ക്ക് വാഹനക്കടത്തില്‍ നേരിട്ട് ബന്ധമില്ല എന്നാണ് ആദ്യ വിവരം. എന്നാല്‍ ഭൂട്ടാനില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിച്ച വാഹനം പിന്നീട് ഇവരുടെ കൈവശം എത്തുകയായിരുന്നുവത്രെ. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്...

ഭൂട്ടാന്‍ സൈന്യം ഉപയോഗിക്കുന്ന ആഡംബരവും ഗുണമേന്മയുമുള്ള വാഹനങ്ങള്‍ കുറച്ചുകാലത്തിന് ശേഷം വില്‍ക്കും. ഇത്തരം വാഹനങ്ങള്‍ വാങ്ങി ഹിമാചല്‍ പ്രദേശില്‍ എത്തിച്ച് രജിസ്റ്റര്‍ ചെയ്യുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നു എന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നത്. ഇത്തരം സംഘങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തുമുള്ള പ്രമുഖര്‍ക്ക് വാഹനം മറിച്ച് വില്‍ക്കും. ഇത് കണ്ടെത്താനാണ് ഓപറേഷന്‍ നുംകൂര്‍.
കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 30 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംശയകരമായ ഒരു വാഹന ഇടപാട് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷിക്കുന്നുമുണ്ട്. ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നികുതി വെട്ടിപ്പുമായി ബന്ധമുണ്ടാകാന്‍ സാധ്യതയില്ല. എങ്കിലും ആഡംബര വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് കിട്ടുമ്പോള്‍ ലാഭകരമെന്ന് കരുതി വാങ്ങുകയാണ് ഇവര്‍ ചെയ്യുന്നത്.
ഭൂട്ടാന്‍ വാഹന തട്ടിപ്പ് ഇങ്ങനെ
നികുതി വെട്ടിച്ചാണ് ഭൂട്ടാനില്‍ നിന്ന് വാഹനം കൊണ്ടുവരുന്നത്. ഒരുമിച്ച് വാങ്ങുമ്പോള്‍ വിലക്കുറവില്‍ ലഭിക്കുകയും ചെയ്തു. ശേഷമാണ് ഹിമാചല്‍ പ്രദേശില്‍ എത്തിക്കുന്നതും രജിസ്റ്റര്‍ ചെയ്യുന്നതും. ഇവ പ്രമുഖര്‍ക്ക് മറിച്ച് വിറ്റ് ലാഭം കൊയ്യുകയാണ് പിന്നിലുള്ള സംഘം ചെയ്യുന്നത്. താരങ്ങള്‍ക്ക് വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വിലയ്ക്കാണ് നല്‍കുക. എങ്കിലും ഇന്ത്യയിലെ വിലയേക്കാള്‍ കുറവായിരിക്കും.
നിയമവിരുദ്ധമായി എത്തിച്ച വാഹനങ്ങള്‍ നാലിരട്ടി വിലയ്ക്കാണ് സംഘം വില്‍ക്കുകയാണത്രെ. നാല് മാസം മുമ്പാണ് ഇക്കാര്യത്തില്‍ റവന്യൂ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയത്. 150ഓളം വാഹനങ്ങള്‍ ഇത്തരത്തില്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ടത്രെ. നികുതി വെട്ടിച്ചാണ് ഇവ കൊണ്ടുവരുന്നത് എന്ന് താരങ്ങള്‍ ഉള്‍പ്പെടെ വാഹനം വാങ്ങിയവര്‍ക്ക് അറിയുമോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications