വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്രയ്ക്ക് വേണ്ടി, ഡിവൈഎഫ്‌ഐയുടെ മാര്‍ച്ച് നിര്‍ത്തിവച്ചു
ആലപ്പുഴ: രാഷ്ട്രീയമായ വാദപ്രതിവാദങ്ങള്‍ മുറയ്ക്ക് നടക്കുമ്പോഴും വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്രയ്ക്ക് വേണ്ടി ഡിവൈഎഫ്‌ഐയുടെ സെക്കുലര്‍ മാര്‍ച്ച് മാറ്റിവച്ചു. സമത്വ മുന്നേറ്റ യാത്ര തിങ്കളാഴ്ച കോട്ടയത്താണ് പര്യടനം നടത്തുന്നത്. എന്നാല്‍ ഞായറാഴ്ച ആലപ്പുഴയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ഡിവൈഎഫ്‌ഐയുടെ സെക്കുലര്‍ മാര്‍ച്ച് തിങ്കളാഴ്ച ആലപ്പുഴയിലേക്ക് കടക്കേണ്ടതായിരുന്നു.
നേരത്തേ നിശ്ചയിച്ചിരിക്കുന്ന സമയക്രമം പാലിക്കുകയാണെങ്കില്‍ സെക്കുലര്‍ മാര്‍ച്ചും സമത്വ മുന്നേറ്റ യാത്രയും ഒരേ സമയം തണ്ണീര്‍മുക്കം-കുമരകം റോഡില്‍ യാത്ര ചെയ്യേണ്ടിവരും. അത് എന്തെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ക്കോ അനിഷ്ട സംഭവങ്ങള്‍ക്കോ ഇടവരുകയും ചെയ്യുമായിരുന്നു. അതിനാല്‍ തന്നെ കോട്ടയത്തേക്കുള്ള യാത്ര ഡിവൈഎഫ്‌ഐ ഉച്ചവരെ മാറ്റിവച്ചു.

പകരം ആലപ്പുഴയില്‍ തന്നെ തുടരാനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം. സമത്വ മുന്നേറ്റ യാത്രയുടെ പര്യടനം കഴിഞ്ഞശേഷമേ സെക്കുലര്‍ മാര്‍ച്ച് കോട്ടയത്തേക്ക് കടക്കുകയുള്ളൂ.
രാജ്യത്ത് നടന്നുവരുന്ന അസഹിഷ്ണുതയ്ക്കും വര്‍ഗീയതയ്ക്കുമെതിരെയാണ് ഡിവൈഎഫ്‌ഐ, സെക്കുലര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. കേരളത്തില്‍ ഉയര്‍ന്നുവരുന്ന ബിജെപി-എസ്എന്‍ഡിപി സഖ്യത്തേയും ഡിവൈഎഫ്‌ഐ, സെക്കുലര്‍ മാര്‍ച്ചില്‍ കണക്കറ്റ് പരിഹസിക്കുന്നുണ്ട്.
ഡിവൈഎഫ്‌ഐയുടെ ആവസരോചിതമായ ഇടപെടല്‍ മൂലം വലിയൊരു സഘര്‍ഷ സാധ്യതയ്ക്കാണ് അയവ് വന്നത്.












Click it and Unblock the Notifications