'കോൺഗ്രസ്സിന്റെ അധ്യക്ഷ ഇപ്പോഴും സോണിയ തന്നെയല്ലേ?', കെ മുരളീധരന് എതിരെ ഡിവൈഎഫ്ഐ
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് എംപി കെ മുരളീധരനെതിരെ പ്രതിഷേധം ശക്തം. ആര്യ രാജേന്ദ്രനെ കാണാന്‍ ഭംഗിയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭീകരമായ വാക്കുകളാണ് എന്നാണ് മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കെ മുരളീധരന് എതിരെ മേയര്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്.
വിവാദത്തിൽ കെ മുരളീധരന് എതിരെ ഡിവൈഎഫ്ഐയും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും രംഗത്ത് വന്നിട്ടുണ്ട്. മുരളീധരനെ നിലയ്ക്ക് നിർത്താൻ കോൺഗ്രസിൽ ആരുമില്ലേയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ചോദിച്ചു. റഹീമിന്റെ പ്രതികരണം ഇങ്ങനെ: 'ശുദ്ധ അസംബന്ധമാണ് ഇന്നലെ ശ്രീ കെ മുരളീധരൻ വിളമ്പിയത്. നിങ്ങളുടെ മകളാകാൻ മാത്രം പ്രായമുള്ള ആര്യയെ നോക്കി ഇങ്ങനെപറയാൻ തോന്നിയ താങ്കളുടെ മാനസികാവസ്ഥ അപാരം തന്നെ. ഇങ്ങനെ തരം താഴരുത് . കോൺഗ്രസ്സിന്റെ അധ്യക്ഷ ഇപ്പോഴും സോണിയ തന്നെയല്ലേ(ആണെന്നാണ് അവർ അവകാശപ്പെടുന്നത്). സൗന്ദര്യം അളക്കുന്ന മാപിനി ഘടിപ്പിച്ച മനസ്സുമായാണോ സോണിയയും പ്രിയങ്കയും മുതൽ നാട്ടിലുള്ള സകലരേയും ഇദ്ദേഹം കാണുന്നതും മാർക്കിടുന്നതും?
ഇതെന്താ കറുപ്പും കറുപ്പും? ദിലീപിന്റെയും കാവ്യയുടേയും പുതിയ ചിത്രങ്ങൾ വൈറൽ

മുരളീധരന്റെ കാഴ്ചയിൽ, കാണാൻ സൗന്ദര്യമില്ലാത്ത, കറുത്ത ഉടലുള്ള എല്ലാ പെണ്ണിനോടുമുള്ള വെറുപ്പാണ് അദ്ദേഹം പ്രഖ്യാപിച്ചത്. വെളുപ്പും കറുപ്പുമാണ് സൗന്ദര്യത്തിന്റെ, മനുഷ്യ ബന്ധങ്ങളുടെ അടിസ്ഥാന ഘടകം എന്നാണ് കോൺഗ്രസ്സ് നേതാവ് വിളിച്ചു പറഞ്ഞത്. 'കാണാൻ കൊള്ളാത്തവർ' അതായത്, കറുത്ത നിറമുള്ളവർ സാധാരണ തെറി പറയുന്നവർ എന്ന് കൂടിയാണ് മുരളീധരൻ പറഞ്ഞു വയ്ക്കുന്നത്. മലിനമായ ഇത്തരം മനസ്സുമായി നടക്കുന്നവരാണ് ഇന്നത്തെ കോൺഗ്രസ്സ് നേതൃത്വം.
ശ്രീ രാജ്‌മോഹൻ ഉണ്ണിത്താന് നല്ല നമസ്കാരം പറയാൻ തോന്നിപ്പോയി. ഉണ്ണിത്താൻ അന്ന് പറഞ്ഞപ്പോൾ വാക്കുകളിൽ സ്ത്രീവിരുദ്ധത കടന്നു കൂടിയിരുന്നു എന്നത് ശരിയാണ് .ആർക്കെതിരെ അങ്ങനെപറഞ്ഞാലും അതൊന്നും അംഗീകരിക്കാനും ആകില്ല. പക്ഷേ,ശീലിച്ചുപോയ വാക്കും ശൈലിയും ആയിരുന്നെകിലും ശ്രീ ഉണ്ണിത്താൻ, താനറിഞ്ഞ മുരളീധരൻ, അറുവഷളനാണ് എന്ന് പറയുകയായിരുന്നു. ആര്യ കടന്നുവന്നത് സമരങ്ങളിലൂടെയും, സംഘടനാ പ്രവർത്തനങ്ങളിലൂടെയുമാണ്. സ്വന്തമായി ഇപ്പോഴും ഒരു വീടുപോലുമില്ലാത്ത, ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിത വഴികളിലൂടെയാണ് ആര്യയുടെ യാത്ര.
ശ്രീ കെ മുരളീധരനെപ്പോലെ, വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചതല്ല.
കമ്മിറ്റിക്കിടെ അച്ഛൻ മൂത്രമൊഴിക്കാൻ പോയപ്പോൾ നേതാവായി വന്നതുമല്ല.
അതു കൊണ്ട് ഇങ്ങനെ ആക്രമിച്ചാൽ ആര്യ തകർന്നും പോകില്ല. അവൾ തലയുയർത്തിതന്നെ നിൽക്കും. ശ്രീ മുരളീധരനെ നിലയ്ക്ക് നിർത്താൻ പുതിയ 'സെമികേഡർ പാർട്ടി'യിൽ ആരുമില്ലേ??''
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ പ്രതികരണം ഇങ്ങനെ: '' വടകര എം പിയും കോണ്ഗ്രസ് നേതാവുമായ കെ മുരളീധരൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ കുറിച്ച് നടത്തിയിട്ടുള്ള പരാമർശം തികച്ചും സ്ത്രീവിരുദ്ധവും അങ്ങേയറ്റം നീചവുമാണ്. യുവതലമുറയെ ഭരണനേതൃത്വത്തിലേക്ക് എത്തിക്കുക എന്ന ഇടതുപക്ഷ നയത്തിന്റെ ഭാഗമായാണ് 21 വയസ്സുകാരിയായ ആര്യ തലസ്ഥാന നഗരിയുടെ മേയാറാകുന്നത്. അന്ന് മുതൽ തന്നെ പ്രതിപക്ഷ നിരകളിൽ നിന്നും അഭിലഷണീയമല്ലാത്ത പലതരം പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആര്യ രാജേന്ദ്രൻ നയിക്കുന്ന കൗൺസിൽ ഭരണമികവ് തെളിയിച്ചു കഴിഞ്ഞു. എന്നാൽ മേയർ ഒരു സ്ത്രീയായി പോയി എന്ന കാരണത്താൽ കെ. മുരളീധരൻ അവരുടെ ശരീരത്തെ പ്രതിപാദിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളാണ് നടത്തിയിട്ടുള്ളത്. ഒരു സ്ത്രീയെയും അവരുടെ ശാരീരികമായ സവിശേഷതകളെ പരാമർശിച്ചുകൊണ്ടാകരുത് നിലപാടുകളെ അളക്കേണ്ടത്. അത് കൊണ്ട് തന്നെ ഇത്തരത്തിൽ വളരെ നികൃഷ്ടമായി മേയറെ അധിക്ഷേപിച്ച കെ. മുരളീധരൻ ജനപ്രതിനിധിയായി തുടരാൻ അർഹനല്ല. ഈ പ്രസ്താവന പിൻവലിച്ചുകൊണ്ട് നിരുപാധികം മാപ്പ് പറയാൻ അദ്ദേഹം തയ്യാറാകേണ്ടതുണ്ട്. വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ സ്ത്രീയെ അപമാനിക്കരുത് എന്ന നിയമമുള്ള രാജ്യത്ത് ദ്വയാർത്ഥ പ്രയോഗത്തിൽ മേയറെ അപമാനിച്ച കെ. മുരളീധരൻ എംപിക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണം'.












Click it and Unblock the Notifications