'വിശക്കുന്നവന് ആഹാരം നൽകുന്നത് മനുഷ്യത്വം,അത് തിരിച്ചറിയാനുള്ള വിവേകം വേണം', മുരളിക്ക് മറുപടി
ഡിവൈഎഫ്ഐ അടക്കമുളള സംഘടനകൾ ആശുപത്രികളിലെ കൂട്ടിരിപ്പുകാർക്കും രോഗികൾക്കും പൊതിച്ചോർ വിതരണം ചെയ്യുന്നത് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊടിയും ബാനറും കെട്ടി പൊതിച്ചോർ വിതരണം നടത്താൻ അനുവദിക്കില്ലെന്നാണ് മന്ത്രി പറഞ്ഞത്.
സർക്കാർ ബദൽ സംവിധാനം ഉറപ്പാക്കുന്നത് വരെ ഭക്ഷണ വിതരണം തുടരുക തന്നെ ചെയ്യുമെന്നാണ് ഡിവൈഎഫ്ഐ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിഷയത്തിൽ സർക്കാരിനും ആരോഗ്യമന്ത്രിക്കും എതിരെ രംഗത്ത് വന്നിട്ടുണ്ട്.
''ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടവർ, നിലവിലുള്ള പരിഹാരങ്ങൾ പോലും ഇല്ലാതാക്കുന്നത് എത്രത്തോളം വിചിത്രമാണ്! സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡി.വൈ.എഫ്.ഐ വർഷങ്ങളായി മുടങ്ങാതെ നടത്തി വരുന്ന പൊതിച്ചോർ വിതരണം നിരോധിക്കുന്നതു കൊണ്ട് എന്ത് നേട്ടമാണ് യു.ഡി.എഫ് സർക്കാരിനും ആരോഗ്യമന്ത്രിക്കുമുളളത്? ഒരു വിധ രാഷ്ട്രീയ പരിഗണനകളും ഇല്ലാതെ ചികിൽസ തേടുന്നവർക്കും കൂട്ടിരിപ്പുകാർക്കും നൽകി വരുന്ന മാതൃകാപരമായ സന്നദ്ധ പ്രവർത്തനമാണ് ഇത്. അതിൽ സങ്കുചിതരാഷ്ട്രീയത്തിൻ്റെ വിഷം കലക്കാൻ മനുഷ്യത്വമില്ലാത്തവർക്ക് മാത്രമേ സാധിക്കുകയുള്ളൂ.

കക്ഷിരാഷ്ട്രീയത്തിനും ജാതിമത ഭിന്നതകൾക്കുമെല്ലാം അതീതമായി സർവ്വരേയും പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ഈ പൊതിച്ചോർ വിതരണം ബദൽ സംവിധാനങ്ങൾ നടപ്പാക്കുന്നതിനു മുൻപാണ് തിരക്കുപിടിച്ച് നിരോധിക്കുന്നത്. എന്തു നേട്ടമാണ് അതുകൊണ്ടു സർക്കാർ ഉദ്ദേശിക്കുന്നത്? ആരോഗ്യമേഖല ഈയടുത്തു കാലത്തൊന്നും നേരിട്ടിട്ടില്ലാത്ത കെടുകാര്യസ്ഥതയിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുമ്പോഴും അവയ്ക്ക് പരിഹാരങ്ങൾ കാണാതെ മനുഷ്യർക്ക് ആഹാരം നിഷേധിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്!
കഴിഞ്ഞ രണ്ടു മാസം കൊണ്ട് പകർച്ചവ്യാധികളിൽ നിന്നു 150 പേരാണ് സംസ്ഥാനത്ത് മരിച്ചത്. വിവിധ ജില്ലകളിൽ നിന്നായി റിപ്പോർട്ട് ചെയ്തത് ഗുരുതരമായ 20 ചികിത്സാപിഴവുകൾ! ഷിഗല്ല വ്യാപനം മാത്രം മുൻകാലത്തേക്കാൾ 10 ഇരട്ടിയിലേറെയായി. ഈ ഘട്ടത്തിലും ഡോക്ടർമാരുടെ നിയമനം അനന്തമായി നീണ്ടു പോവുകയും ആശുപത്രികളിൽ മരുന്നുകളുടെ ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്.
എന്നിട്ടും പൊതിച്ചോർ വിതരണം പോലെ ജനോപകാരപ്രദമായ ഒരു പ്രവർത്തനം ആശുപത്രികളിൽ നിരോധിക്കാനാണ് സർക്കാരിനു തിടുക്കം. ഇവർക്ക് ആരോടാണ്, എന്തിനോടാണ് പ്രതിബദ്ധത? രാഷ്ട്രീയ വൈരമല്ല, ജനങ്ങളുടെ ക്ഷേമമാണ് ഒരു സർക്കാരിനെ നയിക്കണ്ടത്. വിശക്കുന്നവന് ആഹാരം നൽകുക എന്നത് മനുഷ്യത്വമാണ്. അത് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഒരു ജനാധിപത്യ സർക്കാരിന് ഉണ്ടാകേണ്ടതുണ്ട്''.


Click it and Unblock the Notifications