പൗരത്വ നിയമത്തിനെതിരെ ലീഗും ഡിവൈഎഫ്‌ഐയും സുപ്രീംകോടതിയില്‍; 'വിജ്ഞാപനം സ്റ്റേ ചെയ്യണം'
തിരുവനന്തപുരം: പൗരത്വ നിയമത്തിന്റെ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് മുസ്ലീം ലീഗും ഡി വൈ എഫ് ഐയും. വിജ്ഞാപനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഇരു സംഘടനകളും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് മുസ്ലീം ലീഗിനായി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി ഉടന്‍ പരിഗണിക്കണം എന്നാവശ്യപ്പെട്ട മുസ്ലീം ലീഗ് രജിസ്ട്രാര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.
പൗരത്വ അപേക്ഷക്ക് മറ്റ് സമുദായങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ മുസ്ലീങ്ങള്‍ക്കും അതിന് സൗകര്യം നല്‍കണം എന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. പൗരത്വം നിര്‍ണയിക്കാന്‍ മതം പരിഗണിക്കുന്നത് ഭരണാഘടനാ വിരുദ്ധമാണ് എന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഡി വൈ എഫ് ഐയും സമാന ആവശ്യം ഉന്നയിച്ചാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലീഗിന്റെ ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. അതേസമയം സംസ്ഥാന സര്‍ക്കാരും നിയമപോരാട്ടത്തിനു നീക്കം നടത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. 2020 ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തില്‍ പഴയ ഹര്‍ജി മെന്‍ഷന്‍ ചെയ്യണോ പുതിയ ഹര്‍ജി സമര്‍പ്പിക്കണോ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
പൗരത്വ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ഇതിനു പിന്നാലെ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പലതവണ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയപ്പോഴും പിണറായി ഇതേ നിലപാടാണ് ആവര്‍ത്തിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ 200 ഓളം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
2019-ല്‍ ആണ് പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസ്സാക്കിയത്. എന്നാല്‍ നാല് വര്‍ഷത്തോളം ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നില്ല. ഇന്നല്ല വിജ്ഞാനം പുറത്തിറക്കിയതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ ഒഴികെയുള്ള ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുക. അതേസമയം സിഎഎ നടപ്പിലാക്കില്ലെന്ന് കേരളവും പശ്ചിമ ബംഗാളും തമിഴ്‌നാടും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications