സാംസ്കാരിക കേരളത്തിന് അങ്ങേയറ്റം അപമാനം; മൻസിയയ്ക്ക് വേദി ഒരുക്കും: ഡിവൈഎഫ്ഐ
തിരുവനന്തപുരം: കൂടൽമാണിക്യം ക്ഷേത്രത്തിലെ പരിപാടിയിൽ നർത്തകിയായ വിപി മൻസിയയെ ഒഴിവാക്കിയതിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. മതത്തിൻ്റെ പേരിൽ വിലക്കേർപ്പെടുത്തുന്ന ഇരുണ്ട കാലത്തേക്ക് മടക്കമില്ലെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. മൻസിയയ്ക്ക് വേദി ഒരുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. അഹിന്ദു ആയതിന്റെ പേരിൽ ക്ഷേത്രത്തില നൃത്ത പരിപാടിയിൽ നിന്നും തന്നെ മാറ്റി നിർത്തിയതായി മൻസിയ തന്നെയാണ് വെളിപ്പെടുത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ കൂടൽമാണിക്യം ക്ഷേത്ര സമിതിയിൽ നിന്ന് പ്രധാന തന്ത്രി രാജി വെച്ചിട്ടുണ്ട്.
'' മതത്തിന്റെ പേരിൽ മൻസിയ എന്ന പ്രതിഭാധനയായ കലാകാരിക്ക് കൂടൽ മാണിക്യക്ഷേത്രത്തിൽ നൃത്തപരിപാടി അവതരിപ്പിക്കാൻ വിലക്കേർപ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങൾ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മന്‍സിയ ശ്യാം എന്ന പേരില്‍ അപേക്ഷ നല്‍കിയപ്പോള്‍ അംഗീകരിക്കുകയും പിന്നീട് അവര്‍ ഹിന്ദുമതത്തില്‍ പെട്ടയാളല്ലെന്ന് മനസിലായപ്പോള്‍ അംഗീകാരം പിന്‍വലിക്കുകയും ചെയ്തു എന്നാണ് ക്ഷേത്ര ഭരണ സമിതി ഈ വിഷയത്തിൽ നല്‍കിയിരിക്കുന്ന വിശദീകരണം.

ഇത് സാംസ്കാരിക കേരളത്തിന് അങ്ങേയറ്റം അപമാനമാണ്. ശാസ്ത്രീയ നൃത്തരൂപങ്ങള്‍ സ്വായത്തമാക്കിയത് കൊണ്ട് മത യഥാസ്ഥിതികരില്‍ നിന്ന് നേരത്തേ കനത്ത എതിര്‍പ്പുകള്‍ നേരിടേണ്ട വന്ന കലാകാരിയാണ് മന്‍സിയ. സാമൂഹ്യ പരിവർത്തനത്തിന് വലിയ ചുവട് വെപ്പ് നടത്തിയ ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ് പരിഷ്കൃത സമൂഹം ചെയ്യേണ്ടത്. അന്ധവിശ്വാസങ്ങളെ അകറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ പൊതു ഇടങ്ങളെ മതേതരമായ കലാ സാംസ്‌കാരിക കൂട്ടായ്മകള്‍ക്കുള്ള വേദിയാക്കി മാറ്റുകയും വേണം. കലയും സംസ്‌കാരവും മാനവികതയുടെ അടിവേരാണ്. മാനവികത സംരക്ഷിക്കാനാവശ്യമായ ഇടപെടലുകള്‍ക്ക് ഡിവൈഎഫ്ഐ നേതൃത്വം നല്‍കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
മൻസിയയുടെ കുറിപ്പ് ഇങ്ങനെ: '' കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള "നൃത്തോൽസവത്തിൽ" ഏപ്രിൽ 21 വൈകീട്ട് 4 to 5 വരെ ചാർട്ട് ചെയ്ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ. നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് convert ആവാൻ.. ഇത് പുതിയ അനുഭവം ഒന്നുമല്ല.
വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു. #മതേതര കേരളം. Nb: ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം..''












Click it and Unblock the Notifications