പി ബിജുവിന്റെ പേരില്‍ ഫണ്ട് തട്ടിപ്പെന്ന വാര്‍ത്ത വ്യാജമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം:അന്തരിച്ച നേതാവ് പി ബിജുവിന്റെ പേരിലെ ഫണ്ട് തട്ടിപ്പ് എന്നത് വ്യാജ വാർത്തയെന്ന് ഡിവൈഎഫ്ഐ.ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും നേതൃത്വത്തിന് ലഭിച്ചിട്ടില്ല. പണം സമാഹരിച്ചതിന് വ്യക്തമായ കണക്കുണ്ടെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജു ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റെഡ് കെയര്‍ സെന്‍റര്‍ പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നില്ല. ഡി വൈെ എഫ് ഐ പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ വരുമാനം, വിവിധ ചലഞ്ചുകളില്‍ നിന്നുള്ള വരുമാനവും എന്നിവയില്‍ നിന്നാണ് ധനസമാഹരണം നടത്തുന്നത്. സംഘടനയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ വാർത്ത കൊടുക്കുന്നതിന് മുൻപ് ഞങ്ങളുടെ വിശദീകരണം തേടാൻ മാധ്യമങ്ങൾ തയ്യാറായില്ല. സംഘടനയ്ക്കെതിരെ രണ്ട് കൊടുക്കാം എന്ന ചിന്തയിലാണ് വാർത്ത പടച്ചുവിടുന്നത്. നട്ടാൽ കുരുക്കാത്ത നുണകള്‍ സൃഷ്ടിച്ചെടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഹീന തന്ത്രത്തിന്റെ ഭാഗമാണിത്. അതിൽ യാതൊരു അടിസ്ഥാനവും ഇല്ല, ഷിജു ഖാൻ പറഞ്ഞു.

പി ബിജുവിന്റെ ഓര്‍മയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് റെഡ് കെയര്‍ സെന്ററും ആംബുലന്‍സ് സര്‍വീസും തുടങ്ങാനുള്ള ഫണ്ട് സമാഹരണത്തിൽ തിരുമറി നടന്നുവെന്നായിരുന്നു ആരോപണം ഉയർന്നത്.ഡി വൈ എഫ് ഐ പാളയം ഏരിയാ കമ്മിറ്റിയായിരുന്നു പിരിവിന് നേതൃത്വം നൽകിയത്.പിരിച്ചെടുത്തതില്‍ 11 ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമറിയിരുന്നു. ബാക്കി അഞ്ച് ലക്ഷത്തോളം രൂപ ആംബുലൻസ് വാങ്ങാനായി നീക്കിവെച്ചിരുന്നു. ഈ തുകയാണ് വകമാറ്റി ചെലവഴിച്ചതെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച് സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ നേതൃത്വത്തിന് പരാതി നൽകിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.












Click it and Unblock the Notifications